Vladimir Putin: ഒടുവില്‍ ആ സത്യം മറനീക്കി പുറത്ത്; കസാക്കിസ്ഥാനിലെ വിമാനാപകടത്തിന്റെ ‘റഷ്യന്‍ പങ്ക്’ വെളിപ്പെടുത്തി പുടിന്‍
Azerbaijani plane crash in kazakhstan: യുക്രൈന്‍ ഡ്രോണുകൾ നശിപ്പിക്കാൻ റഷ്യ രണ്ട് മിസൈലുകൾ വിന്യസിച്ചിരുന്നെന്നും, അത് വിമാനത്തിന് ഏതാനും മീറ്റര്‍ അകലെ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പുടിന്‍. ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകാൻ റഷ്യ ആവശ്യമായതെല്ലാം ചെയ്യുമെന്നും പുടിന്
കസാക്കിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം അസര്‍ബൈജാനി ജെറ്റ് തകര്‍ന്നുവീണ സംഭവത്തിലെ റഷ്യയുടെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. റഷ്യ വിക്ഷേപിച്ച മിസൈലുകൾ മൂലമാണ് അപകടമുണ്ടായതെന്ന് പുടിന്‍ സമ്മതിച്ചു. സംഭവദിവസം രാവിലെ യുക്രൈന്‍ ഡ്രോണുകൾ നശിപ്പിക്കാൻ റഷ്യ രണ്ട് മിസൈലുകൾ വിന്യസിച്ചിരുന്നെന്നും, അത് വിമാനത്തിന് ഏതാനും മീറ്റര്‍ അകലെ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പുടിന്‍ പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു.
താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടക്കുന്ന രണ്ടാം റഷ്യ-മധ്യേഷ്യ ഉച്ചകോടിക്കിടെ അസർബൈജാനി പ്രസിഡന്റ് ഇൽഹാം അലിയേവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിന്‍ വിമാനാപകടത്തിലെ റഷ്യന്‍ ‘റോള്‍’ സമ്മതിച്ചത്. അന്ന് സംഭവിച്ചത് ഒരു ദുരന്തമായിരുന്നെന്നും പുടിന്‍ പറഞ്ഞു.
2024 ഡിസംബർ 25ന് കസാക്കിസ്ഥാനിൽ അസർബൈജാൻ എയർലൈൻസ് തകര്‍ന്നുണ്ടായ അപകടത്തില്‍ 38 പേരാണ് മരിച്ചത്. അന്ന് തൊടുത്ത രണ്ട് മിസൈലുകളും വിമാനത്തില്‍ നേരിട്ട് പതിച്ചിട്ടില്ലെന്നും, അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സ്‌പോട്ടില്‍ തന്നെ എയര്‍ലൈന്‍ തകര്‍ന്നുവീഴുമായിരുന്നുവെന്നും പുടിന്‍ പറഞ്ഞു. മിസൈലുകളുടെ വാർഹെഡുകൾ കൊണ്ടല്ല, അവശിഷ്ടങ്ങൾ കൊണ്ടായിരിക്കാം വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതെന്നും പുടിന്‍ അഭിപ്രായപ്പെട്ടു.




റഷ്യൻ നഗരമായ മഖച്കലയിൽ ലാൻഡ് ചെയ്യാൻ റഷ്യൻ എയർ ട്രാഫിക് കൺട്രോളർമാർ പൈലറ്റിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കസാക്കിസ്ഥാനില്‍ ലാന്‍ഡ് ചെയ്യാനാണ് പൈലറ്റ് ശ്രമിച്ചതെന്നും, ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകാൻ റഷ്യ ആവശ്യമായതെല്ലാം ചെയ്യുമെന്നും പുടിന്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന്റെ യഥാർത്ഥ കാരണം മറച്ചുവെക്കാൻ റഷ്യ ശ്രമിച്ചുവെന്ന് ഇൽഹാം അലിയേവ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ വിമാനാപകടത്തില്‍ തങ്ങളുടെ പങ്ക് എന്താണെന്ന് റഷ്യ നേരത്തെ പുറത്തുവിട്ടിരുന്നില്ല. പക്ഷിയിടിച്ചതിനെത്തുടർന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നുവെന്നാണ് റഷ്യയുടെ വ്യോമഗതാഗത ഏജന്‍സിയുടെ പ്രാരംഭ പ്രസ്താവന. ഇപ്പോള്‍, ദുരന്തത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയതിന് അലിയേവ് പുടിന് നന്ദി അറിയിച്ചു.
62 യാത്രക്കാരും രണ്ട് പൈലറ്റുമാരും മൂന്ന് ക്യാബിൻ ക്രൂവും ഉൾപ്പെടെ 67 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് അറ്റൻഡന്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അപകടം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം (ഡിസംബര്‍ 28) പുടിന്‍ അലിയേവുമായി ഫോണില്‍ സംസാരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അപകടത്തിന് പിന്നില്‍ റഷ്യന്‍ മിസൈലുകളാണെന്ന് സമ്മതിച്ചിരുന്നില്ല.