Russia-Ukraine Conflict: റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമം; യുഎസുമായി ചര്‍ച്ചകളിലെന്ന് വെളിപ്പെടുത്തല്‍
Russia, US actively discussing Ukraine settlement: യുക്രൈനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് റഷ്യ. വ്‌ളാഡിമിർ പുടിനും ഡൊണാൾഡ് ട്രംപും തമ്മില്‍ നടന്ന അലാസ്‌ക ഉച്ചകോടിയുടെ വിശദാംശങ്ങള്‍ യുക്രൈനെ അറിയിച്ചിരുന്നതായും റഷ്യ
മോസ്‌കോ: യുക്രൈനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് റഷ്യന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാകോവാണ് ഇക്കാര്യം പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മില്‍ നടന്ന അലാസ്‌ക ഉച്ചകോടിയുടെ വിശദാംശങ്ങള്‍ യുക്രൈനെ അറിയിച്ചിരുന്നതായും, ഇക്കാര്യത്തില്‍ യുഎസും റഷ്യയും ഇപ്പോഴും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും യൂറി ഉഷാക്കോവ് പറഞ്ഞു.
ഓഗസ്റ്റ് 15 ന് പുടിനും ട്രംപും തമ്മിൽ നടന്ന അലാസ്ക ഉച്ചകോടിയിൽ ഉണ്ടായ ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുന്നത്. യുക്രൈന്‍ പ്രതിസന്ധിക്ക് റഷ്യ സമാധാനപരമായ പരിഹാരം തേടുന്നതായും യൂറി ഉഷാക്കോവ് പറഞ്ഞതായി ടാസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ അലാസ്‌കയില്‍ ട്രംപും പുടിനും ചര്‍ച്ചകള്‍ നടത്തിയെങ്കിലും റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള കരാറുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ചില വിഷയങ്ങളില്‍ ധാരണയുണ്ടാക്കാന്‍ സാധിച്ചത് മാത്രമാണ് ഉച്ചകോടിയിലെ പുരോഗതി.
അലാസ്‌കയിലെ ധാരണകളെ അടിസ്ഥാനമാക്കി യുക്രൈന്‍ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ സജീവമായി ചര്‍ച്ച നടത്തുകയാണ്. സമാധാനപരമായ ഒത്തുതീര്‍പ്പ് കൈവരിക്കുന്നതിനുള്ള നല്ല മാര്‍ഗം ചര്‍ച്ചകളാണെന്നും ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് വ്യക്തമാക്കി.
അലാസ്‌കയിലെ ധാരണകളെക്കുറിച്ച് യുക്രൈനെ അറിയിച്ചിരുന്നു. അവര്‍ക്ക് അതേക്കുറിച്ച് നന്നായി അറിയാം. അവര്‍ക്ക് അത് ഇഷ്ടമല്ല. പല യൂറോപ്യന്മാര്‍ക്കും അത് ഇഷ്ടമല്ല. സമാധാനപരമായ ഒത്തുതീർപ്പ് ആഗ്രഹിക്കാത്തവരും സംഘര്‍ഷം തുടരാന്‍ ആഗ്രഹിക്കുന്നവരും അലാസ്‌ക ഉച്ചകോടിയെ അനുകൂലിക്കുന്നില്ലെന്നും യൂറി ഉഷാക്കോവ് പറഞ്ഞു.
അലാസ്‌കയിലെ ധാരണകള്‍ അസാധുവാണെന്ന് യുഎസ് പ്രഖ്യാപിച്ചിട്ടില്ല. സ്വഭാവികമായും ചില അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അത് സാധാരണമാണ്. നമുക്ക് ഇഷ്ടപ്പെടുന്നതും, ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളുണ്ടാകും. എന്നാല്‍ അലാസ്‌കയിലെ ധാരണകളാണ് എല്ലാത്തിന്റെ അടിസ്ഥാനമെന്നും യൂറി ഉഷാക്കോവ് അഭിപ്രായപ്പെട്ടു.