Bangladesh Man Lynched: വീണ്ടും ആൾക്കൂട്ട കൊല; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും മർദ്ദിച്ച് കൊലപ്പെടുത്തി
Amrit Mandal Death In Bangladesh: കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ നാടുവിട്ട സാമ്രാട്ട് അടുത്തിടെയാണ് ഗ്രാമമായ ഹൊസെൻഡംഗയിലേക്ക് മടങ്ങിയെത്തിയത്. രാത്രി 11 മണിയോടെയാണ് 29 കാരനായ അമൃത് മൊണ്ടൽ എന്ന സാമ്രാട്ട് കൊല്ലപ്പെട്ടതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നത്.

Amrit Mandal
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ദിപു ചന്ദ്ര ദാസെന്ന യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് മറ്റൊരു ഹിന്ദു യുവാവിനെക്കൂടി ആൾക്കൂട്ടം സമാന രീതിയിൽ കൊലപ്പെടുത്തിയിരിക്കുന്നത്. ധാക്കയിൽ നിന്ന് ഏകദേശം 200 കിമീ അകലെയുള്ള രാജ്ബാരിയിലെ പങ്ഷ എന്ന മേഖലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാത്രി 11 മണിയോടെയാണ് 29 കാരനായ അമൃത് മൊണ്ടൽ എന്ന സാമ്രാട്ട് കൊല്ലപ്പെട്ടതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നത്.
‘സാമ്രാട്ട് ബഹിനി’ എന്ന ക്രിമിനൽ സംഘത്തിന്റെ നേതാവായിരുന്നു അമൃത് മൊണ്ടൽ എന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊള്ളയടിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെട്ടിരുന്നതായാണ് വിവരം. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ നാടുവിട്ട സാമ്രാട്ട് അടുത്തിടെയാണ് ഗ്രാമമായ ഹൊസെൻഡംഗയിലേക്ക് മടങ്ങിയെത്തിയത്.
ALSO READ: നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം, ഏഴ് മരണം; മൂന്ന് വർഷത്തെ സമാധാനം തകർത്ത് വീണ്ടും ഭീകരാക്രമണം
ബുധനാഴ്ച രാത്രി ഏകദേശം 11 മണിയോടെ, അമൃതും കൂട്ടാളികളും ചേർന്ന് പ്രദേശവാസിയായ ഷാഹിദുൽ ഇസ്ലാമിന്റെ വീട്ടിലേക്ക് പണം തട്ടിയെടുക്കാൻ എത്തിയതായാണ് ആരോപണം. തുടർന്ന് ഗ്രാമവാസികൾ സാമ്രാട്ടിനെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. എന്നാൽ സംഭവം വഷളായതോടെ സംഘത്തിലെ മറ്റുള്ളവർ ഓടിരക്ഷപ്പെടുകയായിരുന്നു.
ആൾക്കൂട്ടത്തിൽ നിന്ന് അമൃതിനെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമൃതിനെതിരെ കൊലപാതകം ഉൾപ്പെടെ രണ്ട് കേസുകളാണ് പങ്‌ഷ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അമൃതിൻ്റെ കൂട്ടാളികളിൽ ഒരാളായ മുഹമ്മദ് സെലിമിനെ ഒരു പിസ്റ്റളും തോക്കുമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിനെത്തുടർന്ന് ബംഗ്ലാദേശ് പ്രക്ഷുബ്ധമായിരിക്കെയാണ് മറ്റൊരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.