Sheikh Hasina: അക്രമകാരികളെ വെടിവെച്ച് കൊല്ലുക; ബംഗ്ലാദേശില്‍ കനത്ത സുരക്ഷ, ഹസീനയുടെ വിധി ഇന്ന്
Sheikh Hasina Verdict Today: കഴിഞ്ഞ വര്‍ഷം നടന്ന പ്രതിഷേധങ്ങളില്‍ ഇരകളായവര്‍ക്ക് ഈ സ്വത്തുക്കള്‍ വീതം വെച്ച് നല്‍കണമെന്നും തങ്ങള്‍ കോടതിയെ അറിയിച്ചതായും ഐസിടി-ബിഡി പ്രോസിക്യൂട്ടര്‍ ഗാസി എംഎച്ച് തമീം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷെയ്ഖ് ഹസീന
ധാക്ക: ഷെയ്ഖ് ഹസീനയ്‌ക്കെതിരായ കേസില്‍ ബംഗ്ലാദേശിലെ പ്രത്യേക ട്രിബ്യൂണല്‍ ഇന്ന് വിധി പറയും. വിധി വരാനിരിക്കെ, അക്രമാസക്തരായ ആളുകള്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ പോലീസ് ഉത്തരവിട്ടു. രാജ്യ തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. പ്രോസിക്യൂഷന്‍ ഹസീനയ്ക്ക് വധശിക്ഷ നല്‍കണമെന്ന് കോടതിയെ അറിയിച്ചു. അവരുടെ അസാന്നിധ്യത്തിലായിരിക്കും വിധി പ്രസ്താവം.
ഹസീനയ്ക്ക് സാധ്യമായ ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കുറ്റവാളികളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണം. കഴിഞ്ഞ വര്‍ഷം നടന്ന പ്രതിഷേധങ്ങളില്‍ ഇരകളായവര്‍ക്ക് ഈ സ്വത്തുക്കള്‍ വീതം വെച്ച് നല്‍കണമെന്നും തങ്ങള്‍ കോടതിയെ അറിയിച്ചതായും ഐസിടി-ബിഡി പ്രോസിക്യൂട്ടര്‍ ഗാസി എംഎച്ച് തമീം മാധ്യമങ്ങളോട് പ്രതികരിച്ചു.
വിധി പുറപ്പെടുവിച്ചതിന് ശേഷം 30 ദിവസത്തിനുള്ളില്‍ പ്രതി കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെങ്കില്‍, സുപ്രീം കോടതിയുടെ ടോപ്പ് അപ്പലേറ്റ് ഡിവിഷനില്‍ വിധിയെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് ഐസിടി-ബിഡി നിയമം ഷെയ്ഖ് ഹസീനയെ വിലക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിധിയെ തുടര്‍ന്ന് രാജ്യത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറാന്‍ സാധ്യതയുള്ളതിനാല്‍ ധാക്ക ഉള്‍പ്പെടെ നാല് ജില്ലകളില്‍, ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സേന ഉദ്യോഗസ്ഥരെ വിന്യസിച്ചു. സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ വെടിവെക്കാന്‍ ധാക്ക പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലം ചൗധരിയെ ഉദ്ധരിച്ച് ബംഗ്ലാദേശ് സാങ്ബാദ് സാങ്സ്ഥ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: Sheikh Hasina: ആ കുറ്റങ്ങളൊന്നും താന്‍ ചെയ്തിട്ടില്ല, ആരോപണങ്ങള്‍ നിഷേധിച്ച് ഷെയ്ഖ് ഹസീന
അതേസമയം, നിലവില്‍ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയുള്ളത്. എന്നാല്‍ ഹസീന എവിടെയായാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം അറിയിച്ചു. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇന്ത്യന്‍ ഭരണകൂടം ഇതുവരേക്കും തയാറായിട്ടില്ല.