Pakistan-Bangladesh: പരസ്പരം അടുക്കുന്ന ബംഗ്ലാദേശും പാകിസ്ഥാനും; നേരിട്ടുള്ള വ്യാപാരവും ആരംഭിച്ചു; ഇന്ത്യ കരുതണോ?
Pakistan, Bangladesh Direct Trade: പാകിസ്ഥാനിൽ നിന്ന് 50,000 ടൺ അരി ഇറക്കുമതി ചെയ്യാനാണ് ബംഗ്ലാദേശിന്റെ നീക്കം. കയറ്റുമതി രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കും. മാര്‍ച്ച് ആദ്യം 25000 ടണ്‍ കയറ്റുമതി ചെയ്യും. ഷെയ്ഖ് ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് രാജ്യം വിട്ടതോടെ ഇരുരാജ്യങ്ങളും വിവിധ മേഖലകളില്‍ കൂടുതല്‍ അടുക്കുന്നു

1971ലെ വിഭജനത്തിന് ശേഷം ഇതാദ്യമായി പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യാപാരം ആരംഭിച്ചു. ആദ്യത്തെ ചരക്ക് പോർട്ട് ഖാസിമിൽ നിന്ന് പുറപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് പാകിസ്ഥാൻ (ടിസിപി) വഴി 50,000 ടൺ പാകിസ്ഥാൻ അരി വാങ്ങാന്‍ ബംഗ്ലാദേശ് സമ്മതിച്ചതോടെ ഫെബ്രുവരി ആദ്യമാണ് കരാര്‍ അന്തിമമായത്. 1971ലാണ് അന്ന് കിഴക്കന്‍ പാകിസ്ഥാനായിരുന്ന ബംഗ്ലാദേശ് പാകിസ്ഥാനില്‍ നിന്ന് വിഭജിക്കപ്പെട്ട് സ്വതന്ത്ര രാഷ്ട്രമായത്. 1971 ന് ശേഷം ഔദ്യോഗിക വ്യാപാര ബന്ധം ഇതാദ്യമായാണ് പുനഃരാരംഭിക്കുന്നത്.
കരാർ പ്രകാരം, പാകിസ്ഥാനിൽ നിന്ന് 50,000 ടൺ അരി ഇറക്കുമതി ചെയ്യാനാണ് ബംഗ്ലാദേശിന്റെ നീക്കം. കയറ്റുമതി രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കും. മാര്‍ച്ച് ആദ്യം അവശേഷിക്കുന്ന 25000 ടണ്‍ കയറ്റുമതി ചെയ്യും. ഷെയ്ഖ് ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് രാജ്യം വിട്ടതോടെ ഇരുരാജ്യങ്ങളും വിവിധ മേഖലകളില്‍ കൂടുതല്‍ അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആദ്യമായി തങ്ങൾ പാകിസ്ഥാനിൽ നിന്ന് 50,000 ടൺ അരി ഇറക്കുമതി ചെയ്യുകയാണെന്നും, ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മിലുള്ള ആദ്യ കരാറാണിതെന്നും ബംഗ്ലാദേശ് ഭക്ഷ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ സിയാവുദ്ദീൻ അഹമ്മദ് പറഞ്ഞു.




Read Also : ISI: ബംഗ്ലാദേശില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഐഎസ്‌ഐ; ഇന്ത്യയ്ക്ക് വെല്ലുവിളി?
ഇന്ത്യ കരുതണോ?
ബംഗ്ലാദേശില്‍ സാന്നിധ്യം ശക്തമാക്കാന്‍ പാകിസ്ഥാന്റെ ഐഎസ്‌ഐ ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ സുരക്ഷാ താല്‍പര്യങ്ങള്‍ക്ക് വെല്ലുവിളിയാണ് പാകിസ്ഥാന്റെ ഈ നീക്കം. കഴിഞ്ഞ മാസം ഐഎസ്‌ഐ ഉന്നത ഉദ്യോഗസ്ഥർ ധാക്കയിലെത്തി ബംഗ്ലാദേശ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബംഗ്ലാദേശ് സൈന്യത്തിലെ ആറംഗ സംഘം പാകിസ്ഥാനില്‍ എത്തിയതിന് പിന്നാലെയായിരുന്നു ഇത്. 2009 ന് ശേഷം ഐഎസ്ഐയുടെ ബംഗ്ലാദേശിലേക്കുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളാകുമ്പോഴാണ് പാകിസ്ഥാനുമായി ബംഗ്ലാദേശ് കൂടുതല്‍ അടുക്കുന്നത്. ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സെപ്തംബറിലും ഡിസംബറിലും കൂടിക്കാഴ്ച നടത്തിയിരുന്നു.