Visa on Arrival: ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഓൺ അറൈവൽ വിസ ആറ് രാജ്യങ്ങളിൽ കൂടി
UAE Visa on Arrival Program: 2025 ഫെബ്രുവരി 13 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാർക്കാണ് യുഎഇയിൽ നിന്നുള്ള ഓൺ അറൈവൽ വിസ സൗകര്യം ലഭിക്കുന്നത്. ഇതോടെ മുൻകൂർ വിസയില്ലാതെ ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് പറക്കാം.
അബുദാബി: ഇന്ത്യൻ പ്രവാസികൾക്ക് കൂടുതൽ സന്തോഷകരമായ വാർത്തയുമായി യുഎഇ ഭരണകൂടം. കൂടുതൽ ഇന്ത്യൻ പ്രവാസികൾക്ക് ഓൺ അറൈവൽ വിസ സൗകര്യം യുഎഇ അനുവദിച്ചു. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളെ കൂട് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉൾപ്പെടുത്തിയ രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെർമിറ്റ്, അല്ലെങ്കിൽ ഗ്രീൻ കാർഡ് ഇവ പക്കലുള്ള ഇന്ത്യക്കാർക്ക് യുഎഇയിൽ ഇനി ഓൺ അറൈവൽ വിസ ലഭിക്കുന്നതാണ്.
2025 ഫെബ്രുവരി 13 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാർക്കാണ് യുഎഇയിൽ നിന്നുള്ള ഓൺ അറൈവൽ വിസ സൗകര്യം ലഭിക്കുന്നത്. ഇതോടെ മുൻകൂർ വിസയില്ലാതെ ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് പറക്കാം. മുമ്പ്, യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള സാധുവായ രേഖകൾ കൈവശമുള്ള പൗരന്മാർക്ക് മാത്രമായിരുന്നു ബാധകം.
ഓൺ അറൈവൽ വിസയ്ക്കുള്ള യോഗ്യത നേടുന്നതിനായി, യാത്രക്കാർ കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള ഒരു പാസ്‌പോർട്ട് ഹാജരാക്കണം. കൂടാതെ യുഎഇ ചട്ടങ്ങൾ അനുസരിച്ച് ബാധകമായ വിസ ഫീസ് അടയ്ക്കുകയും വേണം. 14 ദിവസത്തെ താമസത്തിനുള്ള പ്രവേശന വിസ ഫീസ് 100 ദിർഹമാണ്. എന്നാൽ 250 ദിർഹം കൂടുതൽ കൊടുത്താൽ ഇത് 14 ദിവസത്തേക്ക് കൂടി നീട്ടാൻ സാധിക്കും. കൂടാതെ, 250 ദിർഹം കൂടി നൽകിയാൽ 60 ദിവസത്തെ വിസ ലഭിക്കുന്നതാണ്.
ഇന്ത്യൻ പൗരന്മാർക്ക് സുഗമമായ യാത്ര സാധ്യമാക്കുക, അവരുടെ കുടുംബങ്ങൾക്ക് യുഎഇയിലെ ജീവിതം, താമസം, തൊഴിൽ സാധ്യതകൾ എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനുള്ള പുതിയ അവസരങ്ങൾ നൽകുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, രാജ്യത്തിന്റെ ലോകോത്തര ടൂറിസം, സാമ്പത്തിക വളർച്ച, ബിസിനസ്സ് വിപുലീകരണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതും മറ്റൊരു ലക്ഷ്യമാണ്. അതോടൊപ്പം ആഗോള പ്രതിഭകളെയും സംരംഭകരെയും രാജ്യത്തേക്ക് ആകർഷിക്കുകയും ചെയ്യുന്നതിനായാണ് ഇത്തരമൊരു നീക്കം.