Etihad Rail: സൗജന്യ വൈഫൈ അടക്കം വിവിധ സൗകര്യങ്ങൾ; എത്തിഹാദ് റെയിൽ 2026 മുതൽ ഓടിത്തുടങ്ങും
Etihad Rail Will Start Operations In 2026: 11 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് 2026 മുതൽ ഓടിത്തുടങ്ങും. 1200 കിലോമീറ്ററാണ് റെയിൽവേ പ്രൊജക്ടിൻ്റെ നീളം.
യുഐയുടെ നാഷണൽ റെയിൽവേ പ്രൊജക്ടായ എത്തിഹാദ് പാസഞ്ചർ ട്രെയിൻ 2026 മുതൽ ഓടിത്തുടങ്ങും. സൗജന്യ വൈഫൈ അടക്കം വിവിധ സൗകര്യങ്ങളാണ് ഈ ട്രെയിൻ സർവീസിൽ ഉണ്ടാവുക. അൽ ദന്ന കൊട്ടാരത്തിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ വച്ചാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്പോർട്ടേഷൻ പ്രൊജക്ടാണ് ഇത്. 2026ൽ ഇത് പ്രാവർത്തികമാകുമെങ്കിലും കൃത്യമായ തീയതി വ്യക്തമല്ല. 2030ഓടെ വർഷത്തിൽ 36.5 മില്ല്യൺ ആളുകൾ എത്തിഹാദ് റെയിലിൽ യാത്ര ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 11 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് 1200 കിലോമീറ്റർ ദൂരമാവും ഈ എത്തിഹാദ് റെയിൽ. യാത്രാസമയം കുറച്ച് യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ശ്രമമെന്ന് അധികൃതർ അറിയിച്ചു. അബുദാബി, ദുബായ്, ഷാർജ, റാസ് അൽഖൈമ, ഫുജൈറ, അൽ ഐൻ, റുവൈസ്, അൽ മിർഫ, അൽ ധൈദ്, ഘുവെയ്ഫത്, സോഹാർ എന്നീ നഗരങ്ങളെയാണ് പ്രൊജക്ട് ബന്ധിപ്പിക്കുക.
അൽ സില മുതൽ ഫുജൈറ വരെ വിവിധ സ്റ്റേഷനുകളും എത്തിഹാദ് റെയിലിൽ ഉണ്ടാവും. ഫുജൈറയിലെ സകംകം, ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റി എന്നീ സ്റ്റേഷനുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷൻ അബുദാബി മുഹമ്മദ് ബി സായെദ് സിറ്റി, ഫീനിക്സ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലും സ്റ്റേഷനുകളുണ്ടാവും.