UAE new salary law: യു.എ.ഇയിൽ പുതിയ ശമ്പള സുരക്ഷാ നിയമം ജൂൺ 1 മുതൽ, ഇനി മുതൽ ശമ്പളം എന്നു കിട്ടും?
UAE’s new salary payment rule starts Monday: ശമ്പളം നൽകാൻ അഞ്ച് ദിവസം വൈകിയാൽ കമ്പനികൾക്ക് പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ഭരണപരമായ സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തും. 50-ഓ അതിൽ അധികമോ ജീവനക്കാരുള്ള കമ്പനികൾ ശമ്പളം നൽകുന്നത് ദീർഘകാലം വൈകിപ്പിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കും.

Uae Salary Rule
ദുബായ്: യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് കടുത്ത നിബന്ധനകളുമായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. പുതിയ വേതന സംരക്ഷണ നിയമപ്രകാരം ജൂൺ 1 തിങ്കളാഴ്ച മുതൽ സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും ഒന്നാം തീയതി തന്നെ ഔദ്യോഗികമായി നൽകിയിരിക്കണം. ശമ്പളം വൈകിക്കുന്നത് തടയുന്നതിനും സ്വകാര്യ കമ്പനികൾ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് മന്ത്രാലയം ഈ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
പുതുക്കിയ നിയമങ്ങൾ അനുസരിച്ച്, തൊഴിലുടമകൾ മുൻ മാസത്തെ ശമ്പളം മന്ത്രാലയം അംഗീകരിച്ചിട്ടുള്ള വേതന സംരക്ഷണ സംവിധാനം (WPS) വഴിയോ മറ്റ് ഔദ്യോഗിക പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ വഴിയോ കൃത്യസമയത്ത് കൈമാറേണ്ടതുണ്ട്. നിശ്ചിത തീയതി കഴിഞ്ഞുള്ള ഏത് പേയ്‌മെന്റും ശമ്പളം വൈകിക്കലായി കണക്കാക്കും. ഇതനുസരിച്ച് ജീവനക്കാരുടെ 2026 മേയ് മാസത്തെ ശമ്പളം ജൂൺ ഒന്നാം തീയതി തന്നെ വിതരണം ചെയ്യേണ്ടതുണ്ട്.
നടപടികൾ കർശനം; രണ്ട് ദിവസത്തിനുള്ളിൽ നിരീക്ഷണം
ശമ്പളം കൃത്യമായി നൽകാത്ത തൊഴിലുടമകൾക്കെതിരെ വേഗത്തിൽ നിയമനടപടികൾ സ്വീകരിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായുള്ള പരിശോധനാ രീതിയിലൂടെ, ശമ്പളം നൽകേണ്ട തീയതി കഴിഞ്ഞ് രണ്ടാം ദിവസം മുതൽ തന്നെ മന്ത്രാലയം ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി നിരീക്ഷണം ആരംഭിക്കും.
ശമ്പളം നൽകാൻ അഞ്ച് ദിവസം വൈകിയാൽ കമ്പനികൾക്ക് പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ഭരണപരമായ സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തും. 50-ഓ അതിൽ അധികമോ ജീവനക്കാരുള്ള കമ്പനികൾ ശമ്പളം നൽകുന്നത് ദീർഘകാലം വൈകിപ്പിച്ചാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കും.
സുതാര്യത ഉറപ്പാക്കാൻ പുതിയ മാനദണ്ഡങ്ങൾ
കമ്പനികൾ ശമ്പള നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ഒരു കമ്പനി തങ്ങളുടെ മൊത്തം വേതനത്തിന്റെ കുറഞ്ഞത് 85 ശതമാനമെങ്കിലും കൃത്യസമയത്ത് നൽകിയിട്ടുണ്ടെങ്കിൽ, ബാക്കി തുക നിയമപരമായ രേഖകളുടെ അടിസ്ഥാനത്തിൽ കുറച്ചതാണെങ്കിൽ ആ കമ്പനിയെ നിയമം പാലിക്കുന്നതായി കണക്കാക്കും.
ഡബ്ല്യു.പി.എസ് (WPS) സംവിധാനത്തെ കൂടുതൽ ശക്തമാക്കിക്കൊണ്ട് കൊണ്ടുവന്ന ഈ പുതിയ ഉത്തരവ് തൊഴിൽ വിപണിയിൽ കൂടുതൽ സുസ്ഥിരതയും തൊഴിലുടമകളുടെ ബാധ്യതകളിൽ കൂടുതൽ സുതാര്യതയും ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ മാറ്റം വരുന്നതോടെ ശമ്പളം വൈകുന്ന സാഹചര്യങ്ങളിൽ മന്ത്രാലയത്തിന് അതിവേഗം ഇടപെടാൻ സാധിക്കുമെന്നത് ജീവനക്കാർക്ക് വലിയ ആശ്വാസമാകും.
English Summary
Under the newly tightened Wage Protection System rules introduced by the UAE Ministry of Human Resources and Emiratisation, private sector salaries will officially become due on the first day of every month starting June 1. This phased enforcement framework allows authorities to electronically track delays starting the second day, with non-compliant companies facing administrative penalties, such as work permit freezes, by the fifth day of delay.