Ukrainian Drones Strike: റഷ്യയിൽ യുക്രെയ്ൻ്റെ വൻ ഡ്രോൺ ആക്രമണം; 40 വിമാനങ്ങൾ ആക്രമിച്ചെന്ന് റിപ്പോർട്ട്
Ukraine Drones Strike on Russian Air Base: കിഴക്കൻ സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രെയ്ൻ ആക്രമിച്ചതായാണ് വിവരം. യുക്രെയ്ൻ ആക്രമണം ഇർകുട്സ്ക് ഗവർണറും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് യുക്രെയ്ൻ സൈബീരിയയിൽ ആക്രമണം നടത്തുന്നത്.

പ്രതീകാത്മക ചിത്രം
മോസ്കോ: റഷ്യയിൽ വ്യോമതാവളങ്ങൾ ലക്ഷ്യമാക്കി യുക്രെയ്ൻ്റെ വൻ ഡ്രോണാക്രമണം. റഷ്യയ്ക്കു നേരെ യുക്രെയ്ൻ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ ആക്രമണമാണങ്ങളിൽ ഒന്നാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ നാൽപതോളം റഷ്യൻ വിമാനങ്ങൾ ആക്രമിച്ചതായി യുക്രെയ്ൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. യുക്രെയ്നിൽ നിന്ന് 4,000 കിലോമീറ്ററിലധികം അകലെയാണ് ആക്രമണം നടന്നതെന്ന് ദ് കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
കിഴക്കൻ സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രെയ്ൻ ആക്രമിച്ചതായാണ് വിവരം. യുക്രെയ്ൻ ആക്രമണം ഇർകുട്സ്ക് ഗവർണറും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് യുക്രെയ്ൻ സൈബീരിയയിൽ ആക്രമണം നടത്തുന്നത്. യുക്രെയ്ന്റെ റിമോട്ട് പൈലറ്റഡ് വിമാനം സ്രിഡ്നി ഗ്രാമത്തിലെ ഒരു സൈനിക യൂണിറ്റിനെ ആക്രമിച്ചതായി ഗവർണർ അറിയിച്ചു.
ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇനിയും യുക്രെയ്ൻ്റെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടായാൽ അത് നേരിടാൻ റഷ്യൻ സൈന്യം സജ്ജമായതായാണ് റിപ്പോർട്ടുകൾ. റഷ്യ ഡ്രോൺ വിക്ഷേപണത്തിന്റെ ഉറവിടം തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഒരു വർഷത്തേക്ക് ആക്രമണം നടത്താൻ ഉക്രെയ്ൻ പദ്ധതിയിട്ടിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
അതേസമയം റഷ്യയെ ആക്രമിക്കുന്നതിനായി ഏതു തരം ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന വിവരം യുക്രെയ്ൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വ്യോമതാവളങ്ങൾക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാനുകളിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്നും അനൗദ്യോഗിക വിവരങ്ങളുണ്ട്. ഇസ്താംബൂളിൽ തിങ്കളാഴ്ച പുതിയ ചർച്ചകൾ റഷ്യ നടത്താനിരിക്കെയാണ് ആക്രമണം. റഷ്യയുമായുള്ള ചർച്ചകൾക്കായി തന്റെ മന്ത്രി റുസ്റ്റെം ഉമെറോവിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം തിങ്കളാഴ്ച ഇസ്താംബൂളിൽ എത്തുമെന്നും യുക്രെനീയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അറിയിച്ചിരുന്നു.