Cheating Case: ലോട്ടറിയടിച്ച 30 കോടിയോളം രൂപ കൊടുത്തത് കാമുകിക്ക്; യുവതി പണവുമായി മറ്റൊരു യുവാവിനൊപ്പം മുങ്ങിയെന്ന് പരാതി
Canadian man says girlfriend ran away with lottery money he won: കോളുകൾ എടുക്കാനോ സന്ദേശങ്ങൾക്ക് മറുപടി നൽകാനോ യുവതി തയ്യാറായില്ല. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തന്നെ ബ്ലോക്ക് ചെയ്തുവെന്നും യുവാവ്. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നുവെന്ന് യുവതിയുടെ അഭിഭാഷകന്‍
തനിക്ക് ജാക്ക്‌പോട്ടടിച്ച പണവുമായി കാമുകി മറ്റൊരാള്‍ക്കൊപ്പം കടന്നുകളഞ്ഞെന്ന് യുവാവിന്റെ പരാതി. കാനഡയിലാണ് സംഭവം. ഏതാണ്ട് 30 കോടിയോളം (CA$5 million) രൂപ യുവതി കൊണ്ടുപോയെന്നാണ് ആരോപണം. ലോറൻസ് കാംബെലെന്നയാളാണ് പരാതി നല്‍കിയത്. 2024ലാണ് ജാക്ക്‌പോട്ടടിച്ച ടിക്കറ്റ് വാങ്ങിയതെന്ന് കാനഡയിലെ വിന്നിപെഗ് സ്വദേശിയായ ഇയാള്‍ ആരോപിക്കുന്നു. എന്നാല്‍ ഇയാള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതിരുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷനിൽ നിന്ന് സമ്മാനം വാങ്ങാൻ കാമുകി ക്രിസ്റ്റൽ ആൻ മക്കേയോട് യുവാവ് ആവശ്യപ്പെട്ടു.
യുവതിയെ തനിക്ക് വിശ്വാസമായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ഒന്നര വര്‍ഷത്തിലേറെയായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു. ഒരുമിച്ചായിരുന്നു താമസവും. തനിക്ക് ബാങ്ക് അക്കൗണ്ടും ഇല്ലാത്തതിനാൽ, പണം ക്രിസ്റ്റൽ ആൻ മക്കേയുടെ പേരില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചുവെന്നും കാംബെല്‍ പറഞ്ഞു.
തുടക്കത്തില്‍ കാര്യങ്ങള്‍ കുഴപ്പമില്ലായിരുന്നു. സമ്മാനത്തുകയുടെ ഡമ്മി ചെക്കുകള്‍ സ്വീകരിക്കുന്ന ദൃശ്യവും ഇവര്‍ ചിത്രീകരിച്ചിരുന്നു. കാംബെല്‍ തനിക്ക് നല്‍കിയ ജന്മദിന സമ്മാനമായാണ് യുവതി ഇതിനെ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് യുവതി അപ്രത്യക്ഷയായി. ഒടുവില്‍ മറ്റൊരാള്‍ക്കൊപ്പം ഒരു ഹോട്ടലിലാണ് യുവതിയെ കണ്ടെത്തിയതെന്നും കാംബെല്‍ ആരോപിച്ചു.




കോളുകൾ എടുക്കാനോ സന്ദേശങ്ങൾക്ക് മറുപടി നൽകാനോ യുവതി തയ്യാറായില്ല. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തന്നെ ബ്ലോക്ക് ചെയ്തുവെന്നും കാംബെല്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിക്കുന്നുവെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു. സംഭവത്തില്‍ മാനിറ്റോബയിലെ കോടതിയില്‍ കേസ് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.