Pahalgam Attack: പഹൽഗാം ആക്രമണം; ഉത്തരവാദികളായ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്
Pahalgam Attack: സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ടിആർഎഫിനെ ഭീകര സംഘടനയായി സ്ഥിരീകരിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം.
പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദ്വമേറ്റെടുത്ത ലഷ്‌കറെ ത്വയ്ബയുടെ ഉപവിഭാഗം ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ടിആർഎഫിനെ ഭീകര സംഘടനയായി സ്ഥിരീകരിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം.
ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്‌സിക്യുട്ടീവ് ഓഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ പ്രസ്താവനയിൽ വ്യക്തമാക്കി.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (LeT) യുമായി ടിആർഎഫിന് ബന്ധമുണ്ടെന്നും 2025 ഏപ്രിൽ 22 ന് പഹൽഗാമിൽ 26 സാധാരണക്കാരെ കൊലപ്പെടുത്തിയ ആക്രമണത്തിന് പിന്നിലും ടിആർഎഫിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2008 ലെ മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യയിൽ സാധാരണക്കാർക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണമായിരുന്നു പഹൽഗാമിലേതെന്നും സമീപ വർഷങ്ങളിൽ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തിട്ടുണ്ടെന്നും റൂബിയോ പറഞ്ഞു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനും പഹൽഗാം ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് റൂബിയോ കൂട്ടിച്ചേർത്തു.
‘നമ്മുടെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, ഭീകരതയെ ചെറുക്കുന്നതിനും, പഹൽഗാം ആക്രമണത്തിന് നീതി ലഭ്യമാക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനം നടപ്പിലാക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്വീകരിച്ച ഈ നടപടികൾ പ്രകടമാക്കുന്നത്’ റൂബിയോ പറഞ്ഞു.