US Student Visa : സ്റ്റുഡൻ്റ് വിസക്കായിട്ടുള്ള അഭിമുഖങ്ങൾ നിർത്തിവെച്ച് അമേരിക്ക
US Student Visa Process Pause : അപേക്ഷകരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും പരിശോധിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
അമേരിക്കയിലേക്കുള്ള വിദ്യാർഥി വിസയ്ക്കായിട്ടുള്ള അഭിമുഖങ്ങൾ ലോകത്തുടനീളമായി നിർത്തിവെക്കാൻ ഉത്തരവിട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ അഭിമുഖങ്ങൾക്കൊന്നും തീരുമാനിക്കാൻ പാടില്ലയെന്നാണ് നിർദേശിച്ചിരിക്കുന്നത്. വിദ്യാർഥി വിസയ്ക്കായി ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇനി മുതൽ അപേക്ഷകരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും പരിശോധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് വേണ്ടിയാണ് വിസ് നടപടികൾ നിർത്തിവെക്കാൻ അറിയിപ്പ് നൽകിയിരിക്കുന്നത്.
ലോകത്തുള്ള അമേരിക്കയുടെ എല്ലാ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അതേസമയം നേരത്തെ അറിയിച്ചിട്ടുള്ള അഭിമുഖങ്ങൾ തുടരാമെന്ന് അമേരിക്കൻ മാധ്യമമായ പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ പാലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചിരുന്നു. അതിൻ്റെ തുടർ നടപടിയായിട്ടാണ് വിദ്യാർഥി വിസകൾക്ക് സോഷ്യൽ മീഡിയ പരിശോധന ഏർപ്പെടുത്തിയിരിക്കുന്നത്.