AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

China warns its citizens: പോകുന്നത് കൊള്ളാം, ബംഗ്ലാദേശില്‍ നിന്ന് ‘ഭാര്യയെ വാങ്ങരുത്’; പൗരന്മാരോട് ചൈന

Chinese embassy in Dhaka warns its citizens: ക്രിമിനല്‍ സംഘങ്ങള്‍ ചൈനയിലേക്ക് ബംഗ്ലാദേശി സ്ത്രീകളെയും വില്‍ക്കുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യക്കടത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് എംബസിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു

China warns its citizens: പോകുന്നത് കൊള്ളാം, ബംഗ്ലാദേശില്‍ നിന്ന് ‘ഭാര്യയെ വാങ്ങരുത്’; പൗരന്മാരോട് ചൈന
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 27 May 2025 15:29 PM

ബംഗ്ലാദേശില്‍ നിന്ന് ‘ഭാര്യയെ സ്വന്തമാക്കരു’തെന്ന് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ചൈന. ബംഗ്ലാദേശില്‍ വിവാഹത്തട്ടിപ്പും മനുഷ്യക്കടത്തും നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ധാക്കയിലെ ചൈനീസ് എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പെട്ടെന്ന് വിവാഹം നടത്തിത്തരാമെന്ന് വാഗ്ദാനം ചെയ്തുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വിശ്വസിക്കരുതെന്നും എംബസി ഓര്‍മിപ്പിച്ചു. ചൈനീസ് നിയമപ്രകാരം ഇത്തരത്തില്‍ രാജ്യാന്തര വിവാഹം നടത്താന്‍ ഒരു ഏജന്‍സിക്കും അനുവാദമില്ലെന്നാണ് റിപ്പോര്‍ട്ട്.

വിദേശ വിവാഹ ഏജന്‍സികളെ ഒഴിവാക്കണം. സാമ്പത്തിക തട്ടിപ്പുകളില്‍ അകപ്പെടരുതെന്നും, ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളില്‍ ജാഗരൂകരാകണമെന്നും ചൈന പൗരന്മാരെ ഓര്‍മിപ്പിച്ചു. ചൈനയില്‍ കൂടുതലും പുരുഷന്മാരാണുള്ളത്. യുവതികള്‍ കുറവാണ്. ഈ സാഹചര്യത്തില്‍ ജീവിതപങ്കാളിയെ തേടി വിദേശത്തേക്ക് പോകുന്ന പ്രവണത ചൈനീസ് യുവാക്കളില്‍ വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിവാഹനിരക്കിലും ചൈനയില്‍ വന്‍ കുറവാണ് സമീപവര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയത്. 2020 മുതല്‍ 2050 വരെ 30 മുതല്‍ 50 മില്യണ്‍ ചൈനീസ് പുരുഷന്മാര്‍ വിവാഹം കഴിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍, റഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ജീവിതപങ്കാളിയെ തേടി ചൈനീസ് യുവാക്കള്‍ പോകുന്നത്. ഇത് മനുഷ്യക്കടത്ത് വര്‍ധിക്കുന്നതിനും കാരണമായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെയും കുട്ടികളെയും അനധികൃതമായി രാജ്യത്തേക്ക് കടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിവാഹത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ ചൈനയിലേക്ക് ബംഗ്ലാദേശി സ്ത്രീകളെയും വില്‍ക്കുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യക്കടത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് എംബസിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മനുഷ്യക്കടത്തിന്റെ കേന്ദ്രമായി പാകിസ്താനും മാറുന്നുണ്ട്. പാകിസ്ഥാനില്‍ ന്യൂനപക്ഷ ക്രിസ്ത്യൻ കുടുംബങ്ങളിലെ യുവതികളെ ചൈനീസ് പുരുഷന്മാരെ വിവാഹം കഴിക്കാൻ ബ്രോക്കർമാർ സമ്മർദ്ദം ചെലുത്തുന്നുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ചൈനയും പാകിസ്ഥാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു. നേപ്പാൾ, മ്യാൻമർ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് സ്ത്രീകളെ ചൈനയിലേക്ക് കടത്തുന്നുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് പറയുന്നു.
ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ ദാരിദ്യത്തില്‍ കഴിയുന്നവരെയാണ് ചൂഷണം ചെയ്യുന്നത്.

Read Also: New science discovery : ആ സൗര കൊടുങ്കാറ്റ് ഇന്നത്തെ സാങ്കേതിക വിദ്യയെ എല്ലാം തകർക്കാൻ ശേഷിയുള്ളത്

കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, ഉത്തര കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നും യുവതികളെ ചൈനയിലേക്ക് കടത്തുന്നുണ്ട്. ചൈനയിൽ ജോലി അല്ലെങ്കിൽ മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്താണ് യുവതികളെ വലയില്‍ വീഴ്ത്തുന്നത്.

പലരും 5,000 മുതൽ 20,000 ഡോളർ വരെയുള്ള തുകയ്ക്ക് പുരുഷന്മാർക്ക് വില്‍ക്കപ്പെടുന്നുവെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ ന്യൂസ്.കോം റിപ്പോര്‍ട്ട് ചെയ്തു. ഇടപാടിന് ശേഷം സ്ത്രീകളുടെ രേഖകള്‍ പിടിച്ചെടുക്കും. തുടര്‍ന്ന് ചൈനയിലെ വിദൂര ഗ്രാമങ്ങളില്‍ കൊണ്ടുപോയി പൂട്ടിയിടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരത്തില്‍ നിരവധി കേസുകള്‍ നേരത്തെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.