Iran Protest: എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ട്, കൂട്ടക്കൊല അവസാനിപ്പിക്കാം; ട്രംപിന്റെ ഭീഷണി
US Warns Iran at UN: ഒരാഴ്ചയില്‍ കൂടുതലായി നടക്കുന്ന ഇറാന്‍-യുഎസ് സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. പ്രതിഷേധക്കാരെ ഇറാന്‍ കൊലപ്പെടുത്തുകയാണെന്ന് അമേരിക്ക ആരോപിക്കുന്നു.

ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: ഇറാനില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനമാണ് ഇറാന്‍ യുഎസിനെതിരെ നടത്തിയത്. ഇതേതുടര്‍ന്ന് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാ ഓപ്ഷനുകളും തങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് അമേരിക്ക ഇറാന് മുന്നറിയിപ്പ് നല്‍കി. യുഎന്‍ അടിയന്തര സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്.
ഇറാനിലെ അക്രമം തടയുന്നതിന് ആവശ്യമെങ്കില്‍ നടപടിയെടുക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയാറാണെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എപ്പോഴും കര്‍മ്മനിരതനാണ്. ഐക്യരാഷ്ട്രസഭയില്‍ നമ്മള്‍ കാണുന്നത് പോലുള്ള അനന്തമായ പ്രസംഗത്തിന് അദ്ദേഹത്തിന് താത്പര്യമില്ല. കൂട്ടക്കൊല അവസാനിപ്പിക്കാന്‍ എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്, വാള്‍ട്ട്‌സ് പറയുന്നു.
ഒരാഴ്ചയില്‍ കൂടുതലായി നടക്കുന്ന ഇറാന്‍-യുഎസ് സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. പ്രതിഷേധക്കാരെ ഇറാന്‍ കൊലപ്പെടുത്തുകയാണെന്ന് അമേരിക്ക ആരോപിക്കുന്നു. ഇറാന്റെ ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയും കറന്‍സി തകര്‍ച്ചയും കാരണം കഴിഞ്ഞ മാസം മുതല്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നുണ്ട്. ഇതില്‍ 2,637 പേര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം, രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനായി ഇറാന്‍ നടപ്പാക്കിയ കൂട്ടക്കൊല തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചതായി അമേരിക്ക അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന 800 വധശിക്ഷകള്‍ നിര്‍ത്തിവെച്ചതായി പ്രസിഡന്റിന് മനസിലായി, എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
ഇറാനിലെ സ്ഥിതിഗതികള്‍ പ്രസിഡന്റ് സൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്, പ്രതിഷേധക്കാരെ ഇനിയും കൊന്നൊടുക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇറാന്‍ ഏറ്റുവാങ്ങേണ്ടതായി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.