AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Trump-Zelensky Meeting: ട്രംപിനെ കാണാനൊരുങ്ങി സെലെന്‍സ്‌കി; കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് പുടിന്റെ മുന്നറിയിപ്പ്‌

Trump-Zelenskyy Meeting: ഡൊണാള്‍ഡ് ട്രംപും, വോളോദിമര്‍ സെലെന്‍സ്‌കിയും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ഫ്ലോറിഡയിലാണ് കൂടിക്കാഴ്ച. റഷ്യ-യുക്രൈന്‍ സംഘര്‍ഷം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും

Trump-Zelensky Meeting: ട്രംപിനെ കാണാനൊരുങ്ങി സെലെന്‍സ്‌കി; കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് പുടിന്റെ മുന്നറിയിപ്പ്‌
Donald Trump-Volodymyr Zelenskyy Image Credit source: PTI
Jayadevan AM
Jayadevan AM | Published: 28 Dec 2025 | 08:13 AM

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, യുക്രൈന്‍ പ്രസിഡന്റ് വോളോദിമര്‍ സെലെന്‍സ്‌കിയും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. ഫ്ലോറിഡയിലാണ് കൂടിക്കാഴ്ച. റഷ്യ-യുക്രൈന്‍ സംഘര്‍ഷം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. നിര്‍ദ്ദിഷ്ട ’20 ഇന സമാധാന പദ്ധതി’ 90 ശതമാനത്തോളം തയ്യാറാണെന്നും, അത് 100 ശതമാനത്തിലെത്തിക്കുകയാണ് കടമയെന്നും കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സെലെന്‍സ്‌കി പ്രതികരിച്ചു.

എന്നാല്‍ താന്‍ അംഗീകരിക്കുന്നതുവരെ സെലെന്‍സ്‌കിക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു ‘പൊളിറ്റിക്കോ’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. സെലെൻസ്‌കിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമാകുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

യുഎസ് മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയിലും യുഎസ് സുരക്ഷാ ഗ്യാരണ്ടികൾക്കായുള്ള പ്രത്യേക നിർദ്ദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സെലെൻസ്‌കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. സാധ്യമാകുന്നിടത്തോളം കാര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.

Also Read: Greenland: ദേശീയ സുരക്ഷയ്ക്ക് യുഎസിന് ഗ്രീന്‍ലാന്‍ഡ് വേണം; പ്രത്യേക പ്രതിനിധിയെ നിയമിച്ച് ട്രംപ്

മുന്നറിയിപ്പുമായി പുടിന്‍

സെലെന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുമ്പ് യുക്രൈന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ രംഗത്തെത്തി. സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷം അവസാനിപ്പിക്കാൻ യുക്രൈന്‍ ശ്രമിക്കുന്നില്ലെന്ന് പുടിന്‍ ആരോപിച്ചതായി ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഘർഷം സമാധാനപരമായി പരിഹരിക്കാൻ യുക്രൈൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, റഷ്യ പ്രത്യേക സൈനിക നടപടിയുടെ എല്ലാ ലക്ഷ്യങ്ങളും ബലപ്രയോഗത്തിലൂടെ നേടിയെടുക്കുമെന്ന് പുടിൻ പറഞ്ഞതായി റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം റഷ്യ യുക്രൈന് നേരെ വ്യാപകമായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ മുന്നറിയിപ്പ്. റഷ്യ യുദ്ധം തുടരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയാണെന്നും യുക്രൈന്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു സെലെന്‍സ്‌കിയുടെ പ്രതികരണം.