Vladimir Putin: ‘ട്രംപിന്റെ ഉപരോധം ഇവിടെ ഏല്‍ക്കില്ല; ടോമാഹോക്ക് പ്രയോഗിച്ചാല്‍ യുഎസിനും യുക്രെയ്‌നും മറുപടി ലഭിക്കും’
Vladimir Putin On Oil Company Sanctions: നിലവിലെ ഉപരോധങ്ങള്‍ ഞങ്ങള്‍ക്ക് അതീവ ഗുരുതരമാണ്, അക്കാര്യത്തില്‍ സംശയമില്ല. അവ കാരണം ചില പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരും. എന്നാല്‍ അതൊരിക്കലും റഷ്യയുടെ സാമ്പത്തിക ക്ഷേമത്തെ കാര്യമായി ബാധിക്കില്ലെന്ന് പുടിന്‍.
മോസ്‌കോ: റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് ഉപരോധമേര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി തങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. രണ്ട് പ്രധാന എണ്ണ കമ്പനികളെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ ഉപരോധങ്ങള്‍ ഗുരുതരമാണെന്നും, എന്നാല്‍ അതൊരിക്കലും റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ പ്രധാനവും വലുതുമായ രണ്ട് എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനുമാണ് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത്. ട്രംപ് വീണ്ടും അധികാരത്തിലേറിയതിന് ശേഷം റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തുന്ന ആദ്യ ഉപരോധമാണിത്. യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പുടിന്‍ സത്യസന്ധത പുലര്‍ത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു നീക്കം.
നിലവിലെ ഉപരോധങ്ങള്‍ ഞങ്ങള്‍ക്ക് അതീവ ഗുരുതരമാണ്, അക്കാര്യത്തില്‍ സംശയമില്ല. അവ കാരണം ചില പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരും. എന്നാല്‍ അതൊരിക്കലും റഷ്യയുടെ സാമ്പത്തിക ക്ഷേമത്തെ കാര്യമായി ബാധിക്കില്ലെന്ന് പുടിന്‍ പറഞ്ഞു. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സൗഹൃദ വിരുദ്ധ പ്രവൃത്തിയാണ്. റഷ്യ-യുഎസ് ബന്ധം ഇപ്പോള്‍ വീണ്ടെടുക്കാന്‍ ആരംഭിച്ചതേയുള്ളൂ. അതൊരിക്കലും ശക്തിപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Also Read: US-Russia: പുടിന്‍ സത്യസന്ധനല്ല; രണ്ട് റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം
ഏറ്റുമുട്ടലിനേക്കാളും തര്‍ക്കങ്ങളേക്കാളും ചര്‍ച്ചകള്‍ എപ്പോഴും ഫലം കാണുന്നു, പ്രത്യേകിച്ച് യുദ്ധത്തിന്റെ കാര്യത്തില്‍. ചര്‍ച്ചകളെ ഞങ്ങള്‍ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് പറഞ്ഞ പുടിന്‍ ടോമാഹോക്ക് മിസൈലുകളുടെ കാര്യത്തില്‍ യുഎസിനും യുക്രെയ്‌നും മുന്നറിയിപ്പ് നല്‍കി.
യുക്രെയ്ന്‍ അന്വേഷിക്കുന്ന യുഎസ് ടോമാഹോക്ക് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയ്ക്ക് നേരെയൊരു ആക്രമണമുണ്ടായാല്‍, പ്രതികരണം വളരെ ശക്തമായിരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.