Shivon Zilis: ഇന്ത്യന്‍ വംശജ ശാരദയുടെ മകള്‍; മസ്‌കിന്റെ പങ്കാളി; ആരാണ് ഷിവോണ്‍ സിലിസ്? ‘ചില്ലറക്കാരി’യല്ല ഈ 39കാരി
Shivon Zilis and Elon Musk: ഷിവോണിന്റെ അമ്മ എന്‍. ശാരദ ഇന്ത്യക്കാരിയാണ്. പിതാവ് കാനഡക്കാരനാണ്. കാനഡയിലാണ് ഷിവോണ്‍ ജനിച്ചത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ന്യൂറലിങ്കിൽ ഓപ്പറേഷൻസ് ആൻഡ് സ്പെഷ്യൽ പ്രോജക്ടുകളുടെ ഡയറക്ടറാണ്. ടെസ്‌ലയുടെ പ്രോജക്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കുടുംബാംഗങ്ങളോടൊപ്പമാണ് എലോണ്‍ മസ്‌ക് പങ്കെടുത്തത്. പങ്കാളി ഷിവോണ്‍ സിലിസും, മൂന്ന് മക്കളും മസ്‌കിനൊപ്പമുണ്ടായിരുന്നു. മസ്‌കിനെക്കുറിച്ച് പതിവായി വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും ഷിവോണ്‍ സിലിനെ പലര്‍ക്കും കേട്ടുപരിചയമുണ്ടായിരുന്നില്ല. അതുകൊണ്ട് ഷിവോണ്‍ സിലിസ് ആരാണെന്ന് ആളുകള്‍ സര്‍ച്ച് ചെയ്യാനും തുടങ്ങി. മസ്‌കിന്റെ ബ്രെയിന്‍ ചിപ്പ് സ്റ്റാര്‍ട്ടപ്പായ ന്യൂറലിങ്കിലെ ഉന്നത ഉദ്യോഗസ്ഥയാണ് ഷിവോണ്‍ സിലിസ്. മസ്‌കിനൊപ്പം അധികം പൊതുപരിപാടികളില്‍ ഷിവോണിനെ കണ്ടിട്ടില്ല. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മസ്‌കിനൊപ്പം ഷിവോണിനെ പൊതുപരിപാടിയില്‍ കാണുന്നത്.
39കാരിയായ ഷിവോണിന്റെ അമ്മ ഇന്ത്യക്കാരിയാണ്. പേര് എന്‍. ശാരദ. പിതാവ് റിച്ചാര്‍ഡ് സിലിസ് കാനഡക്കാരനാണ്. കാനഡയിലാണ് ഷിവോണ്‍ സിലിസ് ജനിച്ചത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയതായി വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.




ന്യൂറലിങ്കിൽ ഓപ്പറേഷൻസ് ആൻഡ് സ്പെഷ്യൽ പ്രോജക്ടുകളുടെ ഡയറക്ടറാണ് ഷിവോണ്‍. 2017 മുതൽ 2019 വരെ ടെസ്‌ലയുടെ പ്രോജക്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാം ആൾട്ട്മാന്റെ ഓപ്പൺഎഐയുടെ ഉപദേഷ്ടാവും ബ്ലൂംബെർഗ് ബീറ്റയിലെ നിക്ഷേപ സംഘത്തിന്റെ സ്ഥാപക അംഗവുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
It was also a delight to meet Mr. @elonmusk’s family and to talk about a wide range of subjects! pic.twitter.com/0WTEqBaVpT
— Narendra Modi (@narendramodi) February 13, 2025
2015-ൽ, ഫോർബ്‌സ് 30 അണ്ടർ 30 വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളുടെ പട്ടികയിൽ ഷിവോണ്‍ ഇടം നേടിയിരുന്നു. ഷിവോണിന്റെയും മസ്‌കിന്റെയും ഇരട്ടക്കുട്ടികളായ അസൂറും, സ്‌ട്രൈഡറും 2021ലാണ് ജനിച്ചത്. ഇരുവര്‍ക്കും മൂന്നാമതൊരു കുട്ടി കൂടി ജനിച്ചെങ്കിലും, ആ കുഞ്ഞിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read Also : മിഷേല്‍ പുരുഷനാണ്, ഒബാമ ക്വിയര്‍ വ്യക്തിയും; ഗുരുതര ആരോപണങ്ങളുമായി മസ്‌കിന്റെ പിതാവ്
ഡൊണാൾഡ് ട്രംപിന്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മസ്‌കിനെയും ഷിവോണിനെയും ആദ്യമായി ഒരുമിച്ച് കാണുന്നത്. മസ്‌കുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോദി എക്‌സില്‍ പങ്കുവച്ചിരുന്നു. ഷിവോണ്‍ സിലിസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നെന്ന് ഈ ചിത്രങ്ങളിലൂടെയാണ് വ്യക്തമായത്.