Who Is Sushila Karki: വാരാണസിയിൽ പഠനം; ആദ്യ വനിതാ ചീഫ് ജസ്റ്റിസ്, യുവനേതാവുമായി വിവാഹം; ആരാണ് നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രി സുശീല കർക്കി
Who Is Sushila Karki: നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്നു സുശീല കർക്കി. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സുശീല കര്‍ക്കിക്ക് ഇന്ത്യയുമായും ചെറുതല്ലാത്തൊരു ബന്ധമുണ്ട്.
അഴിമതിവിരുദ്ധ ജെൻ സീ പ്രക്ഷോഭത്തെത്തുടർന്നു കെപി ശർമ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞതോടെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി കഴിഞ്ഞ ദിവസമാണ് അധികാരമേറ്റത്. പ്രസിഡന്റ് റാം ചന്ദ്ര പൗഡേലിന്റെ ഔദ്യോഗികവസതിയിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. ഇതോടെ നേപ്പാളിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായി ചരിത്രം കുറിക്കുകയാണ് സുശീല കർക്കി.
ഇതിനു പിന്നാലെ ആദ്യ വനിത പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സുശീല കർക്കിക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി. ഇതോടെ ആരാണ് സുശീല കർക്കി എന്നും ഇന്ത്യയുമായുള്ള അവരുടെ ബന്ധത്തെ കുറിച്ചുമാണ് ചർച്ചകൾ.2016 ജൂലൈ മുതൽ 2017 ജൂൺ വരെ നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്നു സുശീല കർക്കി. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയില്ലാത്ത നയമാണ് അവർ സ്വീകരിച്ചത്. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സുശീല കര്‍ക്കിക്ക് ഇന്ത്യയുമായും ചെറുതല്ലാത്തൊരു ബന്ധമുണ്ട്.
ഒരു കർഷക കുടുംബത്തിലെ ഏഴ് മക്കളിൽ മൂത്ത മകളായാണ് സുശീല കര്‍ക്കി ജനിച്ചത്. നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്ന ബിപി. കൊയ്‌രാളയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. 1972ൽ മഹേന്ദ്ര മൊറാങ് കാമ്പസിൽ നിന്ന് ബിരുദവും വാരാണസി ഹിന്ദു സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
Also Read:നേപ്പാൾ സംഘർഷം; ഇടക്കാല പ്രധാനമന്ത്രിയായി സുശീല കര്‍ക്കി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും
വാരാണസിയിൽ പഠിക്കുമ്പോഴാണ് സഹപാഠിയായ ദുർഗ പ്രസാദ് സുബേദിയെ പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. നേപ്പാളി കോൺഗ്രസിന്റെ യുവനേതാവായിരുന്നു ദുർഗപ്രസാദ് . നേപ്പാളിൽ ആദ്യമായി വിമാനം തട്ടിക്കൊണ്ടുപോയതും ഇദ്ദേഹത്തിന്റെ സംഘമായിരുന്നു. 1973 ജൂൺ 10-നായിരുന്നു വിമാനറാഞ്ചൽ നടന്നത്.
ദുർഗപ്രസാദ് അടക്കം മൂന്നു പേരായിരുന്നു സംഘത്തിൽ ഉണ്ടായത്. രാജഭരണത്തിനെതിരെ പോരാടാൻ പണം കണ്ടെത്താനാണ് വിമാനം തട്ടിയെടുക്കാൻ തീരുമാനിച്ചത്. നേപ്പാളിലെ ഒരു ബാങ്കിന്റെ പണം വിമാനത്തിൽ ഉണ്ടായിരുന്നത്. അന്ന് വിമാനത്തിലുണ്ടായിരുന്ന 19 യാത്രക്കാരിൽ ബോളിവുഡ് നടി മാലാ സിൻഹയും ഉൾപ്പെട്ടിരുന്നു. യാത്രക്കാരായി വിമാനത്തിൽ കയറിപറ്റിയ മൂന്നംഗ സംഘം വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ പൈലറ്റിനുനേരെ തോക്ക് ചൂണ്ടി ബിഹാറിലെ ഫാര്‍ബിസ്ഗഞ്ചിലേക്ക് പോകണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ വിമാനത്തിലുണ്ടായ പണം അടങ്ങിയ പെട്ടി കൈക്കലാക്കുകയായിരുന്നു. സംഭവത്തിൽ യാത്രക്കാർക്കോ വിമാനത്തിലെ ജീവനക്കാർക്കോ ഒന്നും സംഭവിച്ചിരുന്നില്ല.
പണം തട്ടിയെടുത്തശേഷം മൂന്നുപേരും കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട് ഒളിവിൽ പോവുകയായിരുന്നു. 1975ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം അദ്ദേഹം അറസ്റ്റിലായി. ഇവിടെ രണ്ടു വർഷം ജയിലിൽ കഴിഞ്ഞു. മറ്റു രണ്ടു റാഞ്ചികളെയും ജയിലിൽ അടച്ചു. ഇന്ത്യയിൽ അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷം അവരെയും വിട്ടയച്ചു.