നഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് 1 കോടി സ്കോളർഷിപ്പ്; വേൾഡ് മലയാളി കൗൺസിൽ പ്രഖ്യാപനം
Malayalee Council Nursing Scholarship : കേരളത്തിലെ 14 ജില്ലകളിൽ നിന്ന് ഒരു പ്രത്യേക സമിതി തിരഞ്ഞെടുക്കുന്ന 100 വിദ്യാർത്ഥിനികൾക്കാണ് ആദ്യഘട്ടത്തിൽ സ്കോളർഷിപ്പ് ലഭിക്കുക.
ബാങ്കോക്ക്: വിദേശത്ത് നഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന കേരളത്തിലെ വിദ്യാർത്ഥിനികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ. ബാങ്കോക്കിൽ നടന്ന കൗൺസിലിന്റെ 14-ാമത് ദ്വിവത്സര സമ്മേളനത്തിലാണ് മലയാളി കൗൺസിൽ പ്രസിഡൻ്റ് ബാബു സ്റ്റീഫൻ പ്രഖ്യാപനം നടത്തിയത്. കേരളത്തിലെ 14 ജില്ലകളിൽ നിന്ന് ഒരു പ്രത്യേക സമിതി തിരഞ്ഞെടുക്കുന്ന 100 വിദ്യാർത്ഥിനികൾക്കാണ് ആദ്യഘട്ടത്തിൽ സ്കോളർഷിപ്പ് ലഭിക്കുക.
ബാങ്കോക്കിൽ നടന്ന മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിൽ അമേരിക്ക, കാനഡ, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 565-ലധികം പ്രതിനിധികളാണ് പങ്കെടുത്തത്. ജോൺ ബ്രിട്ടാസ് എംപി , മുൻ എംപി കെ. മുരളീധരൻ, സനീഷ് കുമാർ എംഎൽഎ , സിനിമാതാരം സോന നായർ, കവി മുരുകൻ കാട്ടാക്കട തുടങ്ങിയ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു. ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുകയും, സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും, വികസന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ആഗോള സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ എന്ന് ഗ്ലോബൽ വൈസ് ചെയർമാനും മുൻ ഗ്ലോബൽ സെക്രട്ടറി ജനറലുമായ ദിനേശ് നായർ പറഞ്ഞു. 65-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള വേൾഡ് മലയാലി, മലയാളികൾക്ക് പരസ്പരം ബന്ധപ്പെടാനും, സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും, സാമൂഹിക സേവനങ്ങളിൽ ഏർപ്പെടാനുമുള്ള ഒരു വേദി ഒരുക്കുന്നു.
ഭാരവാഹികൾ
പ്രസിഡൻ്റ്: ഡോ. ബാബു സ്റ്റീഫൻ, ;ചെയർമാൻ: തോമസ് മൊട്ടക്കൽ ജനറൽ സെക്രട്ടറി: ഷാജി മാത്യു, ട്രഷറർ: സണ്ണി വെളിയത്ത്