Kerala Budget 2026: കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത; സമയം ഒരുപാട് ലാഭിക്കാം
Kattappana Theni Tunnel Road: ഇടുക്കിയുടെ വികസനത്തിന് മുതല്‍കൂട്ടാകുന്ന പ്രഖ്യാപനം കൂടിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായും സര്‍ക്കാര്‍ തുക മാറ്റിവെച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റൊരു തുരങ്കപാത കൂടി പ്രഖ്യാപിച്ച് സര്‍ക്കാര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പന്ത്രണ്ടാമത്തെയും ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആറാമത്തെയും ബജറ്റിലാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. പ്രഖ്യാപനം അനുസരിച്ച് കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത യാഥാര്‍ഥ്യമാകും. മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം.
കട്ടപ്പന-തേനി തുരങ്കപാത നിര്‍മിക്കുന്നതിന്റെ സാധ്യത പഠനം നടത്തുന്നതിനായി ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ 20 കിലോമീറ്റര്‍ ദൂരം യാത്ര ലാഭിക്കാന്‍ കഴിയും. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്ന റൂട്ടില്‍ വരുന്ന മാറ്റം ഏറെപേര്‍ക്ക് ഗുണകരമാകും.
ഇടുക്കിയുടെ വികസനത്തിന് മുതല്‍കൂട്ടാകുന്ന പ്രഖ്യാപനം കൂടിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായും സര്‍ക്കാര്‍ തുക മാറ്റിവെച്ചു. റോഡ് ഡിസൈന്‍ നിലവാരം ഉയര്‍ത്താന്‍ 300 കോടിയും നഗര മാതൃകയില്‍ റോഡ് വികസനത്തിന് അനുവിറ്റി പദ്ധതിക്ക് 58.89 കോടിയും വകയിരുത്തിയിട്ടുണ്ട്.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 79.03 കോടി രൂപയാണ് നീക്കിവെച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ റാപ്പിഡ് റെയില്‍ പദ്ധതി നടപ്പാക്കാനായി 100 കോടി രൂപയും നീക്കിവെച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയും, രണ്ടാം ഘട്ടത്തില്‍ തൃശൂര്‍ മുതല്‍ കോഴിക്കോട് വരെയും, മൂന്നാം ഘട്ടത്തില്‍ കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെയും, നാലാം ഘട്ടത്തില്‍ കണ്ണൂര്‍ മുതല്‍ കാസര്‍കോട് വരെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. എംസി റോഡ് വികസനത്തിനായി 5,917 രൂപയും വകയിരുത്തി.