Kerala Budget 2026: കേരളത്തിലും അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി; ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍
Assured Pension Scheme in Kerala: പങ്കാളിത്ത പെന്‍ഷനില്‍ നിന്നൊരു മാറ്റം ഏറെനാളായി സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നതാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ സ്‌കീം നടപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസവുമായി ബജറ്റ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂലമായ ഒട്ടനവധി തീരുമാനങ്ങളാണ് ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട് മോഡല്‍ അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി കേരളത്തിലും നടപ്പാക്കാന്‍ പോകുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായിരിക്കുന്നു. ഏപ്രില്‍ ഒന്നിന് പുതിയ പെന്‍ഷന്‍ പദ്ധതി പ്രാബല്യത്തില്‍ വരും.
പങ്കാളിത്ത പെന്‍ഷനില്‍ നിന്നൊരു മാറ്റം ഏറെനാളായി സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നതാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ സ്‌കീം നടപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറെ കാലമായി നടത്തുന്നുമുണ്ട്.
അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി
12ാം ശമ്പള കമ്മീഷന്റെ പ്രഖ്യാപനത്തോടൊപ്പം ഉണ്ടായിരിക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്‌കീം, നീക്കം ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഈ പദ്ധതി പ്രകാരം സര്‍ക്കാര്‍ പെന്‍ഷന്‍ വിഹിതം ഉയരും. ശമ്പളം നല്‍കാനായി നിലവില്‍ 70,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 93,000 കോടി രൂപയാണ് സര്‍ക്കാരിന്റെ തനത് നികുതി വരുമാനം. ഇനി മുതല്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ തനത് നികുതി വരുമാനം പൂര്‍ണമായും വിനിയോഗിക്കേണ്ടതായി വരും.
അഷ്വേര്‍ഡ് പെന്‍ഷന്‍ സ്‌കീം, ജീവനക്കാര്‍ വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ഉറപ്പാക്കും. സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായി വര്‍ഷത്തില്‍ രണ്ടുതവണ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്കും ക്ഷാമബത്ത അനുവദിക്കും. ജീവനക്കാര്‍ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ഇനി മുതല്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കേണ്ടി വരും.
ജീവനക്കാര്‍ ജോലിയില്‍ നിന്ന് പിരിയുമ്പോള്‍ ആ തുകയും സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിതവും ഓഹരി വിപണിയില്‍ നിക്ഷേപം. വിപണിയില്‍ നഷ്ടം നേരിട്ടാലും ജീവനക്കാര്‍ക്ക് അവസാന ശമ്പളത്തിന്റെ പകുതി പെന്‍ഷനായി ലഭിക്കും. ഷെയര്‍ മാര്‍ക്കറ്റ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തുക ഉയരാനും സാധ്യതയുണ്ട്.
ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ എത്രവര്‍ഷം സര്‍വീസിലുണ്ടായിരുന്നു എന്നതിനെ അടിസ്ഥാനമാക്കി 25 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയും അനുവദിക്കും. നിശ്ചിത സര്‍വീസ് കാലയളവ് പൂര്‍ത്തിയാക്കാത്തവര്‍ക്കും മിനിമം പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കും. പെന്‍ഷന്‍ ഗുണഭോക്താവ് മരണപ്പെടുകയാണെങ്കില്‍, അദ്ദേഹം കൈപ്പറ്റിയിരുന്ന പെന്‍ഷന്റെ 60 ശതമാനം കുടുംബാംഗങ്ങള്‍ക്ക് നല്‍കും.
കേരളത്തില്‍ ഇതുവരെ നടപ്പാക്കിയിരുന്നത് പങ്കാളിത്ത പെന്‍ഷനാണ്. 2013 ഏപ്രില്‍ 1 ന് ശേഷം സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ലഭിക്കും. വിരമിക്കുമ്പോള്‍ സമ്പാദ്യത്തിന്റെ 60 ശതമാനം തുക കയ്യില്‍ കിട്ടുകയും ബാക്കി 40 ശതമാനം ആനുവിറ്റിയായി നിക്ഷേപിച്ച് അതില്‍ നിന്ന് പ്രതിമാസം ലഭിക്കുന്നതുമാണ് രീതി. എന്‍പിഎസില്‍ തുടരാന്‍ താത്പര്യമുള്ളവര്‍ക്ക് പുതിയ പദ്ധതിയിലേക്ക് മാറേണ്ട ആവശ്യമില്ലെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.