Parliament Budget Session: പാർലമെൻ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് പ്രഖ്യാപനം നാളെ
Parliament Budget Session 2025: കേന്ദ്രത്തിൻ്റെ പൊതു ബജറ്റ് നാളെയാണ് അവതരിപ്പിക്കുക. മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കാൻ പോകുന്നത്. എന്നാൽ തുടർച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്.
ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് (parliament budget session) ഇന്ന് മുതൽ തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുർമു (Droupadi Murmu) ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷമാകും ധനമനത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവേ അവതരിപ്പിക്കുക. പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.
അതേസമയം കേന്ദ്രത്തിൻ്റെ പൊതു ബജറ്റ് നാളെയാണ് അവതരിപ്പിക്കുക. മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കാൻ പോകുന്നത്. എന്നാൽ തുടർച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിർത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങളുമാണ് രാജ്യം പ്രധാനമായും ഉറ്റുനോക്കുകയാണ്.
ഇത്തവണത്തെ സമ്മേളനം രണ്ട് ഘട്ടമായാണ് നടക്കുന്നത്. ഫെബ്രുവരി 13 വരെ സമ്മേളനത്തിൻ്റെ ആദ്യഘട്ടം തുടരും. പിന്നീട് പിരിയുന്ന സഭ രണ്ടാം ഘട്ട സമ്മേളനത്തിനായി മാർച്ച് 10ന് വീണ്ടും കൂടിചേരും. ഇത്തവണത്തെ പാർലമെൻ്റ് സമ്മേളനത്തിൽ വഖഫ് നിയമഭേദഗതി ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയുടെ റിപ്പോർട്ട് അടക്കം സഭയിൽ സമർപ്പിക്കും.വഖഫ് ബിൽ ഭേദഗതി പാസാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നിരയിൽ നിന്നും കടുത്ത പ്രതിഷേധം ഉയരാനാണ് സാധ്യത.




കഴിഞ്ഞ സാമ്പത്തിക സർവേ അവതരിപ്പിച്ച് ആറ് മാസത്തിന് ശേഷമാണ് വീണ്ടും ഈ വർഷത്തെ സാമ്പത്തിക സർവേ അവതരിപ്പിക്കാൻ പോകുന്നത്. കാരണം, 2024ൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നതിനാൽ, തെരഞ്ഞെടുപ്പിന് ശേഷം ജൂലൈയിലാണ് സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാർഗനിർദേശപ്രകാരം സാമ്പത്തിക വിഭാഗമാണ് ഈ സർവേ തയ്യാറാക്കുന്നത്.