Union Budget 2025 : ഒരായിരം കിനാക്കളാൽ കാത്തിരിപ്പ്; ഇത്തവണ ബജറ്റില്‍ എന്തുകിട്ടും? പ്രതീക്ഷയില്‍ കേരളം
Kerala's expectations from the Union Budget : ഇത്തവണ കാര്യമായ പ്രഖ്യാപനങ്ങള്‍ കേരളം പ്രതീക്ഷിക്കുന്നുണ്ട്. 24,000 കോടിയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. റെയില്‍വേയുമായി ബന്ധപ്പെട്ടും കേരളം നിരവധി പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. എയിംസ് ഇത്തവണ പരിഗണിക്കുമോയെന്നതിലാണ് മറ്റൊരു ആകാംക്ഷ
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍, കേരളവും പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാരും, പ്രതിപക്ഷവും വിമര്‍ശനമുന്നയിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങള്‍ അവഗണിച്ചെന്നായിരുന്നു വിമര്‍ശനം. സുരേഷ് ഗോപിയും, ജോര്‍ജ് കുര്യനും കേന്ദ്രസഹമന്ത്രിമാരായത് സംസ്ഥാനത്തിന്റെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയിരുന്നെങ്കിലും, കഴിഞ്ഞ തവണ ബജറ്റില്‍ കേരളത്തിനായി കാര്യമായ പ്രഖ്യാപനങ്ങളുണ്ടായില്ല. അതുകൊണ്ട് തന്നെ, ഇത്തവണ കാര്യമായ പ്രഖ്യാപനങ്ങള്‍ കേരളം പ്രതീക്ഷിക്കുന്നുമുണ്ട്.
24,000 കോടിയുടെ പ്രത്യേക പാക്കേജ്
കേന്ദ്രബജറ്റില്‍ 24,000 കോടിയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. വായ്പ പരിധി 12,000 കോടി കുറച്ചത് പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടിയും, വയനാടിന് 2,000 കോടിയുടെ പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്.
റബര്‍ താങ്ങുവില 250 രൂപയായി നിലനിര്‍ത്തുന്നതിന് ആയിരം കോടിയും, പ്രവാസി സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ട് 300 കോടിയും കേരളം ചോദിച്ചിട്ടുണ്ട്.




എയിംസ് പ്രഖ്യാപനം
സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇത്തവണ പരിഗണിക്കുമോയെന്നതിലാണ് മറ്റൊരു ആകാംക്ഷ. എയിംസിനായി കോഴിക്കോട് കിനാലൂരില്‍ ഭൂമി സജ്ജമാക്കുന്നുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ എയിംസ് അനുവദിക്കുന്ന് പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ആതാനും മാസം മുമ്പ് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ചിറക് സമ്മാനിക്കുന്നതാണ് ഈ പരാമര്‍ശം.
ചൂളം വിളിച്ചെത്തുമോ പദ്ധതികള്‍ ?
ഫണ്ട് വിനിയോഗത്തിൽ ഹൈവേകളേക്കാൾ റെയിൽവേയ്ക്ക് മുൻഗണന നൽകാൻ കേന്ദ്രം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. റെയില്‍വേയുമായി ബന്ധപ്പെട്ടും കേരളം നിരവധി പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. വന്ദേ ഭാരത്, സില്‍വര്‍ ലൈന്‍, അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതി, നിലമ്പൂര്‍-നഞ്ചങ്കോട് പദ്ധതി, തലശേരി-മൈസൂര്‍ റെയില്‍വേ പദ്ധതി, കാണിയൂര്‍-കാഞ്ഞങ്ങാട് റെയില്‍പ്പാത, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍ തുടങ്ങിയവയിലും കേരളം പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു.
കേരളത്തിന്റെ റെയില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി വി. അബ്ദുറഹിമാനും കഴിഞ്ഞ വര്‍ഷം അവസാനം കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ടിരുന്നു.
Read Also : പാർലമെൻ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് പ്രഖ്യാപനം നാളെ
ഒരുപാട് പ്രതീക്ഷകള്‍
കോഴിക്കോട്-വയനാട് തുരങ്കപാതയ്ക്ക് കേരളം 5000 കോടി രൂപ കേരളം കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥ വ്യതിയാനം, വന്യജീവി വെല്ലുവിളികള്‍ എന്നിവ നേരിടുന്നതിനുള്ള സഹായം, വായ്പകളിലെ ഇളവുകള്‍ തുടങ്ങിയവയും കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.