Budget 2025: ബജറ്റിൽ തടവുകാർക്കും ധനസഹായം; ആനുകൂല്യം ലഭിക്കുന്നത് ആർക്കെല്ലാം? വകയിരുത്തിയത് എത്ര
Union budget 2025-26 For Poor Prisoners: ജാമ്യത്തുക താങ്ങാനാവാതെ ജയിലിൽ കഴിയുന്ന തടവുകാർക്കാണ് ധനസഹായം 2025-26 ബജറ്റിൽ കേന്ദ്രം അഞ്ച് കോടി രൂപ വകയിരുത്തിയത്. 'മോഡൽ പ്രിസൺസ് ആൻ്റ് കറക്ഷണൽ സർവീസസ് ആക്ട്' 2023 പ്രകാരം, ആവശ്യമുള്ള വ്യക്തികൾക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനായി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റികൾ ജയിലുകളിൽ ലീഗൽ സർവീസ് ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റ് അവതരണമാണ് ശനിയാഴ്ച്ച നടന്നത്. മധ്യവർഗത്തിന് ഗുണകരമാകുന്ന തരത്തിലാകും ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനമെന്ന് ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ അതിനുവേണ്ട, വളർച്ചയ്ക്ക് മുൻതൂക്കം നൽക്കികൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിൽ തടവുകാർക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ജാമ്യത്തുക താങ്ങാനാവാതെ ജയിലിൽ കഴിയുന്ന തടവുകാർക്കാണ് ധനസഹായം 2025-26 ബജറ്റിൽ കേന്ദ്രം അഞ്ച് കോടി രൂപ വകയിരുത്തിയത്. ‘മോഡൽ പ്രിസൺസ് ആൻ്റ് കറക്ഷണൽ സർവീസസ് ആക്ട്’ 2023 പ്രകാരം, ആവശ്യമുള്ള വ്യക്തികൾക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനായി സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റികൾ ജയിലുകളിൽ ലീഗൽ സർവീസ് ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലെ ലീഗൽ സർവീസ് ക്ലിനിക്കുകൾ നിയന്ത്രിക്കുന്നതാകട്ടെ എംപാനൽ ചെയ്ത നിയമ സേവന അഭിഭാഷകരും വേണ്ട പരിശീലനം ലഭിച്ച പാരാ-ലീഗൽ വോളണ്ടിയർമാരുമാണ്.
ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ, പിഴയോ ജാമ്യ തുകയോ സ്വയം താങ്ങാൻ കഴിയാത്ത തടവുകാരെ സഹായിക്കുന്നതിനായാണ് അഞ്ച് കോടി രൂപ വകയിരുത്തിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ബജറ്റിൽ കേന്ദ്രം 20 കോടി രൂപയാണ് തടവുകാർക്കായി മാറ്റിവച്ചിരുന്നത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ പദ്ധതിക്ക് കീഴിലുള്ള ക്ലിയറൻസിനായി കേസുകളുമായി വന്നിരുന്നില്ല. അതിനാൽ ഒരു കോടി രൂപ മാത്രമാണ് കഴിഞ്ഞ ബജറ്റിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ട തന്നെ ഇത്തവണത്തെ ബജറ്റിൽ തുക വെട്ടികുറയ്ക്കുകയും ചെയ്തു.
കേന്ദ്ര സർക്കാരിൽ നിന്ന് ഒരോ സംസ്ഥാനത്തേക്കും ഈ പദ്ധതി പ്രകാരം തടസ്സമില്ലാതെ തുക ലഭിക്കണമെങ്കിൽ ഓരോ സംസ്ഥാനവും പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന് കഴിഞ്ഞ വർഷം തന്നെ ആഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു. എങ്കിൽ മാത്രമെ ആവശ്യക്കാർക്ക് ഫണ്ട് ലഭിക്കുകയുള്ളൂ.
എന്നാൽ ഇതുകൊണ്ടൊന്നും കടമ്പകൾ കഴിയുന്നില്ല. എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും എല്ലാ ജില്ലകളിലും ‘എംപവേർഡ് കമ്മിറ്റികൾ’ രൂപീകരിക്കാൻ കേന്ദ്രത്തിൻ്റെ നിർദ്ദേശത്തിൽ പറയുന്നു. അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശ ആസ്ഥാന തലത്തിൽ ഒരു ‘ഓവർസൈറ്റ് കമ്മിറ്റി’ രൂപീകരിക്കുകയോ വേണം.
കൂടാതെ ഓരോ സംസ്ഥാനവും കേന്ദ്രഭരണപ്രദേശവും ഇതിനായി ഒരു നോഡൽ ഓഫീസറെ നിയമിക്കുകയും വേണം. ഇത്തരത്തിൽ നിയമിതരായ നോഡൽ ഓഫീസർ ആഭ്യന്തര മന്ത്രാലയവുമായോ സെൻട്രൽ നോഡൽ ഏജൻസിയുമായോ (സിഎൻഎ), നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുമായോ ചേർന്ന് പ്രവർത്തിക്കുകയും വേണമെന്ന് കേന്ദ്രം കഴിഞ്ഞ വർഷം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്.
ഓരോ സംസ്ഥാനത്തോടും കേന്ദ്രഭരണ പ്രദേശങ്ങളും സിഎൻഎയുടെ അക്കൗണ്ടോ ഒരു സബ്‌സിഡിയറി അക്കൗണ്ടോ ഇതിനായി തുറക്കേണ്ടതുണ്ട്. ഫണ്ട് വരുന്നത് കേന്ദ്രത്തിൽ നിന്നായതിനാൽ അത് പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെൻ്റ് സിസ്റ്റത്തിൽ (പിഎഫ്എംഎസ്) മാപ്പ് ചെയ്യുകയും വേണം. ജില്ലാ നിയമ സേവന അതോറിറ്റിയുടെയും ജയിൽ അധികാരികളുടെയും സഹായത്തോടെ ജില്ലാതല ‘എംപവേർഡ് കമ്മിറ്റി’ യോഗ്യരായ തടവുകാരുടെ കേസുകൾ ഇതിനായി പരിഗണിക്കുന്നു. അങ്ങനെ തിരഞ്ഞെടുക്കുന്ന തടവുകാർക്ക് പിഴയോ ജാമ്യത്തുകയോ അടയ്ക്കുന്നതിന് ആവശ്യമായ തുക ഈ പദ്ധതിയിലൂടെ അനുവദിക്കുന്നു.