8th Pay Commission: മിനിമം ശമ്പളം 69,000 രൂപ, 40 % HRA; 8-ാം ശമ്പള കമ്മീഷനിൽ ആവശ്യങ്ങൾ പലത്
8th Pay Commission Demands: രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരുമാണ് എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇത്തവണ അടിസ്ഥാന ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്.
എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, സുപ്രധാന വിവരങ്ങളാണ് ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരുമാണ് എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഇത്തവണ അടിസ്ഥാന ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വൻ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്.
ജീവനക്കാരുടെ ആവശ്യങ്ങൾ
എട്ടാം ശമ്പള കമ്മീഷന് സമർപ്പിച്ച നിവേദനത്തിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രധാന സംഘടനയായ നാഷണൽ കൗൺസിൽ ഓഫ് ദി ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM സ്റ്റാഫ് സൈഡ്), ജീവനക്കാരുടെ ശമ്പളം, പെൻഷൻ, അലവൻസുകൾ, മറ്റ് സേവന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ശുപാർശകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ശമ്പളപരിഷ്കരണം, പെൻഷൻ, ഫിറ്റ്മെന്റ് ഫാക്ടർ, ഹൗസ് റെന്റ് അലവൻസ് (HRA) നിരക്കുകൾ, വാർഷിക ഇൻക്രിമെന്റ് നിരക്ക്, ലീവ് എൻകാഷ്മെന്റ് എന്നിവയായിരുന്നു NC-JCM-ന്റെ ചില പ്രധാന നിർദ്ദേശങ്ങൾ.
അതിനോടൊപ്പം പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ജോലികളിൽ കൂടുതൽ പ്രൊമോഷനുകൾ നൽകുക, ഉയർന്ന ചൈൽഡ് എഡ്യൂക്കേഷൻ അലവൻസ്, മികച്ച ആരോഗ്യ-വൈദ്യസഹായ ആനുകൂല്യങ്ങൾ ഉറപ്പാക്കുക എന്നിവയും ജീവനക്കാരുടെ സംഘടന ശുപാർശ ചെയ്തിട്ടുണ്ട്.
ALSO READ: ശമ്പളം കൂടുമ്പോൾ നികുതിയും കൂടുമോ? 8-ാം ശമ്പള കമ്മീഷനിൽ ജീവനക്കാർ അറിയേണ്ട കാര്യങ്ങൾ
69,000 രൂപ മിനിമം ശമ്പളം
കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 18,000 രൂപയിൽ നിന്ന് 69,000 രൂപയായി ഉയർത്താൻ എൻ.സി.-ജെ.സി.എം 8-ാം ശമ്പള കമ്മീഷനോട് ശുപാർശ ചെയ്തിട്ടുണ്ട്. അതായത് 3.833 മടങ്ങ് വർദ്ധനവാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫിറ്റ്‌മെന്റ് ഫാക്ടർ 3.833 ആക്കണമെന്ന ആവശ്യവും ഇതോടെ ശക്തമാവുകയാണ്.
ഉയർന്ന പെൻഷനും കുടുംബ പെൻഷനും
അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ 67% പെൻഷനായും, അവസാന ശമ്പളത്തിന്റെ 50% കുടുംബ പെൻഷനായും നൽകണമെന്നാണ് മറ്റൊരു ആവശ്യം. നിലവിൽ പെൻഷൻ, കുടുംബ പെൻഷൻ എന്നിവ യഥാക്രമം അവസാന ശമ്പളത്തിന്റെ 50%, 30% എന്നിങ്ങനെയാണ് ലഭിക്കുന്നത്.
വാർഷിക വേതന വർദ്ധനവ്
നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 3% ആണ് വാർഷിക ഇൻക്രിമെന്റായി ലഭിക്കുന്നത്. എന്നാൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം നേരിടാൻ ഇത് അപര്യാപ്തമാണെന്നും, വാർഷിക ഇൻക്രിമെന്റ് നിരക്ക് 6 ശതമാനമായി ഉയർത്തണമെന്നും ജീവനക്കാരുടെ സംഘടന ആവശ്യപ്പെടുന്നുണ്ട്.
വീട്ടുവാടക അലവൻസ്
വീട്ടുവാടക അലവൻസിലെ മാറ്റമാണ് മറ്റൊരു പ്രധാന ആവശ്യം. നഗരങ്ങളുടെ അടിസ്ഥാനത്തിൽ എച്ച്.ആർ.എ (HRA) സ്ലാബുകൾ 30%, 35%, 40% എന്നിങ്ങനെ ഉയർത്താൻ എട്ടാം ശമ്പള കമ്മീഷനിൽ ശുപാർശ ചെയ്തിട്ടുണ്ട്.
ലീവ് എൻകാഷ്മെന്റ്
നിലവിൽ വിരമിക്കുമ്പോൾ പരമാവധി 300 ദിവസത്തെ ലീവ് എൻകാഷ്മെന്റ് മാത്രമാണ് ലഭിക്കുന്നത്. ഇത് 600 ദിവസമായി ഉയർത്തണമെന്നാണ് പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. ഈ ശുപാർശകൾ നടപ്പിലായാൽ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ സാമ്പത്തിക നേട്ടമാകും ഉണ്ടാകുക. എങ്കിലും, സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും കമ്മീഷന്റെ റിപ്പോർട്ടും അനുസരിച്ചിരിക്കും അന്തിമ തീരുമാനം.
English Summary:
The National Council of the Joint Consultative Machinery, representing central government employees, has submitted five major recommendations to the 8th Pay Commission that could significantly improve the salaries and retirement benefits of employees and pensioners.