8th Pay Commission: ജനുവരിയിൽ ശമ്പളം കൂടുന്നത് ആർക്കെല്ലാം? എട്ടാം ശമ്പളകമ്മീഷൻ നേട്ടം ഇങ്ങനെ…
8th Pay Commission Update: സാധാരണയായി ഓരോ പത്ത് വർഷം കൂടുമ്പോഴുമാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാറുള്ളത്. 2016-ലാണ് ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നത്. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത് ഏകദേശം 49 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 67 ലക്ഷത്തിലധികം പെൻഷൻകാർക്കും നേരിട്ട് പ്രയോജനം ചെയ്യും.

പ്രതീകാത്മക ചിത്രം
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷന്റെ നടപ്പിലാക്കൽ. നിലവിലെ ഏഴാം ശമ്പള കമ്മീഷൻ ഡിസംബറിൽ അവസാനിക്കാനിരിക്കെ, ജനുവരിയിൽ പുതിയ ശമ്പളകമ്മീഷൻ പ്രാബല്യത്തിൽ വരുമോ എന്നാണ് ജീവനക്കാർ ഉറ്റുനോക്കുന്നത്. ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വലിയ വർദ്ധനവും പ്രതീക്ഷിക്കുന്നുണ്ട്. എട്ടാം ശമ്പളകമ്മീഷൻ എന്നുമുതൽ, പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ, അർഹരായവർ എന്നിവ അറിഞ്ഞാലോ….
എന്താണ് എട്ടാം ശമ്പള കമ്മീഷൻ?
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനായി രൂപീകരിക്കുന്ന സമിതിയാണിത്. സാധാരണയായി ഓരോ പത്ത് വർഷം കൂടുമ്പോഴുമാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാറുള്ളത്. 2016-ലാണ് ഏഴാം ശമ്പള കമ്മീഷൻ നിലവിൽ വന്നത്.
എട്ടാം ശമ്പളകമ്മീഷൻ എന്ന് മുതൽ?
പത്തു വർഷത്തെ കാലാവധി കണക്കാക്കിയാൽ 2026 ജനുവരി 1-ന് എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാകേണ്ടതുണ്ട്. എന്നാൽ പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. സാധാരണയായി കമ്മീഷൻ രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 12 മുതൽ 18 മാസം വരെ സമയമെടുക്കാറുണ്ട്. അതിനാൽ തന്നെ 2027 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
ALSO READ: ജീവനക്കാരുടെ ശമ്പളത്തിൽ 35 ശതമാനം വരെ വർദ്ധനവ്; അക്കൗണ്ടിൽ എത്തുന്നത് എത്ര?
ശമ്പളം എത്ര കൂടും?
ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആയിരുന്നു. എട്ടാം കമ്മീഷനിൽ ഇത് 3.68 ആക്കി ഉയർത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടാൽ ശമ്പളത്തിൽ വലിയ മാറ്റം ഉണ്ടാകും. നിലവിൽ 18,000 രൂപയാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം. പുതിയ പരിഷ്കരണത്തിലൂടെ ഇത് 26,000 രൂപയോ അതിലധികമോ ആയി ഉയർന്നേക്കാം. ജീവനക്കാർക്കൊപ്പം തന്നെ പെൻഷൻകാർക്കും ആനുപാതികമായ വർദ്ധനവ് ലഭിക്കും.
ആർക്കൊക്കെ ഗുണം ലഭിക്കും?
എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നത് ഏകദേശം 49 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 67 ലക്ഷത്തിലധികം പെൻഷൻകാർക്കും നേരിട്ട് പ്രയോജനം ചെയ്യും.
മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ എന്നിവയിലുടനീളം സേവനമനുഷ്ഠിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർ
കേന്ദ്ര സർക്കാർ പെൻഷൻകാരും കുടുംബ പെൻഷൻകാർ
കേന്ദ്ര സിവിൽ സർവീസസ് ശമ്പള ഘടനയിൽ ഉൾപ്പെടുന്ന ജീവനക്കാർ