Arecanut Price Hike: പഴുത്ത അടയ്ക്കയുണ്ടോ കയ്യില്‍? എങ്കില്‍ നിങ്ങള്‍ റിച്ചാണ്, ഒന്നിന് 13 രൂപ
Arecanut Price Hike In Kerala: നാടന്‍ അടയ്ക്കയുടെ വരവ് കുറഞ്ഞതാണ് പ്രധാനമായും വില വര്‍ധനവിന് കാരണം. മംഗലാപുരം, മേട്ടുപ്പാളയം, സത്യമംഗലം, ആനമല എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ അടയ്ക്ക കേരളത്തിലേക്ക് എത്തുന്നത്.
തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില വര്‍ധനവ് തീര്‍ത്ത ആഘാതത്തില്‍ തുടരുന്ന മലയാളികള്‍ക്കിടയിലേക്ക് മറ്റൊരു ബോംബുമായി എത്തിയിരിക്കുകയാണ് അടയ്ക്ക. ആളൊരു കുഞ്ഞനാണെങ്കിലും വിലയുടെ കാര്യത്തില്‍ അതൊന്നുമില്ല. നിലവില്‍ കേരളത്തില്‍ ഒരു പഴുത്ത അടയ്ക്ക ലഭിക്കണമെങ്കില്‍ 13 രൂപയില്‍ കൂടുതല്‍ നല്‍കണം.
നാടന്‍ അടയ്ക്കയുടെ വരവ് കുറഞ്ഞതാണ് പ്രധാനമായും വില വര്‍ധനവിന് കാരണം. മംഗലാപുരം, മേട്ടുപ്പാളയം, സത്യമംഗലം, ആനമല എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ അടയ്ക്ക കേരളത്തിലേക്ക് എത്തുന്നത്. സീസണ്‍ ഏതായാലും അടയ്ക്ക ലഭിക്കും എന്നതും നാടനേക്കാള്‍ വലുപ്പമുള്ള അടയ്ക്കകളാണ് എന്നതാണ് ഇവിടങ്ങളിലെ പ്രത്യേകത.
ഇവയ്ക്ക് പുറമേ ശ്രീലങ്കന്‍ അടയ്ക്കയും കേരളത്തില്‍ എത്തുന്നുണ്ട്. 260 രൂപയ്ക്കാണ് ഒരു കിലോ അടയ്ക്ക മൊത്ത വില്‍പ്പനക്കാര്‍ വാങ്ങിക്കുന്നത്. എന്നാല്‍ അടയ്ക്ക എണ്ണിയാണ് വില്‍ക്കുന്നതെന്നും ഒരാഴ്ച കൊണ്ട് അടയ്ക്ക വിലയില്‍ വലിയ കുതിപ്പ് ഉണ്ടായതായും വ്യാപാരികള്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.




കാലാവസ്ഥാ വ്യതിയാനമാണ് അടയ്ക്ക മൂക്കുന്നതിനും പഴുക്കുന്നതിനും വെല്ലുവിളിയായത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തിലെ അടയ്ക്ക തീരുന്നതോടെ മറയൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നായിരുന്നു തെക്കന്‍ കേരളത്തിലേക്ക് അടയ്ക്ക എത്തിയിരുന്നത്.
മുറുക്കാന്‍, ദക്ഷിണ എന്നീ ആവശ്യങ്ങള്‍ക്കാണ് കേരളത്തില്‍ അടയ്ക്ക പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാന്‍മസാലയ്ക്ക് വേണ്ടിയും ഇത് ഉപയോഗിക്കുന്നുണ്ട്. കൂടാതെ ആയുര്‍വേദ മരുന്നുകള്‍ തയാറാക്കുന്നത് ഉള്‍പ്പെടെയുള്ള വ്യാവസായിക ആവശ്യങ്ങള്‍ക്കും അടയ്ക്ക വേണം. മൗത്ത് ഫ്രെഷ്‌നര്‍, പെയിന്റ്, തുകല്‍, പ്ലൈവുഡ് എന്നിവയിലും അടയ്ക്ക ഉപയോഗിക്കുന്നുണ്ട്.