Diwali bonus: സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ബോണസായി ലഭിക്കുന്നത് ഇത്രയും ദിവസത്തെ ശമ്പളം
Central govt declares 30 days’ bonus for employees: 2025 മാർച്ച് 31 വരെ സർവീസിലുള്ളവരും കുറഞ്ഞത് ആറ് മാസമെങ്കിലും തുടർച്ചയായി ജോലി ചെയ്തിട്ടുള്ളവരുമായ എല്ലാ ജീവനക്കാർക്കും ബോണസ് നൽകും.

പ്രതീകാത്മക ചിത്രം
സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്ര സർക്കാർ. ഗ്രൂപ്പ് സി, ഗസറ്റഡല്ലാത്ത ഗ്രൂപ്പ് ബി ജീവനക്കാർ എന്നിവർക്കാണ് 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ അഡ്-ഹോക് ബോണസ് ലഭിക്കുന്നത്. ഈ തുക 6,908 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
2025 മാർച്ച് 31 വരെ സർവീസിലുള്ളവരും കുറഞ്ഞത് ആറ് മാസമെങ്കിലും തുടർച്ചയായി ജോലി ചെയ്തിട്ടുള്ളവരുമായ എല്ലാ ജീവനക്കാർക്കും ബോണസ് നൽകും. ഒരു വർഷം മുഴുവൻ ജോലി ചെയ്തിട്ടില്ലെങ്കിൽ, ജോലി ചെയ്ത മാസങ്ങളെ അടിസ്ഥാനമാക്കി (പ്രോ-റാറ്റ അടിസ്ഥാനത്തിൽ) അവർക്ക് ബോണസ് ലഭിക്കുന്നതാണ്.
കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളിലെയും സായുധ സേനകളിലെയും യോഗ്യരായ ജീവനക്കാർക്കും ഈ ബോണസ് ലഭ്യമാകും. കേന്ദ്ര സർക്കാരിന്റെ ശമ്പള ഘടനയിൽ ജോലി ചെയ്യുന്ന, മറ്റ് ബോണസുകളോ എക്സ്-ഗ്രേഷ്യയോ ലഭിക്കാത്ത, കേന്ദ്രഭരണ പ്രദേശങ്ങളിലെ (യുടി) ജീവനക്കാർക്കും ഇത് ബാധകമാണ്.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നിശ്ചിത ദിവസങ്ങൾ ജോലി ചെയ്ത പരിചയമുള്ള കാഷ്വൽ തൊഴിലാളികൾക്കും ബോണസിന് അർഹതയുണ്ടായിരിക്കും. ഈ ജീവനക്കാർക്കുള്ള ബോണസ് തുക 1,184 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
ബോണസ് എങ്ങനെയാണ് കണക്കാക്കുന്നത്?
പരമാവധി പ്രതിമാസ ശമ്പളം 7,000 രൂപ എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ബോണസ് കണക്കാക്കുന്നത്. ഉദാഹരണത്തിന്, 7,000 രൂപയാണ് ശമ്പളമെങ്കിൽ 30 ദിവസത്തെ ബോണസ്,
7,000 × 30 ÷ 30.4 = 6,907.89 (6,908 രൂപ ആയി റൗണ്ട് ചെയ്യും)