Coconut Oil Price: വെളിച്ചെണ്ണ വില കുറഞ്ഞു! കേരഫെഡിനോ?
Coconut Oil Price in Kerala: ഓണക്കാലം കണക്കിലെടുത്ത് കൂടുതൽ കേര വെളിച്ചെണ്ണ വിൽപന ശാലകളിൽ എത്തിച്ചിട്ടുണ്ട്. ലിറ്ററിന് 457 രൂപയ്ക്ക് രണ്ട് ലക്ഷം ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയ്ക്കും നൽകിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നത് ആശ്വാസകരമാണ്. നിലവിൽ പൊതുവിപണിയിൽ ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 400 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. എന്നാൽ കേര വെളിച്ചെണ്ണയുടെ വില സംബന്ധിച്ചാണ് ചോദ്യങ്ങൾ ഉയരുന്നത്.
വെളിച്ചെണ്ണ വില കുറഞ്ഞിട്ടും കേരഫെഡ് 479 രൂപയായി തുടരുന്നതിനെതിരെ വിമർശനമുണ്ട്. എന്നാൽ കൊപ്ര ആവശ്യത്തിന് ലഭിച്ചാൽ വെളിച്ചെണ്ണ വില കുറയുമെന്നാണ് കേരഫെഡ് പറയുന്നത്. മുമ്പ് 529 രൂപയായിരുന്നു കേര വെളിച്ചെണ്ണയുടെ വില. വിപണി വിലയെക്കാൾ കൂടിയ തുകയ്ക്ക് ടൺ കണക്കിന് കൊപ്ര അധികൃതർ സംഭരിച്ചതിനെ തുടർന്നാണ് ‘കേര’ വില ഉയർന്നതെന്ന ആരോപണവുമുണ്ട്.
ALSO READ: സബ്സിഡി വെളിച്ചെണ്ണ വില കുറയ്ക്കും; ഉറപ്പ് നൽകി മന്ത്രി
അതേസമയം, ഓണക്കാലം കണക്കിലെടുത്ത് കൂടുതൽ കേര വെളിച്ചെണ്ണ വിൽപന ശാലകളിൽ എത്തിച്ചിട്ടുണ്ട്. ലിറ്ററിന് 457 രൂപയ്ക്ക് രണ്ട് ലക്ഷം ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയ്ക്കും നൽകിയിട്ടുണ്ട്. എന്നാൽ വിലയിലെ വൻ വ്യത്യാസം വെല്ലുവിളിയാണ്. ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോയുടെ ശബരി വെളിച്ചെണ്ണ സബ്‌സിഡി നിരക്കായ 349 രൂപയ്ക്കും ലഭിക്കുന്നതാണ്. കേരഫെഡിന്റെയും സപ്ലൈകോയുടെയും ചേർത്ത് ഒരു റേഷൻ കാർഡ് ഉടമയ്ക്ക് രണ്ട് ലിറ്റർ വെളിച്ചെണ്ണ വരെ കുറഞ്ഞ നിരക്കിൽ വാങ്ങിക്കാം.
വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. തമിഴ്നാട്ടിൽ കൊപ്ര വില കുറഞ്ഞതോടെ വെളിച്ചെണ്ണ വില 400 രൂപയിലും താഴുമെന്നാണ് മിൽ ഉടമകൾ സൂചിപ്പിക്കുന്നത്. നിലവിൽ 231 മുതൽ 252 രൂപയ്ക്ക് വരെ കൊപ്ര ലഭിക്കാൻ തുടങ്ങിയതോടെ മേഖലകളിലെ ചെറുകിട ഉൽപാദകരും മില്ലുകാരും ലീറ്ററിന് 400 – 410 രൂപ നിരക്കിൽ വെളിച്ചെണ്ണ വിൽക്കുന്നുണ്ട്.