Supplyco: വെളിച്ചെണ്ണ മാത്രമല്ല, വില കുറവ് മറ്റ് സാധനങ്ങൾക്കുമുണ്ടേ, നിരക്ക് മാറുന്നത് ഇവയ്ക്ക്..
Supplyco New rates: ഓണക്കാലത്ത് സാധനങ്ങൾ വില കുറവിൽ നൽകിയതോടെ റെക്കോർഡ് വരുമാനമാണ് സപ്ലൈകോ നേടിയത്. 56.73 ലക്ഷം കാർഡുടമകൾ സാധനങ്ങൾ കൈപ്പറ്റി.

പ്രതീകാത്മക ചിത്രം
വെളിച്ചെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വില കുറച്ച് സംസ്ഥാന സർക്കാർ. സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജിആർ അനിൽ അറിയിച്ചു. സെപ്റ്റംബർ 22 മുതൽ സാധനങ്ങൾ പുതിയ നിരക്കിൽ ലഭ്യമാകും.
ശബരി സബ്‌സിഡി വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ എന്നിവയുടെ വിലയാണ് കുറയുക. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്ന് 319 രൂപയായും ശബരി നോൺ സബ്‌സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായും കുറയ്ക്കും. തുവര പരിപ്പിന്റെ വില കിലോഗ്രാമിന് 93 രൂപയിൽ നിന്ന് 88 രൂപയായും. ചെറുപയറിന്റെ വില 90 രൂപയിൽ നിന്ന് 85 രൂപയായി കുറയും.
ALSO READ: വെളിച്ചെണ്ണ വില കുറയും, സെപ്റ്റംബർ 22 മുതൽ പുതിയ നിരക്ക്; പ്രഖ്യാപനവുമായി ഭക്ഷ്യമന്ത്രി
കൂടാതെ ഓണക്കാലത്ത് എല്ലാ കാർഡ് ഉടമകൾക്കും 25 രൂപ നിരക്കിൽ 20 കിലോ അരി നൽകിയ പദ്ധതി തുടരുമെന്നും മന്ത്രി പറഞ്ഞു. കെ റൈസ് എട്ട് കിലോ 33 രൂപ നിരക്കിലും സ്പെഷ്യൽ അരി 20 കിലോ 25 രൂപ നിരക്കിലും നൽകും.
ഓണക്കാലത്ത് സാധനങ്ങൾ വില കുറവിൽ നൽകിയതോടെ റെക്കോർഡ് വരുമാനമാണ് സപ്ലൈകോ നേടിയത്. 56.73 ലക്ഷം കാർഡുടമകളാണ് സാധനങ്ങൾ കൈപ്പറ്റിയത്. 386 കോടി രൂപയുടെ ആകെ വിറ്റുവരവ് ഉണ്ടായതിൽ 180 കോടി സബ്സിഡി വിൽപ്പനയിൽ നിന്നാണ് ലഭിച്ചത്. സബ്സിഡിയേതര ഇനത്തിൽ 206 കോടി നേടി. റേഷൻ കടകൾ വഴി 598 കോടിയുടെ 1.49 ലക്ഷം മെട്രിക് ടൺ അരി വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.