Coffee Powder Price in Kerala: കാപ്പി വില കുറച്ച് ബ്രസീലിയൻ മഴ; കേരളത്തിൽ കാപ്പി പൊടിക്ക് എത്ര രൂപ?
Coffee Powder Price in Kerala: അനുകൂലമായ മഴ, വിള മെച്ചപ്പെടുത്താനും ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന പ്രതീക്ഷയാണ് വില കുറയാൻ പ്രധാന കാരണം.

Coffee
ലോകത്തിലെ ഏറ്റവും വലിയ അറബിക്ക കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ബ്രസീൽ. ഇത്തവണ ബ്രസീലിയയിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചത് കാപ്പി വില കുറയാൻ കാരണമായിട്ടുണ്ട്. ബ്രസീലിലെ ഏറ്റവും വലിയ അറബിക്ക കാപ്പി കൃഷി ചെയ്യുന്ന പ്രദേശമായ മിനാസ് ഗെറൈസിൽ ഈ ആഴ്ചയിൽ 25.9 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് റിപ്പോർട്ട്. ഇത് വിളവ് വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
കാപ്പി മരങ്ങൾ പൂവിടുന്ന നിർണ്ണായക സമയമാണ് സെപ്റ്റംബർ മാസം. ഈ സമയത്തെ അനുകൂലമായ മഴ, വിള മെച്ചപ്പെടുത്താനും ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന പ്രതീക്ഷയാണ് വില കുറയാൻ പ്രധാന കാരണം. മികച്ച വിളവ് പ്രതീക്ഷിക്കുന്നതോടെ അറബിക്ക, റോബസ്റ്റാ കാപ്പി ഫ്യൂച്ചറുകളുടെ വില ഇടിഞ്ഞു. കൂടാതെ, ബ്രസീലിൽ നിന്നുള്ള കാപ്പി ഇറക്കുമതിക്ക് യു.എസ്. ഏർപ്പെടുത്തിയ 50% തീരുവ കാരണം അമേരിക്കൻ ഉപഭോക്താക്കൾ പുതിയ കരാറുകൾ ഒഴിവാക്കുകയാണ്. ഇത് ഐ.സി.ഇ. (ICE) കാപ്പി ശേഖരം ഒന്നര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയാൻ കാരണമായിട്ടുണ്ട്.
അതേസമയം, ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിനാ കാലാവസ്ഥാ പ്രതിഭാസത്തിന് 71% സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ബ്രസീലിൽ വരൾച്ചയ്ക്ക് കാരണമാവുകയും വിളയെ ദോഷകരമായി ബാധിക്കുകയും ചെയ്തേക്കാം. അങ്ങനെയെങ്കിൽ വില ഉയർന്നേക്കും.
കേരളത്തിൽ കാപ്പി പൊടി വില
ആഗോള തലത്തിൽ കാപ്പി വില കുറഞ്ഞത് കേരളത്തിലെ കാപ്പിപ്പൊടി വിലയെ നേരിട്ട് സ്വാധീനിക്കും, ഇത് കാപ്പിപ്പൊടിയുടെ വില കുറയാൻ കാരണമാകും. കാപ്പിക്കുരുവിന്റെ മൊത്തവില കുറയുന്നത്, സ്വാഭാവികമായും ഉത്പാദനച്ചെലവ് കുറയുകയും വിപണിയിലെ കാപ്പിപ്പൊടിയുടെ ചില്ലറ വില കുറയാൻ സഹായിക്കുകയും ചെയ്യും.
ആഗോള വിലയിലെ ഈ ഇടിവ് കാരണം കേരളത്തിലെ കാപ്പിക്കർഷകർ ആശങ്കയിലാണ്. 280 രൂപയ്ക്ക് മുകളിൽ പോയ റോബസ്റ്റ കാപ്പിക്കുരുവിന്റെ വില, ബ്രസീലിലെ മികച്ച വിളവെടുപ്പ് പ്രതീക്ഷകൾ വന്നതോടെ 200-നും 230-നും ഇടയിലായി കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം. കിസാൻഡീൽസ് ഓൺലൈൻ പ്രകാരം നിലവിൽ ഒരു കിലോഗ്രാം കാപ്പിയുടെ വില 227.5 രൂപയാണ്. ഒരു ക്വിറ്റലിന് 22750 രൂപയും.