LPG Price Cut: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വില കുറഞ്ഞു; പുതിയ നിരക്ക് അറിയാം
Commercial LPG Cylinder Price Reduced: ജൂൺ 1 മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരിക. തുടർച്ചയായി മൂന്നാം മാസമാണ് വാണിജ്യ എൽപിജി വില കുറയുന്നത്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 24 രൂപയാണ് കുറച്ചത്. ദൈനംദിന പ്രവർത്തികൾക്കായി 19 കിലോഗ്രാം എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇത് വലിയ ആശ്വാസമാണ്.
ജൂൺ 1 മുതലാണ് പുതിയ വില പ്രാബല്യത്തിൽ വരിക. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്. കൊൽക്കത്തയിൽ വില 1,826 രൂപയായി. മുംബൈയിൽ 1,674.50 രൂപയും ചെന്നൈയിൽ 1,881 രൂപയുമാണ് പുതുക്കിയ വില.
തുടർച്ചയായി മൂന്നാം മാസമാണ് വാണിജ്യ എൽപിജി വില കുറയുന്നത്. മെയ് മാസത്തിന്റെ തുടക്കത്തിൽ എണ്ണകമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 14.50 രൂപ കുറച്ചിരുന്നു. അതിനു മുമ്പ്, ഏപ്രിൽ ഒന്നിന് 41 രൂപയും കുറച്ചു.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ ഓരോ മാസവും ആദ്യ ദിവസം ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും (എടിഎഫ്) പാചക വാതകത്തിന്റെയും വില പരിഷ്കരിക്കാറുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലയും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളും അടിസ്ഥാനമാക്കിയാണ് ഈ പരിഷ്കാരങ്ങൾ.
ALSO READ: പുതിയ ചട്ടത്തില്‍ ‘കുടുക്കരുത്’! 2 ലക്ഷം വരെ സ്വര്‍ണ വായ്പയ്ക്ക് കേന്ദ്രത്തിന്റെ ആശ്വാസം
അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരും. മാർച്ചിൽ സർക്കാർ എൽപിജി സിലിണ്ടറുകളുടെ വില 50 രൂപ വർദ്ധിപ്പിച്ചിരുന്നു. , യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളെത്തുടർന്ന് ആഗോള അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ വർധനവാണ് പാചകവാതക വില ഉയരാൻ കാരണമായത്.