Credit Score: ദീപാവലി ചെലവുകൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ തകർക്കില്ല, ചെയ്യേണ്ടത് ഇത്…
Credit Score in Diwali: ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നൽകുന്ന വമ്പൻ ഓഫറുകളും ക്രെഡിറ്റ് കാർഡ് ഡിസ്‌കൗണ്ടുകളും ആരെയും ആകർഷിക്കാൻ പോന്നതാണ്.

പ്രതീകാത്മക ചിത്രം
ദീപാവലി പോലുള്ള ഉത്സവങ്ങൾ സമ്മാനങ്ങളുടെയും ആഘോഷങ്ങളുടെയും മാത്രമല്ല, സാമ്പത്തിക കാര്യങ്ങളിൽ ഏറെ ശ്രദ്ധ നൽകേണ്ട ഒരു സമയം കൂടിയാണ്. ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നൽകുന്ന വമ്പൻ ഓഫറുകളും ക്രെഡിറ്റ് കാർഡ് ഡിസ്‌കൗണ്ടുകളും ആരെയും ആകർഷിക്കാൻ പോന്നതാണ്. എന്നാൽ, ഈ ആകർഷണങ്ങളിൽ വീണ്, ആവശ്യത്തിലധികം പണം ചെലവഴിക്കുകയും, വായ്പകളുടെ തിരിച്ചടവിൽ വീഴ്ച വരുത്തുകയും ചെയ്താൽ, അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കും.
ഉത്സവ സീസൺ ചെലവുകൾക്കിടയിൽപെട്ട് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നഷ്ടമാകാതിരിക്കാനുള്ള ചില വഴികൾ ഏതെല്ലാമെന്ന് നോക്കിയാലോ…
ലിസ്റ്റ് ചെയ്യുക
ഈ ഉത്സവകാലത്ത് നിങ്ങൾക്ക് യഥാർത്ഥത്തിൽ എന്തൊക്കെയാണ് വാങ്ങേണ്ടതെന്ന് ഒരു ലിസ്റ്റ് ഉണ്ടാക്കുക. ‘കണ്ണിൽ കണ്ടതെല്ലാം’ വാങ്ങാനുള്ള പ്രവണത ഒഴിവാക്കുക. വലിയ തുകയുടെ സാധനങ്ങൾ വാങ്ങാൻ വായ്പ എടുക്കുന്നതിന് പകരം, നേരത്തെ തന്നെ ഒരു ‘ഫെസ്റ്റിവൽ ഫണ്ട്’ (ഉത്സവ ഫണ്ട്) ഉണ്ടാക്കി അതിലേക്ക് കൃത്യമായി പണം മാറ്റിവെക്കുക. സ്വന്തം പണം ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നത് വായ്പാ തിരിച്ചടവ് ബാധ്യത പൂർണ്ണമായും ഒഴിവാക്കാൻ സഹായിക്കും.
ക്രെഡിറ്റ് കാർഡ് ഓഫറുകൾ
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം നൽകുന്നത് വഴി ലഭിക്കുന്ന 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടുകളും റിവാർഡ് പോയിൻ്റുകളും പ്രയോജനപ്പെടുത്തുക. ഡിസ്‌കൗണ്ടുകൾ നേടുന്നതിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച ശേഷം, കൃത്യ സമയത്തിന് മുമ്പോ, നിശ്ചിത തീയതിക്ക് ഉള്ളിലോ മുഴുവൻ കുടിശ്ശികയും അടച്ചുതീർക്കുക.
ഇങ്ങനെ കൃത്യമായി അടച്ചുതീർക്കാൻ സാധിച്ചാൽ, നിങ്ങൾ കാർഡിൻ്റെ ആനുകൂല്യങ്ങൾ നേടുകയും, അതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിലനിർത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുകയും ചെയ്യാം. ഭാഗികമായി അടയ്ക്കുന്നത് പലിശയ്ക്ക് പുറമെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കും.
വ്യക്തിഗത വായ്പകൾ
ഫെസ്റ്റിവൽ ഫണ്ടിലൂടെ പണം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം, വ്യക്തിഗത വായ്പകളെ ആശ്രയിക്കാം. ഉത്സവ സീസണിൽ കുറഞ്ഞ പലിശ നിരക്ക്, പ്രോസസ്സിംഗ് ഫീസിലെ ഇളവുകൾ തുടങ്ങിയ ആകർഷകമായ ഓഫറുകൾ ഉണ്ടാകും. വിവിധ ബാങ്കുകളുടെയും NBFC-കളുടെയും ഓഫറുകൾ താരതമ്യം ചെയ്ത് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുക.
വായ്പ എടുത്താൽ, അതിൻ്റെ ഇഎംഐ (പ്രതിമാസ തിരിച്ചടവ്) തുക നിങ്ങളുടെ മാസ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇഎംഐ കൃത്യ സമയത്ത് അടയ്ക്കുന്നത് ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാനുള്ള ഒരു നല്ല മാർഗ്ഗമാണ്.
സാമ്പത്തിക പരിശോധന
ആഘോഷങ്ങൾ അവസാനിച്ച ഉടൻ ഒരു ‘സാമ്പത്തിക പരിശോധന’ നടത്തുക. നിങ്ങൾ ബഡ്ജറ്റിനുള്ളിൽ നിന്നുണ്ടോ, അതോ അമിതമായി ചെലവഴിച്ചോ എന്ന് വിലയിരുത്തുക. ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ എല്ലാം അടച്ചു തീർത്തോ എന്ന് ഉറപ്പാക്കുക.