Dubai Princess Sheikha Mahra: ഇൻസ്റ്റഗ്രാമിലൂടെ ‘ഡിവോഴ്സ്’, സമ്പാദിക്കുന്നത് കോടികൾ; വിവാദ രാജകുമാരിയുടെ ആസ്തി
Who is Dubai’s Princess Sheikha Mahra: ദുബായ് ഭരണാധികാരിയുടെ മകളാണെങ്കിലും ബിസിനസുകാരി, ബ്രാന്‍ഡ് നിര്‍മ്മാതാവ് എന്നീ നിലകളിലാണ് ഷെയ്ഖ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവാഹമോചനം നടത്തിയ ദുബായിലെ ഷെയ്ഖ മഹ്‌റ രാജകുമാരി വീണ്ടും വാർത്തകളിൽ നിറയുകയാണ്. രാജകുമാരിയും റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ദുബായ് ഭരണാധികാരിയുടെ മകളാണെങ്കിലും ബിസിനസുകാരി, ബ്രാന്‍ഡ് നിര്‍മ്മാതാവ് എന്നീ നിലകളിലാണ് ഷെയ്ഖ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
കണക്കുപ്രകാരം, ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജകുടുംബങ്ങളിലൊന്നായ ഇവരുടെ മൊത്തം ആസ്തി 18–20 ബില്യൺ ഡോളറാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, രാജകുമാരിയുടെ സ്വകാര്യ ആസ്തി ഏകദേശം 300 മില്യൺ ഡോളർ മുതൽ 1.5 ബില്യൺ ഡോളർ വരെയാണെന്ന് കണക്കാക്കപ്പെടുന്നു. പാരമ്പര്യമായി ലഭിക്കുന്ന സമ്പത്തിന് പുറമേ, വർഷം തോറും ദശലക്ഷക്കണക്കിന് രൂപയാണ് രാജകുമാരി സമ്പാദിക്കുന്നത്. റോൾസ് റോയ്‌സ്, ലംബോർഗിനി, ഫെരാരി തുടങ്ങിയ ആഡംബര വാഹനങ്ങളും ഷെയ്ഖ മഹ്റയ്ക്കുണ്ട്.
മഹ്‌റ എം1
2024-ൽ, വിവാഹമോചനത്തിനുശേഷമാണ് മഹ്റ ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്. സുഗന്ധദ്രവ്യ ബ്രാൻഡായ മഹ്‌റ എം1 പുറത്തിറക്കിയാണ് രാജകുമാരി ബിസിനസ് ലോകത്തേക്ക് പ്രവേശിച്ചത്. ‘ഡിവോഴ്‌സ്’ എന്ന പേരിൽ വിപണിയിൽ എത്തിയ സുഗന്ധദ്രവ്യത്തിന്റെ ഒരു കുപ്പിക്ക് 272 ഡോളർ വില വരുമെന്നാണ് കണക്ക്.
ALSO READ: 12ാം വയസിൽ വിവാഹം, പീഡനം; ഇന്ന് കോടികളുടെ സമ്പാദ്യം, ഇന്ത്യയിലെ ആദ്യ വനിതാ സംരംഭകയുടെ ജീവിതം…
വിദ്യാഭ്യാസം, വിവാഹം
1994 ൽ ജനിച്ച മഹ്റ ലണ്ടനിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസ് പഠിച്ചു. തുടർന്ന് ദുബായിൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ പഠിച്ചു. 2023-ൽ അവർ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിനെ വിവാഹം കഴിച്ചു, 2024 മെയിൽ ഒരു മകൾ ജനിച്ചു. എന്നാൽ, വെറും രണ്ട് മാസങ്ങൾക്ക് ശേഷം, തലാഖ് ചൊല്ലിക്കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മഹ്‌റ വിവാഹമോചനം പ്രഖ്യാപിച്ചു. ഒരു രാജകീയ വ്യക്തിയെ സംബന്ധിച്ച് അസാധാരണമായ ഒരു നീക്കമായിരുന്നു ഇത്. അതിനാൽ തന്നെ ആഗോള മാധ്യമങ്ങളിൽ ഇത് വലിയ വാർത്തയായിരുന്നു.
ജീവിതത്തിലെ പുതിയ അധ്യായം
2025 ൽ ഷെയ്ഖ മഹ്‌റയും റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. 2024 മുതല്‍ തന്നെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജൂണില്‍ നടന്ന പാരിസ് ഫാഷന്‍വീക്കില്‍ പ്രണയം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.