AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EPFO: പിഎഫ് ബാലന്‍സിന്റെ 100% വരെ പിന്‍വലിക്കാം; പരിഷ്‌കാരങ്ങളുമായി ഇപിഎഫ്ഒ

Latest EPFO Meeting Decisions: കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഇതുവരെ തൊഴില്‍ നഷ്ടപ്പെടുകയോ വിരമിക്കുകയോ ചെയ്യുമ്പോഴായിരുന്നു പണം പൂര്‍ണമായും പിന്‍വലിക്കാന്‍ സാധിച്ചിരുന്നുള്ളൂ.

EPFO: പിഎഫ് ബാലന്‍സിന്റെ 100% വരെ പിന്‍വലിക്കാം; പരിഷ്‌കാരങ്ങളുമായി ഇപിഎഫ്ഒ
ഇപിഎഫ്ഒImage Credit source: SOPA Images/ Getty Images
Shiji M K
Shiji M K | Updated On: 14 Oct 2025 | 11:10 AM

ന്യൂഡല്‍ഹി: അംഗങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തി ഇപിഎഫ്ഒ. അര്‍ഹമായ മുഴുവന്‍ തുകയും അംഗങ്ങള്‍ക്ക്‌ പിഎഫ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കുമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ 238ാമത് യോഗത്തില്‍ അറിയിച്ചു. ജീവനക്കാരുടെയും തൊഴിലുടമയുടെയും വിഹിതം ഉള്‍പ്പെടെ ഇതോടെ അംഗങ്ങള്‍ക്ക് പിന്‍വലിക്കാവുന്നതാണ്.

കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഇതുവരെ തൊഴില്‍ നഷ്ടപ്പെടുകയോ വിരമിക്കുകയോ ചെയ്യുമ്പോഴായിരുന്നു പണം പൂര്‍ണമായും പിന്‍വലിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഒരു മാസം ജോലിയില്ലാതെ ആയാല്‍ പിഎഫ് തുകയുടെ 75 ശതമാനം വരെയും രണ്ട് മാസത്തിന് ശേഷം ബാക്കിയുള്ള 25 ശതമാനവും പിന്‍വലിക്കാന്‍ അനുവദിക്കുന്നതായിരുന്നു നിയമം.

വിരമിക്കുമ്പോള്‍ പിഎഫില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കുന്ന പണത്തിന്റെ പരിധി 90 ശതമാനമായിരുന്നു. എന്നാല്‍ ഇനി മുതല്‍ 100 ശതമാനം തന്നെ പിന്‍വലിക്കാന്‍ സാധിക്കും. വീട് നിര്‍മ്മാണം, ഇഎംഐ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ ഇത് അംഗങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും.

13 വ്യവസ്ഥകളെ ലയിപ്പിച്ചുകൊണ്ടാണ് യോഗം പുതിയ പിന്‍വലിക്കല്‍ നിയമം അംഗീകരിച്ചത്. വിദ്യാഭ്യാസ ആവശ്യത്തിനായുള്ള പിന്‍വലിക്കല്‍ പരിധി 10 തവണ വരെയാക്കി ഉയര്‍ത്തി. നേരത്തെ മൂന്ന് തവണ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇതിന് പുറമെ എല്ലാ ഭാഗികമായ പിന്‍വലിക്കലുകള്‍ക്കും മിനിമം സേവനത്തിന്റെ ദൈര്‍ഘ്യം 12 മാസമാക്കിയും ചുരുക്കി.

പ്രത്യേക സാഹചര്യങ്ങളില്‍ എന്ന വിഭാഗത്തില്‍ ഭാഗികമായി പണം പിന്‍വലിക്കുമ്പോള്‍ ഇനി മുതല്‍ നിങ്ങള്‍ കാരണങ്ങള്‍ വ്യക്തമാക്കേണ്ടതുമില്ല. പ്രകൃതി ദുരന്തം, അടച്ചുപൂട്ടല്‍, തൊഴിലില്ലായ്മ, പകര്‍ച്ചവ്യാധി തുടങ്ങിയ കാരണങ്ങള്‍ നേരത്തെ ബോധിപ്പിക്കണമായിരുന്നു. ഇത് ക്ലെയിമുകള്‍ നിരസിക്കുന്നതിലേക്ക് ഉള്‍പ്പെടെ കാര്യങ്ങളെത്തിച്ചു. ഇനി മുതല്‍ കാരണങ്ങള്‍ വെളിപ്പെടുത്താതെ പണം പിന്‍വലിക്കാനായി അപേക്ഷ സമര്‍പ്പിക്കാം.

Also Read: EPFO 3.0: കാത്തിരിപ്പൊക്കെ അവസാനിച്ചു; ജനുവരിയില്‍ പിഎഫ് തുക എടിഎമ്മിലെത്തും

എന്നാല്‍, ഇപിഎഫ്ഒ അംഗങ്ങള്‍ തങ്ങളുടെ പിഎഫ് അക്കൗണ്ടില്‍ 25 ശതമാനം മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന കാര്യം ഓര്‍മ്മിക്കുക എന്ന മുന്നറിയിപ്പും തൊഴില്‍ മന്ത്രാലയം നല്‍കുന്നുണ്ട്. ഇങ്ങനെ 25 ശതമാനം ബാലന്‍സ് നിലനിര്‍ത്തുന്നത് 8.25 ശതമാനം വാര്‍ഷിക പലിശ ലഭിക്കാന്‍ നിങ്ങളെ സഹായിക്കും.