Fitness Bank: വെറുതെ ‘നടന്ന്’ കോടീശ്വരനാകാം; കൂടുതൽ നടക്കുന്നവർക്ക് കൂടുതൽ പണം
Fitness Bank Step Savings: എത്രത്തോളം നടക്കുന്നുവോ അത്രത്തോളം പണം തരുന്ന ബാങ്കിനെ പറ്റി കേട്ടിട്ടുണ്ടോ? പ്രതിദിനം 5.25 ശതമാനം വരെ പലിശയാണ് ഇതിലൂടെ ലഭിക്കുന്നത്.

പ്രതീകാത്മക ചിത്രം
പണം സമ്പാദിക്കുന്നതിനായി പുതുവഴികൾ തേടുന്നവരാണ് നമ്മൾ ഓരോരുത്തരും. എന്നാൽ വെറുതെ നടക്കുന്നതിലൂടെ പണം സമ്പാദിക്കാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? എത്രത്തോളം നടക്കുന്നുവോ അത്രത്തോളം പണം തരുന്ന ബാങ്കിനെ പറ്റി കേട്ടിട്ടുണ്ടോ? പ്രതിദിനം 5.25 ശതമാനം വരെ പലിശയാണ് ഈ ബാങ്ക് നൽകുന്നത്.
യു.എസിൽ പ്രവർത്തിക്കുന്ന ഫിറ്റ്‌നസ് ബാങ്ക് (Fitness Bank) എന്ന സ്ഥാപനമാണ് ഉപഭോക്താക്കൾക്ക് പണം സമ്പാദിക്കാൻ ഈ വ്യത്യസ്ത മാർഗ്ഗം ഒരുക്കുന്നത്. എത്ര പണം നിക്ഷേപിക്കുന്നു എന്നതിനേക്കാൾ എത്രത്തോളം നടന്നു എന്നതിനെ ആശ്രയിച്ചാണ് ഈ ബാങ്ക് പലിശ നൽകുന്നത്. നിങ്ങൾ എത്രയധികം നടക്കുന്നുവോ, അത്രയധികം പലിശ നിരക്ക് ലഭിക്കും. ഇത് 5.25% APY വരെ എത്താൻ സാധ്യതയുണ്ട്. ഫിറ്റ്‌നസ് ബാങ്കിന്റെ സ്റ്റെപ്പ് ട്രാക്കർ ആപ്പ്, ഉപയോക്താക്കളുടെ Apple Health, Google Fit, Fitbit, അല്ലെങ്കിൽ Garmin പോലുള്ള ഫിറ്റ്‌നസ് ട്രാക്കറുകളുമായി ബന്ധിപ്പിച്ച് അവരുടെ ശാരീരിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു.
ഫിറ്റ്‌നസ് സേവിംഗ്സ് അക്കൗണ്ട്
പ്രതിദിനം ശരാശരി 12,500 ചുവടുകൾ നടന്നാൽ 4.45% APY വരെ നേടാം. 10,000 ചുവടുകൾ നടക്കുന്നവർക്ക് 3.00% APY ലഭിക്കും. 10,000 ചുവടുകളിൽ കുറവ് നടക്കുന്നവർക്ക് പലിശ നിരക്ക് 1.00% അല്ലെങ്കിൽ അതിൽ താഴെയായി കുറയുന്നതാണ്.
എലൈറ്റ് ചെക്കിങ് അക്കൗണ്ട്
പ്രതിദിനം ശരാശരി 10,000 ചുവടുകൾ നടക്കുകയും ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിൽ 15 ഡെബിറ്റ് കാർഡ് പർച്ചേസുകൾ പൂർത്തിയാക്കുകയും ചെയ്താൽ 25,000 ഡോളർ വരെയുള്ള നിക്ഷേപത്തിന് 5.25% APY ലഭിക്കും.
അതേസമയം, 65 വയസ്സിന് മുകളിലുള്ള ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ നിരക്കുകൾ നേടുന്നതിനുള്ള ചുവടുകളുടെ ലക്ഷ്യം 2,500 എണ്ണം കുറച്ചിട്ടുണ്ട്.
അക്കൗണ്ടിന്റെ സവിശേഷതകൾ
18 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരു യുഎസ് പൗരനും അക്കൗണ്ട് ആരംഭിക്കാം. കുറഞ്ഞത് 100 ഡോളർ മുതൽ നിക്ഷേപം തുടങ്ങാം. പ്രതിമാസം 10 ഡോളർ മെയിന്റനൻസ് ഫീസ് ഉണ്ട്, എന്നാൽ പ്രതിദിനം 100 ഡോളർ മിനിമം ബാലൻസ് നിലനിർത്തിയാൽ ഇത് ഒഴിവാക്കാവുന്നതാണ്. പ്രതിമാസം ആറ് സൗജന്യ പിൻവലിക്കലുകൾ അനുവദനീയമാണ്. ഓരോ അധിക പിൻവലിക്കലിനും 10 ഡോളർ ഫീസ് ഈടാക്കും.