5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gautam Adani Case: ഗൗതം അദാനിക്കെതിരെ അമേരിക്കയിലും അഴിമതിക്കുറ്റം; എന്താണ് പുതിയ കേസ്?

Gautam Adani Bribery Case : അഴിമതി, വ‍ഞ്ചന, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അദാനിക്കും മറ്റ് ഉന്നതർക്കുമെതിരെ ന്യൂയോർക്ക് ഫെഡറൽ കോടതി കേസ് എടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തത്.

Gautam Adani Case: ഗൗതം അദാനിക്കെതിരെ അമേരിക്കയിലും അഴിമതിക്കുറ്റം; എന്താണ് പുതിയ കേസ്?
sarika-kp
Sarika KP | Updated On: 26 Nov 2024 16:33 PM

ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി. സൗരോർജ്ജ വിതരണ കരാറുകൾക്കായി 2,029 കോടി രൂപ (265 ദശലക്ഷം യുഎസ് ഡോളര്‍) കൈക്കൂലി നൽകിയെന്നതാണ് അദാനിക്കെതിരെയുള്ള കുറ്റം. രണ്ടു ബില്യൻ ഡോളറിലധികം മൂല്യമുള്ള സൗരോർജ കരാറുകൾ സ്വന്തമാക്കുന്നതിനാണ് കൈക്കൂലി വാ​​ഗ്ദാനം ചെയ്തതെന്നും പറയുന്നു. സംഭവത്തിൽ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, മറ്റ് ആറ് പേരുമാണ് പ്രതികൾ.

അഴിമതി, വ‍ഞ്ചന, ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അദാനിക്കും മറ്റ് ഉന്നതർക്കുമെതിരെ ന്യൂയോർക്ക് ഫെഡറൽ കോടതി കേസ് എടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തത്. ഗൗതം അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നു യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും വ്യക്തമാക്കി. ഇതോടെ കേസ് അദാനിക്കെതിരെയാണെങ്കിലും അദാനി ഗ്രൂപ്പിന് ‘വഴിവിട്ട’ സഹായങ്ങൾ ചെയ്തുവെന്ന ആരോപണമുനയിലുള്ളത് നരേന്ദ്ര മോദി സർക്കാരാണ്. മോദി സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകിയാണ് അദാനി ഗ്രൂപ്പ് കരാറുകൾ സ്വന്തമാക്കിയത് എന്നാണ് യുഎസിലെ കുറ്റപത്രത്തിലുള്ളത്.

എന്താണ് അദാനിക്കെതിരായ കേസ്?

രാജ്യത്തിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇരുപത് വർഷം കൊണ്ട് ഏകദേശം പതിനാറായിരം കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന കരാറുകള്‍ നേടുന്നതിനുമാണ് ഇന്ത്യൻ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി ഏകദേശം 2,029 കോടി രൂപ നൽകാൻ ശ്രമിച്ചതെന്നാണ് യുഎസ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കുന്നത്. അദാനിയുടെ ​ഗ്രീൻ എനർജിക്കും മറ്റൊരു കമ്പനിക്കും 12 ഗിഗാവാട്ടിന്റെ സൗരോർജ പദ്ധതിയുടെ കരാർ ലഭിക്കാൻ കേന്ദ്ര സർക്കാരിലെ ഉ​ദ്യോ​ഗസ്ഥർക്ക് 25 കോടി ഡോളർ (ഏകദേശം 2,029 കോടി രൂപ) കൈക്കൂലി കൊടുത്തെന്നാണ് ആരോപണം. ഇതിനു പുറമെ അമേരിക്കയിൽ നിക്ഷേപകരിൽ നിന്ന് കോൺട്രാക്ടിന് വേണ്ടിയുള്ള പണം ശേഖരിക്കാൻ കമ്പനി ഈ വിവരങ്ങൾ മറച്ചുവെച്ചുമെന്നും ഈസ്റ്റേൺ ഡിസ്ട്രിക്‌ട് ഓഫ് ന്യൂയോർക്കിലെ യു.എസ് അറ്റോർണി നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.

ഗൗതം അദാനി (Image credits: PTI)

ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീൻ എനർജി എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗർ അദാനി, കമ്പനിയുടെ സിഇഒ വിനീത് ജെയ്ൻ, യുഎസ് കമ്പനിയായ അസ്യൂർ പവർ ഗ്ലോബലിന്റെ മുൻ എക്സിക്യുട്ടീവുമാരായ രഞ്ജിത് ഗുപ്ത, രൂപേഷ് അഗർവാൾ, കനേഡിയൻ നിക്ഷേപകരായ സിറിൾ കബേയ്ൻസ്, സൗരഭ് അഗർവാൾ, ദീപക് മൽഹോത്ര എന്നിവർക്കെതിരെയാണു കേസ്. കബേയ്ൻസ്, സൗരഭ് അഗർവാൾ, മൽഹോത്ര, രൂപേഷ് എന്നിവർ യുഎസ് ഫെഡറൽ ക്രിമിനൽ ആൻഡ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മിഷനെ കബളിപ്പിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.

അതേസമയം കൈക്കൂലി ആരോപണങ്ങൾ ഇന്ത്യയിലാണ് നടന്നതെങ്കിലും ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതാണെങ്കിലും, അമേരിക്കൻ നിക്ഷേപകരോ വിപണികളോ അതിൽ ഉൾപ്പെട്ടാൽ അഴിമതി കേസുകൾ എടുക്കാൻ അമേരിക്കൻ നിയമം അനുവദിക്കുന്നു. ഇവിടെ ഉൾപ്പെട്ടിട്ടുള്ളത് യുഎസിൽ ഊർജപദ്ധതിയും അതു ചൂണ്ടിക്കാട്ടി യുഎഎസ് നിക്ഷേപകരിൽനിന്ന് മൂലധന സമാഹരണവുമാണ്. ഇതിനു പുറമെ ഇതുസംബന്ധുച്ചുള്ള ഇടപാടുകൾ ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് പരിധിയിലാണു നടന്നതെന്നതിനാലാണ് യുഎസ് കേസ് എടുത്തത്. വ്യാജ രേഖകൾ ഉണ്ടാക്കിയാണ് അമേരിക്കയിൽ ബോണ്ട് ഇറക്കി മൂലധന സമാഹരണം നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റാരോപിതരിൽ ഒരാൾ ഒഴികെ ബാക്കിയുള്ളവർ ഇന്ത്യയിലാണുള്ളത്. കബേയ്ൻസ് എന്ന് ഓസ്ട്രിലേയൻ-ഫ്രഞ്ച് സ്വദേശിയാണ് ആ ഒരാൾ.

ഓഹരികൾ തകർന്നടിഞ്ഞു

അദാനിക്കെതിരെ അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെ അദാനി ​ഗ്രൂപ്പിന്റെ ഓഹരിവിപണികൾ തകർന്നടിഞ്ഞു. 2023-ൽ ജനുവരിയിൽ ഹിൻഡൻബർഗിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ തകർച്ചയ്ക്ക് സമാനമായുള്ള വീഴ്ചയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഇന്ന് ഒറ്റ ദിവസം കൊണ്ട് അദാനി എന്റർപ്രൈസസിന്റെ ഓഹരിവില 23.45% ഇടിഞ്ഞു. ഇതിനു പുറമെ അദാനി എനർജി സൊല്യൂഷൻസ് 20%, അദാനി ഗ്രീൻ എനർജി 18.89%, അംബുജ സിമന്റ് 12.56%, അദാനി പോർട്സ് 13.11%, എസിസി 7.22%, അദാനി പവർ 9.56%, അദാനി ടോട്ടൽ ഗ്യാസ് 10.35%, അദാനി വിൽമർ 10% എന്നിങ്ങനെ ഇടി‍ഞ്ഞു.

ഇതിനു പുറമെ അദാനിയുടെ ആസ്തിയിലും വൻ ഇടിവാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഒരു ലക്ഷം കോടിയിലേറെ രൂപ ​ഗൗതം അദാനിക്ക് ഇന്ന് നഷ്ടമായി. ഇതോടെ ഫോബ്സിന്റെ ആഗോള ശതകോടീശ്വര പട്ടികയിൽ 25-ാം സ്ഥാനത്തേക്ക് അദാനി പിന്തള്ളി. ഇതിനു മുൻപ് 22-ാം റാങ്കിൽ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. നിലവിൽ 5,570 കോടി ഡോളറാണ് (4.86 ലക്ഷം കോടി രൂപ) ​ഗൗതം അദാനിയുടെ ആസ്തി. എഷ്യയിലെയും ഇന്ത്യയിലെയും രണ്ടാമത്തെ വലിയ സമ്പന്നനാണ് ഗൗതം അദാനി. ഒന്നാമത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.

ഗൗതം അദാനി (Image credits: PTI)

ആരോപണങ്ങൾ തള്ളി അദാനി

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളി അ​​ദാനി രം​ഗത്ത് എത്തി. പുറത്തു വന്ന റിപ്പോർട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും തങ്ങൾ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും അദാനി ഗ്രൂപ്പ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. പുറത്തുവരുന്ന വിവരങ്ങളെ വെറും ആരോപണങ്ങൾ മാത്രമായി കാണണം. കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ സംബന്ധിച്ച് നിയമനടപടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതികൾ നിരപരാധികളായി കണക്കാക്കപ്പെടുന്നുവെന്നും അ​ദാനി ​ഗ്രൂപ്പ് പറയുന്നു. സത്യം തെളിയിക്കാൻ സാധ്യമായ എല്ലാ നിയമസഹായങ്ങളും തേടും എന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. കമ്പനി എന്നും അതിന്റെ പ്രവർത്തനങ്ങൾ സുതാര്യതയോടെയും നിയമവ്യവസ്ഥിതിയോടെയും മാത്രമാണ് പോയതെന്നും പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ നിയമങ്ങളോടെല്ലാം കൂറു പുലർത്തിയാണ് ഇതുവരെ പോകുന്നതെന്ന് തങ്ങളുടെ ബിസിനസ്സ് പങ്കാളികൾക്കും ജീവനക്കാർക്കും ഉറപ്പുനൽകുന്നുവെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. നിയമം അനുസരിക്കുന്ന സ്ഥാപനമാണ് തങ്ങളുടേത് എന്നും അതിനാൽ എല്ലാ നിയമങ്ങളും പൂർണ്ണമായും പാലിക്കാറുണ്ട് എന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു.

Latest News