Kerala Gold Rate: ട്രംപിന്റെ പ്രഖ്യാപനം, സ്വർണവിലയിൽ വൻ ഇടിവ്; കത്തിക്കയറി ക്രൂഡ് ഓയിൽ
Kerala Gold Rate Today: ജൂലൈ 1ന് 1,03,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ സ്വർണവില തിരിച്ചുകയറി. മൂന്നാം തീയതി 1,07,800 രൂപയായി വില കുതിച്ചു. ഇതോടെ സ്വർണവിലയിലെ പ്രതീക്ഷ സാധാരണക്കാർക്ക് നഷ്ടപ്പെട്ടു. എന്നാൽ, നാലാം തീയതി മുതൽ പവൻ വില ഇടിഞ്ഞു.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വർണവില ഇടിഞ്ഞത്. ഇന്ന് രാവിലെ പവന് 105960 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ചക്കഴിഞ്ഞതോടെ 1000 രൂപ വീണ്ടും കുറഞ്ഞു. നിലവിൽ പവന് 1,04,960 രൂപയും ഗ്രാമിന് 13,120 രൂപയുമാണ് നൽകേണ്ടത്.
സ്വർണവില തകർച്ചയിൽ
ഇറാനുമായുള്ള സമാധാന ഡീൽ പൊളിഞ്ഞെന്നും വെടിനിർത്തൽ ധാരണ അവസാനിപ്പിക്കുകയാണെന്നുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചു. തൊട്ടുപിന്നാലെ യു.എസ് ഡോളർ മുന്നേറിയതോടെ സ്വർണവില ഇടിയുകയായിരുന്നു. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില തകർച്ചയുടെ പാതയിലാണ്.
ജൂലൈ 1ന് 1,03,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ സ്വർണവില തിരിച്ചുകയറി. മൂന്നാം തീയതി 1,07,800 രൂപയായി വില കുതിച്ചു. ഇതോടെ സ്വർണവിലയിലെ പ്രതീക്ഷ സാധാരണക്കാർക്ക് നഷ്ടപ്പെട്ടു. എന്നാൽ, നാലാം തീയതി മുതൽ 1,07,800, 107520, 106520, 105960, 1,04,960 രൂപ എന്നിങ്ങനെ പവൻ വില ഇടിഞ്ഞു. ഇന്ന് രാവിലെ, ഗ്രാമിന് 70 രൂപ കുറഞ്ഞെങ്കിൽ ഉച്ചയ്ക്ക് 125 രൂപയുടെ ഇടിവാണ് ഉണ്ടായത്. രാജ്യാന്തര വില 93 ഡോളർ കൂപ്പുകുത്തി 4052 ഡോളറിലെത്തി.
ALSO READ: ഇന്നത്തെ സ്വര്‍ണവില; കേരളത്തില്‍ പൊന്ന് വാങ്ങാനിത് ബെസ്റ്റ് ടൈം
സമാധാനമില്ലെന്ന് ട്രംപ്
ഇറാനും യു.എസും തമ്മിൽ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടപ്പാക്കിയ സമാധാന ഡീൽ പൊളിഞ്ഞെന്ന് ട്രംപ് പറഞ്ഞു. തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയുടെ വേദിയിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ യുഎസ് വ്യോമസേന ശക്തമായ തിരിച്ചടി നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ അറിയിപ്പ്.
ഇതോടെ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധ ഭീതി പടർന്നിരിക്കുകയാണ്. യുഎസ് നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിന് മറുപടിയായി ബഹ്റൈനിലെയും കുവൈത്തിലെയും 85 യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷം ക്രൂഡോയിൽ വില ഉയർത്തിയതോടെ സ്വർണം കൂപ്പുക്കുത്തി.
ക്രൂഡ് ഓയിൽ വിലയും സ്വർണവും
ക്രൂഡ് ഓയിൽ വില കുതിച്ചുയരുമ്പോൾ ലോകമെമ്പാടും ഉൽപ്പാദന-ഗതാഗത ചെലവുകൾ വർദ്ധിക്കുകയും അത് പണപ്പെരുപ്പത്തിന് കാരണമാകും. അതുപോലെ, ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത് യു.എസ് ഡോളറിലാണ്. എണ്ണവില കൂടുമ്പോൾ ഡോളറിനുള്ള ഡിമാൻഡ് വർദ്ധിക്കുകയും ഡോളർ കൂടുതൽ ശക്തമാവുകയും ചെയ്യും. ഡോളർ ശക്തിപ്പെടുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് സ്വർണം വാങ്ങുന്നത് ചെലവേറിയതാകും. ഇത് സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കുകയും വില ഇടിക്കുകയും ചെയ്യും.
ഇനി രക്ഷ അഡ്വാൻസ് ബുക്കിങ്
സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വേണ്ടി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് തിരിച്ചടിയാണ് നൽകുന്നത്. രാവിലെ വില കുറഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ വില കുതിക്കാറുണ്ട്, അതുപോലെ തിരിച്ചു. ഇത്തരത്തിൽ വിലയിൽ നിരന്തരമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതിനാൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.
English Summary:
Gold prices declined sharply following US President Donald Trump’s announcement that the ceasefire agreement with Iran had ended. The price of gold was trading at Rs 1,05,960 per sovereign in the morning, but fell by another Rs 1,000 later in the day.