Kerala Gold Rate: സ്വർണം ഇന്ന് വാങ്ങുന്നത് ലാഭമോ? പവന് കൊടുക്കേണ്ടത് ഇത്രയും…
Gold Rate for One Pavan and Gram on June 10: ആഗോള രാഷ്ട്രീയ - സാമ്പത്തിക ചലനങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനങ്ങൾ ഇന്ത്യൻ വിപണിയെയും അതുവഴി കേരളത്തിലെ റീട്ടെയിൽ നിരക്കുകളെയും ബാധിക്കുന്നു. ഇറാൻ - ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്.
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. നിലവിൽ പവന് 1,12,320 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 14,040 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും ഉയരുന്നുണ്ട്. ഗ്രാമിന് 269.90 രൂപയും കിലോയ്ക്ക് 2,69,900 രൂപയുമാണ് നൽകേണ്ടത്.
സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പിന്നിൽ?
ആഗോള രാഷ്ട്രീയ – സാമ്പത്തിക ചലനങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ പ്രതിഫലനങ്ങൾ ഇന്ത്യൻ വിപണിയെയും അതുവഴി കേരളത്തിലെ റീട്ടെയിൽ നിരക്കുകളെയും ബാധിക്കുന്നു. നിലവിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നതിന് പിന്നാലെ ഇറാനിൽ യുഎസ് നടത്തിയ തിരിച്ചടി പ്രത്യാക്രമണം പശ്ചിമേഷ്യയിൽ യുദ്ധഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഈ അവസരത്തിൽ നിക്ഷേപകർ മറ്റ് നിക്ഷേപങ്ങളിൽ നിന്നും പണം പിൻവലിച്ച് ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കരുതുന്ന സ്വർണത്തിലേക്ക് മാറും. ഇത് സ്വർണവിലയെ ബാധിക്കും.
അതേസമയം, സംഘർഷം രൂക്ഷമാകുന്നതോടെ, ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരാൻ സാധ്യതയുണ്ട്. എണ്ണവില കൂടുന്നത് ആഗോള തലത്തിൽ പണപ്പെരുപ്പത്തിന് കാരണമാകും. കൂടാതെ, അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളും സ്വർണവിലയെ നേരിട്ട് ബാധിക്കുന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വരുന്ന നേരിയ ഇടിവ് പോലും സ്വർണം ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് വർധിപ്പിക്കുകയും അത്, രാജ്യത്തെ സ്വർണവിലയെ ബാധിക്കുകയും ചെയ്യുന്നു.
ALSO READ: പൊന്ന് വാങ്ങാന്‍ ഇതാണ് മക്കളേ ബെസ്റ്റ് ടൈം; ഇന്നത്തെ സ്വര്‍ണവില
ജൂൺ മാസത്തിലെ സ്വർണവില
ജൂൺ മാസത്തിലെ ആദ്യ ദിവസങ്ങളിൽ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. 1,2,3 തീയതികളിൽ വില മാറ്റമില്ലാതെ തുടർന്നു. 1,14,560 രൂപ നിരക്കിലായിരുന്നു പവന്റെ വ്യാപാരം. തുടർന്ന് നാലാം തീയതി 114480 രൂപയായി കുറഞ്ഞു. അഞ്ചാം തീയതിയും ഇതേ നിരക്കായിരുന്നു രേഖപ്പെടുത്തിയത്. ആറ്, ഏഴ് തീയതികളിൽ പവന് 112000 രൂപയായിരുന്നു നൽകേണ്ടത്. എട്ടാം തീയതിയും വൻ ഇടിവാണ് സംഭവിച്ചത്. 1,11,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ, കഴിഞ്ഞ ദിവസം സ്വർണം തിരിച്ചുകയറി. പവന് 1,12,320 രൂപയാണ് രേഖപ്പെടുത്തിയത്.
സ്വർണവില ഇതുവരെ
സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ, നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവില ഏറ്റവും കരുത്താർജ്ജിച്ച് മുന്നേറിയത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപയായിരുന്നു ഒരു പവന് രേഖപ്പെടുത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും റെക്കോർഡ് കുതിപ്പ് നടത്തി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്.
എന്നാൽ, പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതോടെ സ്വർണവിലയിൽ വൻ മാറ്റമാണ് രേഖപ്പെടുത്തിയത്. സംഘർഷത്തിന് പിന്നാലെ സ്വർണവില കൂടുമെന്ന പ്രവചനങ്ങളെ തകർത്ത് വൻ ഇടിവ് സംഭവിച്ചു. സാധാരണയായി യുദ്ധം പോലുള്ള അവസരങ്ങളിൽ സ്വർണവില കുതിക്കുകയാണ് പതിവ്. എന്നാൽ, ഇറാൻ – ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്.