Kerala Welfare Pension: ഓണത്തിന് ആവലാതി വേണ്ട; രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച് കിട്ടും
Kerala Government to Grant 2 Months Welfare Pension Ahead of Onam: ക്ഷേമ പെൻഷൻ നൽകുന്നത് സംബന്ധിച്ചുള്ള ഉത്തരവ് ധനവകുപ്പ് ഉടൻ പുറത്തിറക്കും. കേന്ദ്ര സർക്കാർ 4500 കോടി രൂപ കൂടെ അനുവദിച്ചതോടെയാണ് രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ചു നൽകാനുള്ള സർക്കാർ തീരുമാനം.
തിരുവനന്തപുരം: ഓണത്തിന് മുൻപായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ചു നൽകാൻ സർക്കാർ തീരുമാനം. പെൻഷൻ നൽകുന്നത് സംബന്ധിച്ചുള്ള ധനവകുപ്പിന്റെ ഉത്തരവ് ഉടൻ ഇറങ്ങും. സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക്, നടപ്പുമാസത്തെ പെൻഷനൊപ്പം അഞ്ച് മാസത്തെ കുടിശ്ശികയിലെ ഒരു ഗഡുവും കൂടി ചേർത്താണ് പണം ലഭിക്കുന്നത്. അറുപത് ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്ക് ഓണത്തിന് മുൻപായി 3,200 രൂപ വീതം വീട്ടിലെത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി 1,800 കോടി രൂപയാണ് സർക്കാർ വകയിരുത്തുന്നത്.
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി ചില കാര്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിൽ പ്രധാനം ക്ഷേമ പെൻഷൻ വിതരണം ആയിരുന്നു. ഓണക്കാല ചെലവുകൾക്കായി ഏകദേശം 5,000 കോടിയെങ്കിലും വേണമെന്നാണ് കണക്ക്. എന്നാൽ, 4,500 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ച് നൽകിയത്. അതെ തുടർന്നാണ് രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതിൽ നിന്നും 1800 കോടി രൂപയാണ് പെൻഷന് വകയിരുത്തുന്നത്. അഞ്ച് മാസത്തെ പെൻഷൻ കുടിശികലയിൽ രണ്ട് മാസത്തേത് ഈ സാമ്പത്തിക വർഷവും ബാക്കിയുള്ള മൂന്ന് മാസത്തേത് അടുത്ത സാമ്പത്തിക വർഷവും നൽകാനാണ് സർക്കാർ തീരുമാനം.
ALSO READ: ആവലാതി വേണ്ട, ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍ കിട്ടി തുടങ്ങും, ഇത്തവണ എത്ര?
കണക്ക് പ്രകാരം കേരളത്തിന് അനുവദനീയമായ സാമ്പത്തിക സഹായത്തിൽ നിന്നും 13,000 കോടി രൂപയോളം കുറവ് വന്നിട്ടുണ്ട്. ഈ വർഷം കേരളത്തിനായി കേന്ദ്രം അനുവദിച്ചത് 20,512 കോടി രൂപയായിരുന്നു. കണക്കു പ്രകാരം കുറവ് വന്ന തുക നൽകണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സർക്കാരിനെ സമീപിച്ചതിനെ തുടർന്നാണ് മൂന്നിലൊന്ന് തുക കൂടെ കേന്ദ്രം അനുവദിച്ചത്.