HDFC Bank: സമാധാനം സന്തോഷം; വായ്പകളുടെ പലിശ നിരക്ക് കുറച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്
HDFC Interest Rate Cut: മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) വായ്പ പലിശ നിരക്കുകളില്‍ 0.15 ശതമാനം കുറവാണ് ബാങ്ക് വരുത്തിയിരിക്കുന്നത്. വ്യത്യസ്ത കാലാവധിയുള്ള വായ്പകള്‍ക്ക് ഈ മാറ്റം ബാധകമാണ്.
ഉപഭോക്താക്കള്‍ക്ക് ദീപാവലി സമ്മാനമൊരുക്കി ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. ബാങ്കിന്റെ വിവിധ വായ്പകളുടെ പലിശ നിരക്ക് കുറച്ചു. വാഹന, ഭവന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ ഇതോടെ വലിയ വ്യത്യാസമാണ് സംഭവിക്കുന്നത്. ഇത് നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയവര്‍ക്കും ഇഎംഐയില്‍ വലിയ ആശ്വസമാണ് നല്‍കുക.
മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) വായ്പ പലിശ നിരക്കുകളില്‍ 0.15 ശതമാനം കുറവാണ് ബാങ്ക് വരുത്തിയിരിക്കുന്നത്. വ്യത്യസ്ത കാലാവധിയുള്ള വായ്പകള്‍ക്ക് ഈ മാറ്റം ബാധകമാണ്. ഒരു ബാങ്കിന് വായ്പ നല്‍കാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എംസിഎല്‍ആര്‍ എന്നത്.
ഒക്ടോബര്‍ ഏഴ് മുതല്‍ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നു. പുതുക്കിയ മാറ്റങ്ങളില്‍ 1 വര്‍ഷം എംസിഎല്‍ആര്‍ വായ്പ നിരക്ക് 8.65 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായി കുറയും. മൂന്ന് മാസത്തെയും, 1 മാസത്തെയും എംസിഎല്‍ആര്‍ പലിശ 8.45 ശതമാനവും, 8.40 ശതമാനവും ആകുന്നു.




ആറ് മാസത്തേക്കുള്ള എംസിഎല്‍ആര്‍ 8.55 ശതമാനം ആകുന്നുണ്ട്. രണ്ട് വര്‍ഷത്തെയും, മൂന്ന് വര്‍ഷത്തെയും എംസിഎല്‍ആര്‍ യഥാക്രമം 8.60%, 8.65 % എന്നിങ്ങനെയും ആയി. ഫ്‌ളോട്ടിങ് നിരക്കുകള്‍ പിന്തുടരുന്ന വായ്പകള്‍ക്കും പലിശ മാറ്റം ഗുണം ചെയ്യുന്നു. ഭവനവായ്പ ഒരു വര്‍ഷത്തെ എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ റീസെറ്റില്‍ ബാങ്ക് പലിശ 0.10 ശതമാനം കുറയും. ഇത് ഇഎംഐയിലും പ്രതിഫലിക്കുന്നതാണ്.