Trademark Registration: ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുണ്ടോ? നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്
How To Register Trademark: ഒരു പ്രത്യേക കമ്പനിയേയോ ഉത്പന്നത്തേയോ വിപണിയിലെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിക്കുന്നതിന് നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതാണ് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍. ഒരു ബ്രാന്‍ഡിനെ അംഗീകാരമുള്ളതാക്കി മാറ്റുകയാണ് ഇതുവഴി ചെയ്യുന്നത്.
സ്വന്തമായി എന്തെങ്കിലും ബിസിനസ് ആരംഭിക്കുകയാണെങ്കില്‍ ട്രേഡ് മാര്‍ക്ക് എന്ന കടമ്പ കടക്കേണ്ടത് വളരെ അനിവാര്യമാണ്. ഒരു പ്രത്യേക കമ്പനിയേയോ ഉത്പന്നത്തേയോ വിപണിയിലെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിക്കുന്നതിന് നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതാണ് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍. ഒരു ബ്രാന്‍ഡിനെ അംഗീകാരമുള്ളതാക്കി മാറ്റുകയാണ് ഇതുവഴി ചെയ്യുന്നത്.
സോഷ്യല്‍ മീഡിയ വന്നതോടുകൂടി ഇന്ന് പലരും ബിസിനസ് എന്നതിലേക്ക് കടന്നിരിക്കുന്നു. ആ ഒരു സാഹചര്യത്തില്‍ എങ്ങനെയാണ് ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പരിശോധിക്കാം.




എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
നമ്മുടെ രാജ്യത്ത് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ ഓഫീസുകളുള്ളത്. അപേക്ഷിക്കുന്ന വ്യക്തിയുടെ ബിസിനസ് നടത്തുന്ന സ്ഥലം അല്ലെങ്കില്‍ അപേക്ഷന്റെ വിലാസം എന്നിവ അടിസ്ഥാനമാക്കിയാണ് ഓഫീസുകളുടെ അധികാരപരിധി.
- ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്നതാണ് ആദ്യ പടി. ട്രേഡ് മാര്‍ക്ക് പേര്, പ്രതിനിധീകരിക്കുന്ന ഉത്പന്നങ്ങള്‍, ട്രേഡ് വര്‍ഗീകരണം തുടങ്ങിയ വിശദാംശങ്ങള്‍ അതിലുണ്ടായിരിക്കണം. ട്രേഡ് മാര്‍ക്കുകളെ പ്രധാനമായും 45 വിഭാഗങ്ങളാക്കിയാണ് തിരിച്ചിരിക്കുന്നത്. ഇവയില്‍ 34 എണ്ണം ഉത്പന്നങ്ങള്‍ക്ക് വേണ്ടിയും 11 എണ്ണം സേവനങ്ങള്‍ക്കും വേണ്ടിയുമുള്ളതാണ്.
- ശേഷം നിങ്ങളുടെ അപേക്ഷ ട്രേഡ് മാര്‍ക്ക് ഓഫീസ് പരിശോധിക്കുകയും നിലവിലുള്ള ട്രേഡ് മാര്‍ക്കുകളുമായി താരതമ്യം ചെയ്യുകയും ചെയ്യും.
- പരിശോധനയില്‍ നിങ്ങളുടെ അപേക്ഷ വിജയിക്കുകയാണെങ്കില്‍, അത് ട്രേഡ് മാര്‍ക്ക് ജേണലില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ആര്‍ക്കെങ്കിലും ട്രേഡ് മാര്‍ക്കില്‍ എതിര്‍പ്പറിയിക്കാനുണ്ടെങ്കില്‍ അതിന് നാല് മാസം സമയമുണ്ടാകും.
- എതിര്‍പ്പുകളൊന്നും തന്നെ ഇല്ലെങ്കില്‍ അല്ലെങ്കില്‍ എതിര്‍പ്പ് പരിഹരിച്ചതിന് ശേഷം ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
- ട്രേഡ് മാര്‍ക്ക് അംഗീകരിച്ചതിന് ശേഷം അപേക്ഷകന് രജിസ്റ്റര്‍ ചെയ്ത് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാന്‍ കഴിയും.
- അപേക്ഷ തീയതി മുതല്‍ 10 വര്‍ഷത്തേക്കാണ് ട്രേഡ് മാര്‍ക്കിന്റെ രജിസ്‌ട്രേഷന്‍ കാലാവധി. പത്ത് വര്‍ഷം കഴിയുമ്പോള്‍ വീണ്ടും പുതുക്കണം.