ICICI Bank Minimum Balance : മിനിമം ബാലൻസ് 50,000 രൂപയാക്കി; അവസാനം പണി പാളിയപ്പോൾ തീരുമാനം പിൻവലിച്ച് ഐസിഐസിഐ ബാങ്ക്
ICICI Bank New Monthly Average Balance (MAB) : നേരത്തെ ഐസിഐസിഐ ബാങ്ക് 10,000 രൂപയിൽ നിന്നും 50,000 രൂപയിലേക്കാണ് മിനിമം ബാലൻസ് ഉയർത്തിയത്. ഇത് ബാങ്കിന് പുതിയ കസ്റ്റമേഴ്സ് ലഭിക്കുന്നതിന് ബാധിച്ചുയെന്നാണ് റിപ്പോർട്ട്
സേവിങ്സ് അക്കൗണ്ടുകൾക്കുള്ള മിനിമം ബാലൻസ് പരിധി 50,000 രൂപയായി ഉയർത്തിയ തീരുമാനം പിൻവലിച്ച് ഐസിഐസിഐ ബാങ്ക്. നഗരമേഖലയിലുള്ള പുതിയ കസ്റ്റമേഴ്സിന് 50,000 രൂപ മിനിമം ബാലൻസ് നിലനിർത്തണമെന്നായിരുന്നു ഐസിഐസിഐ ബാങ്ക് അറിയിച്ചിരുന്നത്. എന്നാൽ ബാങ്കിൻ്റെ തീരുമാനം വലിയതോതിൽ ഉപയോക്താക്കളെ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്കെത്തിച്ചതോടെ മിനിമം ബാലൻസ് പരിധി വെട്ടിക്കുറിച്ചിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്. നരഗപരിധിയിലുള്ള ഉപയോക്താക്കളുടെ മിനിമം ബാലൻസ് പരിധി 50,000ത്തിൽ നിന്നും 15,000 രൂപയാക്കി വെട്ടിക്കുറിച്ചിരിക്കുകയാണ് ബാങ്ക്.
ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് ഐസിഐസിഐ ബാങ്ക് തങ്ങളുടെ വിവിധ പ്രദേശങ്ങളിലുള്ള ഉപയോക്താക്കളുടെ മിനിമം ബാലൻസ് പരിധി ഉയർത്തിയത്. നഗരമേഖലയിലുള്ളവരുടെ മിനിമം ബാലൻസ് 10,000 രൂപയിൽ നിന്നും 50,000 ആക്കി ഉയർത്തി. എന്നാൽ തീരുമാനം തിരിച്ചടിയായതോടെ ബാങ്ക് നഗരമേഖലയിലുള്ളവരുടെ മിനിമം ബാലൻസ് 15,000 രൂപയാക്കി വെട്ടിക്കുറച്ചത്.
സെമി-അർബൻ വിഭാഗത്തിലുള്ള ഉപയോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന മിനിമം ബാലൻസ് 25,000 രൂപയിൽ നിന്നും 7,500 രൂപയാക്കി കുറച്ചു. ഗ്രാമീണ മേഖലയിലുള്ള ഉപയോക്താക്കളുടെ മിനിമം ബാലൻസ് പരിധി 10,000ത്തിൽ നിന്നും 5,000 രൂപയാക്കി കുറിച്ചു. നേരത്തെ സെമി-അർബൻ, ഗ്രാമീണ മേഖലയിലുള്ള ഉപയോക്താക്കളുടെ മിനിമം ബാലൻസ് പരിധി 5,000 രൂപയായിരുന്നു.
ALSO READ : Business Loan: ബിസിനസ് ലോൺ എടുക്കുന്നുണ്ടോ? ഈ രേഖകൾ മറക്കരുത്!
മിനിമം ബാലൻസ് നിലനിർത്താത്ത അക്കൗണ്ടുകൾക്ക് ആറ് ശതമാനമോ അല്ലെങ്കിൽ 500 രൂപയോ പിഴ ഏർപ്പെടുത്തുന്നതാണ്. ഇതിൽ ഏതാണ് കുറവ് അത് പിഴയായി ബാങ്ക് പിടിക്കുന്നതാണ്. ഇത് കൂടാതെ സേവിങ്സ് അക്കൗണ്ടുകളിൽ മാസത്തിൽ മൂന്ന് തവണ സൗജന്യമായി പണം നിക്ഷേപിക്കാൻ സാധിക്കുന്നതാണ്. അതിന് ശേഷം ഓരോ ഇടപാടിനും 150 രൂപ ഫീസ് ഏർപ്പെടുത്തും.
എസ്ബിഐ, കാനറ ബാങ്ക് തുടങ്ങിയ പൊതുമേഖല ബാങ്കുകൾ തങ്ങളുടെ മിനിമം ബാലൻസ് നിയമം ഉപേക്ഷിക്കുമ്പോഴാണ്, സ്വകാര്യ ബാങ്കായ ഐസിഐസിഐ തങ്ങളുടെ മിനിമം ബാലൻസ് പരിധി ഇരട്ടയായി ഉയർത്തിയത്. ഭൂരിഭാഗം ബാങ്കുകളും 2,000 രൂപ മുതൽ 10,000 രൂപയാണ് മിനിമം ബാലൻസ് നിശ്ചയിച്ചിരിക്കുന്നത്. അതിനിടെയാണ് ഐസിഐസിഐ ബാങ്ക് അതിൻ്റെ അഞ്ചിരട്ടി ഉയർത്തിയത്.