Post Office Savings Scheme: എല്ലാ പോസ്റ്റോഫീസ് സേവിംഗ്സ്കളും നികുതി രഹിതമല്ല; ടിഡിഎസ് പണിയാകരുത്
Post Office TDS Cut: ഈ സ്കീമുകളിലെ നിക്ഷേപങ്ങൾക്ക് 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം കിഴിവും ലഭിക്കില്ല. പേയ്‌മെൻ്റിൻ്റെ മൂല്യം ഒരു നിശ്ചിത പരിധി കവിയുന്ന ഇടപാടുകളിൽ മാത്രമേ ടിഡിഎസ് കുറയ്ക്കൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Post Office Savings Scheme 2025
നിക്ഷേപകർക്ക് ദീർഘകാല, ഹ്രസ്വകാല നിക്ഷേപ ഓപ്ഷനുകൾ പോസ്റ്റോഫീസ് വാഗ്ദാനം ചെയ്യുന്നു. പലരും ലക്ഷക്കണക്കിന് രൂപ പോസ്റ്റോഫീസുകളിൽ നിക്ഷേപിക്കാറുണ്ട്. ഇതിലൊരു കാര്യം കൂടിയുണ്ട്. പോസ്റ്റോഫീസിൻ്റെ എല്ലാ സേവിംഗ്സ് സ്കീമുകളും നികുതി രഹിതമല്ല. ചില പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിന്ന് ലഭിക്കുന്ന പലിശക്ക് നികുതി നൽകേണ്ടതാണ്, ഈ സ്കീമുകളിലെ നിക്ഷേപങ്ങൾക്ക് 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം കിഴിവും ലഭിക്കില്ല. പേയ്‌മെൻ്റിൻ്റെ മൂല്യം ഒരു നിശ്ചിത പരിധി കവിയുന്ന ഇടപാടുകളിൽ മാത്രമേ ടിഡിഎസ് കുറയ്ക്കൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. മൂല്യം പരിധി കവിയുന്നില്ലെങ്കിൽ, ടിഡിഎസ് കുറയ്ക്കില്ല. ഏതൊക്കെ പോസ്റ്റ് ഓഫീസ് സ്കീമുകളാണ് നികുതി ഇളവുകൾ ഇല്ലാത്തതെന്ന് നോക്കാം.
എന്താണ് ടിഡിഎസ്?
വരുമാന സ്രോതസ്സിൽ നിന്ന് സർക്കാർ നേരിട്ട് നികുതി പിരിക്കുന്ന ഒരു രീതിയാണ് ടിഡിഎസ്. ശമ്പളം, പലിശ, വാടക അല്ലെങ്കിൽ കൺസൾട്ടൻസി ഫീസ് എന്നിവയിൽ നിന്ന് ഒരു നിശ്ചിത തുക നികുതി കുറയ്ക്കും. ഈ നികുതി സർക്കാരിലേക്ക് എത്തും. സർക്കാരിനായുള്ള നികുതി പിരിവ് പ്രക്രിയ ടിഡിഎസ് ലളിതമാക്കുകയും നികുതി വെട്ടിപ്പ് തടയാൻ സഹായിക്കുകയും ചെയ്യുന്നു.
എപ്പോഴാണ് TDS കുറയ്ക്കുന്നത്?
സാധാരണ പൗരന്മാർക്ക്, ഒരു സാമ്പത്തിക വർഷം പലിശ വരുമാനം 50,000 രൂപയിൽ കൂടുതലാണെങ്കിൽ അതിൽ 10 ശതമാനം ടിഡിഎസ് കുറയ്ക്കും, അതേസമയം മുതിർന്ന പൗരന്മാർക്ക് പരിധി ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ആണ് ടിഡിഎസ് കുറക്കുന്നത്. പോസ്റ്റ് ഓഫീസിലെ ഈ സേവിംഗ്സ് സ്കീമുകളിലും നികുതിയുണ്ട്.
നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം
നിങ്ങളുടെ ആർഡി നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ 50,000 കവിയുന്നുവെങ്കിൽ, ഇതിൽ നികുതി കുറയ്ക്കും. തുക നിശ്ചിത പരിധിക്ക് താഴെയാണെങ്കിൽ, പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കുന്ന ആർഡി തുകയ്ക്ക് നികുതി കുറയ്ക്കില്ല.
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്
ഈ പദ്ധതി പ്രകാരം നിക്ഷേപകർക്ക് രണ്ട് വർഷത്തിനുള്ളിൽ 2 ലക്ഷം വരെ നിക്ഷേപിക്കാം. നിക്ഷേപ തുകയ്ക്ക് 7.5% പലിശ ലഭിക്കും, എന്നാൽ ഈ പദ്ധതി നികുതി രഹിതമല്ല.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്‌എസ്)
ഒരു സാമ്പത്തിക വർഷത്തിൽ 1 ലക്ഷത്തിൽ കൂടുതൽ ലഭിക്കുന്ന പലിശയ്ക്ക് TDS കുറയ്ക്കും. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS) പ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭ്യമാണ്.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി)
സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, എൻഎസ്‌സികളിൽ നിന്ന് ലഭിക്കുന്ന പലിശ ടിഡിഎസിന് വിധേയമല്ല. ഒരു സാമ്പത്തിക വർഷത്തിൽ എൻഎസ്‌സികളിൽ 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
ജനപ്രിയ സ്കീമാണിത്. ഇതിൻ്റെ കാലാവധി അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാകും. ഈ സ്കീമിന് കീഴിൽ നികുതി ആനുകൂല്യങ്ങൾ ലഭ്യമല്ല.