Kerala coffee: അന്താരാഷ്ട്ര മാർക്കറ്റിലെ മുൻപൻ, ഇപ്പോൾ മൻ കി ബാത്തിലും താരം… കേരളത്തിലെ കാപ്പി ചില്ലറക്കാരനല്ല
Kerala Coffee Gains National Spotlight: കാപ്പിയെ അടിസ്ഥാനമാക്കി പുതിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രാദേശിക സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഈ പ്രശംസ വലിയ പ്രചോദനമാകും എന്നാണ് പ്രതീക്ഷ.

Coffee
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ ഇത്തവണ കേരളത്തിൽ നിന്നുള്ള കാപ്പിയും ഇടംപിടിച്ചിട്ടുണ്ട്. കേരള കാപ്പിയുടെ തനതായ ഗുണമേന്മ, സുഗന്ധം, കർഷകരുടെ പരിശ്രമം എന്നിവയെ പ്രധാനമന്ത്രി പ്രശംസിച്ചതോടെ, രാജ്യത്തെ കാപ്പി വിപണിയിൽ വലിയ ഉണർവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. പരിപാടിയിൽ കേരളത്തിലെ മലയോര മേഖലകളിൽ നിന്നുള്ള കാപ്പി കർഷകരെക്കുറിച്ചും അവരുടെ നൂതന കൃഷി രീതികളെക്കുറിച്ചും എടുത്തുപറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ നിലവിൽ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന കാപ്പിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിനൊപ്പമാണ് ഇപ്പോൾ മൻകി ബാത്തിലൂടെ ലഭിച്ച പ്രശസ്തിയും.
ഗുണമേന്മയും വിപണി സാധ്യതയും
പ്രധാനമന്ത്രിയുടെ പരാമർശം, കേരളത്തിൽ നിന്നുള്ള കാപ്പിക്ക് ദേശീയതലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കാൻ സഹായിക്കും. വയനാട്, ഇടുക്കി പോലുള്ള പ്രദേശങ്ങളിലെ കാപ്പിക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെയുള്ള ഗുണനിലവാരമുണ്ട്. പ്രത്യേകിച്ചും, കേരളത്തിലെ തണുപ്പും ഈർപ്പവുമുള്ള കാലാവസ്ഥയിൽ വളരുന്ന അറബിക്ക, റോബസ്റ്റ ഇനങ്ങൾ ലോകമെമ്പാടും ആവശ്യക്കാരുള്ളതാണ്. ‘മൻ കി ബാത്തി’ലൂടെ ലഭിച്ച ഈ പ്രോത്സാഹനം, ചെറുകിട കാപ്പി കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇ-കൊമേഴ്‌സ് വഴിയും വിൽക്കാൻ ഒരു വലിയ അവസരം നൽകും.
ALSO READ: വ്യാജ സർട്ടിഫിക്കറ്റുള്ള ബസ് ഡ്രൈവർ, മദ്യപിച്ച് ബൈക്ക് യാത്രക്കാരൻ; കർണൂൽ അപകടത്തിൻ്റെ കാരണം
കാപ്പിയെ അടിസ്ഥാനമാക്കി പുതിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പ്രാദേശിക സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും ഈ പ്രശംസ വലിയ പ്രചോദനമാകും എന്നാണ് പ്രതീക്ഷ. കാപ്പിയുടെ ഗുണമേന്മയെക്കുറിച്ചുള്ള ഈ ദേശീയ അംഗീകാരം കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി സാധ്യത വർധിപ്പിക്കാനും കൂടുതൽ കർഷകരെ ഈ രംഗത്തേക്ക് ആകർഷിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മൺസൂണിംഗ്
കേരളത്തിലെയും കർണാടകയിലെയും മലബാർ തീരദേശ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രത്യേക തരം പ്രോസസ്സിംഗ് രീതിയാണ് മൺസൂണിംഗ്. ഇത് കാപ്പിക്ക് സവിശേഷമായ ഒരു രുചിയും മണവും നൽകുന്നു. ബ്രിട്ടീഷ് ഭരണകാലത്ത്, കാപ്പി കയറ്റുമതി ചെയ്തിരുന്നത് കപ്പലുകളിലായിരുന്നു. യൂറോപ്പിലേക്കുള്ള ആറുമാസം നീണ്ട കപ്പൽ യാത്രയ്ക്കിടയിൽ, കാപ്പിക്കുരുക്കൾ കപ്പലിൻ്റെ ഈർപ്പമുള്ള അന്തരീക്ഷത്തിൽ വെച്ച് മൺസൂൺ മഴയുടെ ഈർപ്പം വലിച്ചെടുക്കുകയും നിറത്തിലും സ്വഭാവത്തിലും മാറ്റം വരികയും ചെയ്തിരുന്നു.
ഈ പ്രക്രിയ കാരണം കാപ്പിക്കുരുവിന് മഞ്ഞ കലർന്ന ഇളം തവിട്ടുനിറം ലഭിച്ചു. കൂടാതെ, രുചിയിലും മാറ്റം വന്നു. ഈ രുചി ‘മൺസൂൺ രുചി’ എന്നറിയപ്പെട്ടു. ഈ സ്വാദ് വീണ്ടും കൊണ്ടുവരുന്ന പ്രക്രിയകളാണ് കേരളത്തിനു സ്വന്തമായ കാപ്പിരുചി നൽകുന്നത്. മൺസൂൺഡ് മലബാർ അറബിക്ക, ‘മൺസൂൺഡ് മലബാർ റോബസ്റ്റ’ എന്നീ കാപ്പി ഇനങ്ങൾക്ക് ഇന്ത്യയിൽ ഭൗമ സൂചിക പദവി ലഭിച്ചിട്ടുണ്ട്.