Kerala Fish Price Drop: മീൻ വിലയിൽ ആശ്വാസം; മത്തിക്കും അയിലയ്ക്കും വില പകുതി
Kerala Fish Price Drops Significantly: മത്സ്യ ലഭ്യതയിൽ ഉണ്ടായ വർധനയാണ് വില ഗണ്യമായി കുറയാൻ കാരണമായത്. മീൻ വിലയിൽ ഉണ്ടായ ഇടിവ് സാധാരണക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ്.

പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയർന്ന മീൻ വില കുറഞ്ഞു തുടങ്ങി. കിലോയ്ക്ക് 400 രൂപ ഉണ്ടായിരുന്ന മിക്ക ഇപ്പോൾ വിപണികളിൽ 200 രൂപയാണ് വില. മത്സ്യ ലഭ്യതയിൽ ഉണ്ടായ വർധനയാണ് വില ഗണ്യമായി കുറയാൻ കാരണമായത്. മീൻ വിലയിൽ ഉണ്ടായ ഇടിവ് സാധാരണക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ്.
മത്തിക്ക് മാത്രമല്ല മറ്റ് മീനുകളുടെ വിലയിലും ഗണ്യമായ കുറവുണ്ട്. കിലോക്ക് 300 രൂപ ഉണ്ടായിരുന്ന അയിലയുടെ വില ഇപ്പോൾ പകുതിയിലും കുറഞ്ഞു. ഇടത്തരം അയലയ്ക്ക് നിലവിൽ 100 രൂപയാണ് വില. എന്നാൽ, വലിപ്പം കൂടിയ അയിലയ്ക്ക് അല്പം വില കൂടുതൽ നൽകേണ്ടി വരും.
ഹോട്ടലുകളിൽ വിളമ്പുന്ന ഊൺ വിഭവങ്ങളിലെ പ്രധാന ആകർഷകങ്ങളായ പല മീനുകളുടെയും വില കുറഞ്ഞിട്ടുണ്ട്. കിലോയ്ക്ക് 600 രൂപ കൊടുത്താൽ മാത്രം കിട്ടിയിരുന്ന ആവോലിക്ക് ഇപ്പോൾ 400 രൂപ കൊടുത്താൽ മതി. ഒരു കിലോ അയക്കൂറയ്ക്ക് നിലവിൽ 700 രൂപയാണ് വിപണി വില. ഒരുമാസം മുൻപ് അയ്ക്കൂറയുടെ വില 1200 രൂപ വരെ എത്തിയിരുന്നു.
അതേസമയം, ചെമ്മീൻ (നാരൻ) വിലയും കുറഞ്ഞിട്ടുണ്ട്. നേരത്തെ കിലോയ്ക്ക് 250 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോൾ 150 രൂപയായി കുറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ, കിലോയ്ക്ക് 600 രൂപവരെ എത്തിയിരുന്നു സ്രാവിന്റെ വിലയും കുറഞ്ഞു. ഇപ്പോൾ സ്രാവിന് 450 രൂപയാണ് വില. കൂന്തൽ, കറ്റ്ല, നങ്ക്, വേളൂരി എന്നീ മീനുകളുടെ വിലയിൽ മാറ്റം വന്നിട്ടില്ല. കുന്തലിന് കിലോയ്ക്ക് 300 രൂപയാണ് വില. കറ്റ്ല വലുതിന് 150 രൂപയും, ചെരു 100 രൂപയുമാണ്. നങ്കിന് 300 രൂപയും, വേലൂരിക്ക് 100 രൂപയുമാണ് വിപണി വില.
ALSO READ: കേര വെളിച്ചെണ്ണ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ചു…
അതേസമയം, രണ്ട് മാസത്തോളം നീണ്ടു നിന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മീൻപിടിക്കാൻ പോകാൻ അനുമതിയുള്ളത്. ട്രോളിംഗ് നിരോധനത്തിന് പിന്നാലെയാണ് ചെറുവള്ളങ്ങളിൽ പിടിച്ചുകൊണ്ടു വരുന്ന മത്തിക്ക് ഉൾപ്പടെ വില കുതിച്ചുയരുന്നത്. മഴ കുറഞ്ഞ് മത്സ്യത്തൊഴിലാളികൾ കടലിൽ പോയി തുടങ്ങിയതോടെയാണ് ഇപ്പോൾ വീണ്ടും മീൻ വില കുറഞ്ഞത്.