Kerala Gold Price: ‘പൊന്നു’ചങ്ങാതി ചതിച്ചു; കുറഞ്ഞതൊക്കെ ഒറ്റയടിക്ക് വീണ്ടും കൂടി; ഇന്നത്തെ സ്വര്‍ണവില ഞെട്ടിക്കും
Kerala Gold Price Today 21-10-2025: സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. ഇന്ന് ഒരു പവന് 97,360 രൂപയാണ് വില. ഗ്രാമിന് 12,170 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് വീണ്ടും 97000 രൂപ കടന്നു. ഒക്ടോബര്‍ 17ലെ അതേ നിരക്കാണ് ഇന്ന്

സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡിലെത്തി. ഇന്ന് ഒരു പവന് 97,360 രൂപയാണ് വില. ഗ്രാമിന് 12,170 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ 17നും ഇതേ നിരക്കായിരുന്നു. എന്നാല്‍ അതിനുശേഷം സ്വര്‍ണ വില ക്രമേണ കുറഞ്ഞു തുടങ്ങി. 18, 19 തീയതികളില്‍ 95960 രൂപയായിരുന്നു പവന്റെ വില. 19ന് 95,840 രൂപയായി കുറഞ്ഞു. എന്നാല്‍ ഈ കുറവെല്ലാം താല്‍ക്കാലികം മാത്രമായിരുന്നുവെന്ന് ഇന്നത്തെ നിരക്ക് വ്യക്തമാക്കുന്നു. മൂന്ന് ദിവസം കൊണ്ട് കുറഞ്ഞതെല്ലാം ഇന്ന് ഒറ്റയടിക്ക് കൂടിയത് ആഭരണപ്രേമികള്‍ക്ക് ആഘാതമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സ്വര്‍ണവില കുറഞ്ഞത് ആഭരണപ്രേമികള്‍ക്ക് നേരിയ തോതിലെങ്കിലും ആശ്വാസമായിരുന്നു. സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നപ്പോള്‍ തകൃതിയായി നടന്ന ‘ലാഭമെടുപ്പ്’ ആയിരുന്നു നിരക്ക് താല്‍ക്കാലികമായെങ്കിലും കുറയാന്‍ സഹായിച്ച ഒരു ഘടകം. ലാഭം ലക്ഷ്യമാക്കി നിക്ഷേപകര്‍ വലിയ തോതില്‍ സ്വര്‍ണ്ണം വിറ്റഴിച്ചിരുന്നു.
ആഗോള തലത്തിലെ രാഷ്രീയ പിരിമുറുക്കങ്ങളില്‍ അയവ് വന്നതും ആശ്വാസമായി. റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും റഷ്യയും തമ്മില്‍ ചര്‍ച്ചകള്‍ നടത്താനുള്ള നീക്കം സജീവമാണ്. ഒപ്പം ഗാസയിലെ ആക്രമണവും കുറഞ്ഞിട്ടുണ്ട്.
വീണ്ടും തകിടം മറിഞ്ഞു
എന്നാല്‍ ഗാസ വീണ്ടും സംഘര്‍ഷ മുനമ്പായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക പടര്‍ത്തുന്നതാണ്. ഒപ്പം റഷ്യ-യുക്രൈന്‍ സംഘര്‍ഷം അയവില്ലാതെ തുടര്‍ന്നാല്‍ അതും സ്വര്‍ണവിലയുടെ കുതിപ്പിന് കാരണമാകും. യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പരിശനിരക്ക് കുറച്ചേക്കുമെന്ന സൂചനകളും തിരിച്ചടിയാണ്. താല്‍ക്കാലികമായി കുറഞ്ഞ സ്വര്‍ണവില വീണ്ടും കുതിച്ചുയരാന്‍ ഇത്തരം ഘടകങ്ങള്‍ സഹായിച്ചു.
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരായ തീരുവ തുടരുമെന്നാണ് ട്രംപിന്റെ ഭീഷണി. തീരുവയില്‍ ഉറച്ച നിലപാടുമായി ട്രംപ് വീണ്ടും തലപൊക്കുന്നത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
Also Read: സ്വര്‍ണം എങ്ങനെ ഇത്ര സെറ്റപ്പായി? വിശ്വാസത്തിന്റെ കാര്യത്തില്‍ ആള് പുലിയാണ്
നിക്ഷേപകര്‍ സുരക്ഷിതമായ നിക്ഷേപമായി കാണുന്നതിനാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് തുടര്‍ച്ചയായി വര്‍ധിക്കുന്നതാണ് മറ്റൊരു വെല്ലുവിളി. കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് ഇതൊരു പ്രധാന കാരണമാണ്. ഡോളറിന്റെയും, രൂപയുടെയും മൂല്യത്തകര്‍ച്ചയടക്കമുള്ള വിഷയങ്ങളും പ്രതിസന്ധിയാണ്. ആഭ്യന്തര ആവശ്യകത, വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവുണ്ടാക്കുമെന്നാണ് ആശങ്ക.