Gold: സ്വര്‍ണം എങ്ങനെ ഇത്ര സെറ്റപ്പായി? വിശ്വാസത്തിന്റെ കാര്യത്തില്‍ ആള് പുലിയാണ്
Why Gold is Trusted: 1939ല്‍ യുഎസ് 20,000 മെട്രിക് ടണ്ണിലധികം സ്വര്‍ണം ശേഖരിച്ചിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സ്വര്‍ണത്തില്‍ ഭൂരിഭാഗവും ഫോര്‍ട്ട് നോക്‌സില്‍ സുരക്ഷിതമാക്കുകയും ചെയ്തു.
വെറും ആഭരണമോ നാണയമോ ബാറുകളോ നിര്‍മ്മിക്കാന്‍ വേണ്ടിയുള്ളത് മാത്രമല്ല സ്വര്‍ണം, നൂറ്റാണ്ടുകളായി ആഗോള സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണ്‍ സ്വര്‍ണം പ്രവര്‍ത്തിക്കുന്നു. കേന്ദ്ര ബാങ്കുകള്‍ ഇന്നും വലിയ അളവില്‍ സ്വര്‍ണം ശേഖരിക്കുന്നു. 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും യുഎസ് പോലുള്ള രാജ്യങ്ങളിലെ കറന്‍സികളുമായി സ്വര്‍ണത്തെ ബന്ധിപ്പിച്ചിരുന്നു.
1939ല്‍ യുഎസ് 20,000 മെട്രിക് ടണ്ണിലധികം സ്വര്‍ണം ശേഖരിച്ചിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സ്വര്‍ണത്തില്‍ ഭൂരിഭാഗവും ഫോര്‍ട്ട് നോക്‌സില്‍ സുരക്ഷിതമാക്കുകയും ചെയ്തു. പുരാതന സാമ്രാജ്യങ്ങള്‍ മുതല്‍ കേന്ദ്ര ബാങ്കുകള്‍ വരെ സ്വര്‍ണത്തെ വിശ്വാസമായി അടയാളപ്പെടുത്തുന്നു. എന്നാല്‍ എങ്ങനെയാണ് ഇത്രയും വലിയൊരു അടിത്തറ പാകാന്‍ സ്വര്‍ണത്തിന് സാധിച്ചത്?
സ്വര്‍ണത്തേരോട്ടം
ഈജിപ്തുകാര്‍ മുതല്‍ ഗ്രീക്കുകാര്‍ വരെയുള്ള നാഗരികതകളെ സ്വര്‍ണം ആകര്‍ഷിച്ചിരുന്നു. സാംസ്‌കാരിക, സാമ്പത്തിക, സൗന്ദര്യാത്മക മേഖലകളില്‍ സ്വര്‍ണം അവരെ അമ്പരപ്പിച്ചു. പുരാതന ഈജിപ്തില്‍ സ്വര്‍ണത്തെ ദൈവങ്ങളുടെ മാംസമായാണ് കണക്കാക്കിയിരുന്നത്. സ്വര്‍ണം കൊണ്ട് അവര്‍ നാണയങ്ങളും, ആഭരണങ്ങളും, കരകൗശല വസ്തുക്കളും നിര്‍മ്മിച്ചു. സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രധാന പ്രതീകങ്ങളിലൊന്നായി സ്വര്‍ണം മാറി.




സ്വര്‍ണ സാര്‍ക്കോഫാഗസുകളിലാണ് അന്ന് ഫറവോന്മാരെ അടക്കം ചെയ്തത്. അതിന് ചുറ്റും വലിയ സ്വര്‍ണനിധികള്‍ സൂക്ഷിച്ചു. സമ്പത്തിന്റെയും പദവിയുടെയും വാഗ്ദാനത്തിന്റെയും കാര്യത്തില്‍, സ്വര്‍ണമെന്ന ലോഹം വഹിക്കുന്ന പങ്കാണ് ഇതുവഴി അവര്‍ പ്രകടിപ്പിച്ചത്.
സ്വര്‍ണത്തിന്റെ ദിവ്യഗുണങ്ങളെ ഗ്രീക്കുകാരും വിലമതിച്ചിരുന്നു. നശിപ്പിക്കാനാകാത്തതും ദൈവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുമായ ലോഹമായാണ് അവര്‍ സ്വര്‍ണത്തെ കണക്കാക്കിയത്. സ്വര്‍ണത്തെ അവരുടെ സമൂഹത്തിന്റെ ശക്തിയും അന്തസുമായി അവര്‍ പരിഗണിച്ചു.
പുരാതന ചൈനയില്‍ സ്വര്‍ണമൊരു നിധിയായിരുന്നു. ആഭരണങ്ങള്‍, മതപരമായ വഴിപാടുകള്‍, നാണയം, രാജകുമാരന്മാര്‍ക്ക് കവചം പൂശാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പോലും അവര്‍ സ്വര്‍ണം ഉപയോഗിച്ചു. സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായാണ് അവര്‍ സ്വര്‍ണത്തെ പരിഗണിച്ചത്. രാജവംശങ്ങളിലുടനീളം സ്വര്‍ണത്തിന് സാംസ്‌കാരികവും സാമ്പത്തികവുമായ പ്രാധാന്യമുണ്ടായിരുന്നു.
സ്വര്‍ണത്തെ നൂറ്റാണ്ടുകളായി ഇന്ത്യ വിശുദ്ധിയുടെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി കാണുന്നുണ്ട്. വിവാഹങ്ങളിലും ഉത്സവങ്ങളിലും മതപരമായ ആചാരങ്ങളിലും ഇപ്പോഴും സ്വര്‍ണത്തിന് വലിയ പങ്കുണ്ട്. പലപ്പോഴും തലമുറകളിലൂടെ സ്വര്‍ണം കൈമാറ്റം ചെയ്യപ്പെടുന്നു.
Also Read: Gold Rate: ഒരു പവന്‍ സ്വര്‍ണത്തിന് 2.25 ലക്ഷം രൂപ; ഇതൊന്നും വിദൂരമല്ല കേട്ടോ
2024ല്‍ ആഗോള സ്വര്‍ണത്തിന്റെ ആവശ്യം 4,974 ടണ്ണിലെത്തി. ആഭരണ ഉപഭോഗം 11 ശതമാനത്തില്‍ കുറഞ്ഞെങ്കിലും മൂല്യം 9 ശതമാനം വര്‍ധിച്ചു. പുരോഗതിയിലും സ്വര്‍ണത്തിന് വലിയ പങ്കുണ്ട്. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളില്‍ ഉള്‍പ്പെടെ സ്വര്‍ണം ഉപയോഗിക്കുന്നു. എയറോസ്‌പേസ് സാങ്കേതികവിദ്യയിലും ജീവന്‍ രക്ഷിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളിലും സ്വര്‍ണം വ്യാപകമായി സ്ഥാനം പിടിച്ചു.
അമേരിക്ക, ജര്‍മ്മനി, അന്താരാഷ്ട്ര നാണയ നിധി തുടങ്ങിയ പ്രമുഖ സാമ്പത്തിക ശക്തികള്‍ വന്‍തോതില്‍ സ്വര്‍ണം ശേഖരിക്കുന്നു. പണപ്പെരുപ്പം ഉയരുമ്പോള്‍ സ്വര്‍ണം മികച്ച പ്രകടനം കാഴ്ച വെക്കുന്നു. അപ്പോള്‍ കറന്‍സി മൂല്യം ഇടിയുന്നതിനെതിരെ സംരക്ഷണമതില്‍ പോലെ സ്വര്‍ണം പ്രവര്‍ത്തിക്കും. കുറഞ്ഞ പലിശ നിരക്കുകളും സ്വര്‍ണത്തിലേക്കുള്ള ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.