Kerala Lottery: ലക്ഷാധിപതിയാകാൻ സഹായിക്കുന്ന ലോട്ടറി, ചരിത്രം ഇങ്ങനെ
History Of Kerala Lottery: ഇന്നത്തെ പോലെ നറുക്കെടുപ്പ് ദിവസം വരെ ടിക്കറ്റ് വിൽപ്പന ഉണ്ടായിരുന്നില്ല. നറുക്കെടുപ്പിന് 16 ദിവസം മുമ്പ് വിൽപ്പന നിർത്തി. 1971-ൽ തിരുവോണം ബംബർ പ്രഖ്യാപിച്ചപ്പോൾ 5 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക.
കൊച്ചി: ലോട്ടറി അടിച്ച് രക്ഷപ്പെടണം…ഏതൊരു മലയാളിയുടെയും ലക്ഷ്യമതാണ്. ഭാഗ്യം തേടി സ്ഥിരം ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങുന്ന മലയാളികളുടെ എണ്ണവും കൂടുതലാണ്. കേരളത്തിൽ എന്നാണ് ഭാഗ്യക്കുറി തുടക്കമിട്ടത്? തിരുവിതാംകൂർ ( Travancore Dynasty) രാജകുടുംബമാണ് കേരളത്തിൽ ആദ്യമായി ഭാഗ്യക്കുറി ഇറക്കിയത്. അന്ന് ഇന്നത്തെ സമ്മാനഘടനയല്ലായിരുന്നു. 1874-ൽ ആയില്യം തിരുനാളാണ് ഭാഗ്യക്കുറി പരീക്ഷണം നടത്തിയത്. ശുചീന്ദ്രം ക്ഷേത്രത്തിലെ 7 നിലയുള്ള ഗോപുരം പുതുക്കി പണിയുന്നതിന് വേണ്ടിയാണ് അദ്ദേഹം ഭാഗ്യക്കുറിയിറക്കിയത്.
എന്നാൽ നികുതിയേതര വരുമാനമാർഗമെന്ന നിലയിൽ ലോട്ടറിയ്ക്ക് ജന്മം കൊടുക്കുന്നത് 1967-ൽ ഇഎംഎസ് സർക്കാരാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ സോഷ്യലിസ്റ്റായ പി.കെ കുഞ്ഞെന്ന ധനമന്ത്രിയാണ് ലോട്ടറി പരീക്ഷിച്ചത്. 1967-ലെ കേരള പിറവി ദിനത്തിൽ ലോട്ടറിയിറക്കി. 1968 ജനുവരി 20-ന് നറുക്കെടുത്തു. ഒരു രൂപയായിരുന്നു ടിക്കറ്റ് വില. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനം അരലക്ഷം രൂപ. ഇന്നത്തെ പോലെ നറുക്കെടുപ്പ് ദിവസം വരെ ടിക്കറ്റ് വിൽപ്പന ഉണ്ടായിരുന്നില്ല. 2 മാസം ടിക്കറ്റ് വിൽപ്പനയ്ക്കായി മാറ്റിവച്ചു. നറുക്കെടുപ്പിന് 16 ദിവസം മുമ്പ് വിൽപ്പന നിർത്തി. വിജയകരമായതോടെ 14 ലക്ഷം രൂപയാണ് സർക്കാർ ഖജനാവിലേക്ക് എത്തിയത്. തുടർന്ന് 1968-ൽ ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച ക്രിസ്തുമസ് ബംബർ പുറത്തിറക്കി. 1971-ൽ തിരുവോണം ബംബർ ആയപ്പോഴേക്കും സമ്മാനത്തുക 5 ലക്ഷം രൂപയായി ഉയർന്നു.
പണ്ടൊക്കെ ലോട്ടറി ഏജൻസികൾ കുറവായിരുന്നു. നാട്ടിൻപുറത്ത് ഭാഗ്യകുറിയുടെ സെെക്കിൾ എത്തുന്നത് അപൂർവ്വ കാഴ്ച. എന്നാൽ വിശ്വാസ്യതയുള്ള കേരളാ ഭാഗ്യക്കുറി മലയാളി ഏറ്റെടുത്തതോടെ വിൽപ്പന കൂടി. ഭാഗ്യം തേടിയെത്തിയവരുടെ എണ്ണവും വർദ്ധിച്ചു. 14 വർഷം മുമ്പ് അന്യസംസ്ഥാന ലോട്ടറികളും നിരോധിച്ചതോടെ ലോട്ടറിയുടെ വിശ്വാസ്യതയേറി, ഇപ്പോൾ തിരുവോണം ബംബർ പോലുള്ള വലിയ ലോട്ടറിയ്ക്കായി എല്ലാവരും കാത്തിരിക്കുന്നു.
ഇത്തവണത്തെ ഓണം ബംബർ ബംബർ ഹിറ്റാണ്. 30 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്. 75 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 1-നാണ് ഓണം ബംബർ വിൽപ്പന തുടങ്ങിയത്. ഒക്ടോബർ 9-നാണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. 25 കോടിയാണ് ഒന്നാം സമ്മാനം. 1 കോടി രൂപ രണ്ടാം സമ്മാനമായി 20 പേർക്കും 50 ലക്ഷം രൂപ വീതമുള്ള മൂന്നാം സമ്മാനവും അടക്കം നിരവധി സമ്മാനങ്ങളാണുള്ളത്.
പാലക്കാടാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ. പാലക്കാടും തിരുവനന്തപുരവും കേന്ദ്രീകരിച്ചാണ് ആളുകൾ ടിക്കറ്റെടുക്കുന്നത്. മലയാളികളെക്കാൾ അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ഓണം ബംബറിനോട് താത്പര്യം. കേരളത്തിൽ നിന്ന് ലക്ഷാധിപതികളായി അസമിലേക്കും ബിഹാറിലേക്കും തിരികെ പോകുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഏറെയാണ്. കഴിഞ്ഞ വർഷം കോയമ്പത്തൂർ സ്വദേശിക്കും അതിന് മുമ്പ് തിരുവനന്തപുരം സ്വദേശിയായ യുവാവിനുമായിരുന്നു ഓണം ബംബർ അടിച്ചത്.
കേരളത്തിൽ മാത്രമാണ് ഓണം ബംബർ വില്പനയെന്നും ഓൺലെെനായി വിൽപ്പനയില്ലെന്നുമുള്ള പ്രചാരണം ലോട്ടറി വകുപ്പ് നടത്തുന്നുണ്ട്.