Lic Housing Finance: എൽഐസിയുടെ ഭവന വായ്പയുണ്ടോ ? കോളടിച്ചല്ലോ, പലിശ ഇനി ഇങ്ങനെ
Lic Housing Finance New Interest Rate : രാജ്യത്തുടനീളമുള്ള ശാഖകൾ വഴിയും ദുബായിലെ പ്രതിനിധി ഓഫീസ് വഴിയുമാണ് എൽഐസി ഹൗസിംഗ് ഫിനാൻസ് തങ്ങളുടെ വിവിധ ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നത്.

വീട് വാങ്ങാനോ വെയ്ക്കാനോ പ്ലാൻ ചെയ്യുന്നവരാണോ? എങ്കിലിതാ നിങ്ങൾക്ക് സന്തോഷിക്കാനുള്ളൊരു പ്രധാന അറിയിപ്പ്. എൽഐസി ഹൗസിംഗ് ഫിനാൻസ് പുതിയ ഭവനവായ്പ ഉപഭോക്താക്കൾക്കായി തങ്ങളുടെ പലിശ നിരക്ക് കുറച്ചിരിക്കുകയാണ്. പലിശ നിരക്കിൽ നിന്നും 0.50 ശതമാനമാണ് എൽഐസി കുറക്കുന്നത്. അതായത് 50 ബേസിസ് പോയൻ്റുകൾ കുറച്ചു. ഇനി മുതൽ പുതിയ ഭവനവായ്പ നിരക്ക് 7.50 ശതമാനം മുതലാണ് ലഭ്യമാകുന്നത്. 2025 ജൂൺ 19 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വന്നു. ഭവനവായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ വാർത്ത ആശ്വാസം നൽകും.
നിരക്കുകുറവിൻ്റെ ഫലം
2025 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് (ആർബിഐ) റിപ്പോ നിരക്ക് 100 ബേസിസ് പോയിൻ്റ് കുറച്ച സമയത്താണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എഭവന വായ്പ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുകയെന്നതാണ് എൽഐസി ഹൗസിംഗ് ഫിനാൻസിൻ്റെ ലക്ഷ്യം. അതുവഴി രാജ്യത്തെ ആളുകൾക്ക് തങ്ങൾ ഇഷ്ടപ്പെട്ട വീടുകൾ സ്വന്തമാക്കാനും സാധിക്കും.
ഇടത്തരം വരുമാനക്കാർക്ക് സഹായകരം
എൽഐസിയുടെ 36-ാം വാർഷികത്തോടനുബന്ധിച്ച് കൂടിയാണ് പുതിയ തീരുമാനം. ഉപഭോക്താക്കൾക്ക് ശക്തമായ പ്രചോദനം നൽകുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം. താങ്ങാനാവുന്ന നിരക്കുകൾ ഇടത്തരം വരുമാനക്കാർക്ക് വളരെ സഹായകരമാകുമെന്നാണ് വിശ്വാസമെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ ത്രിഭുവൻ അധികാരി പറഞ്ഞു.
കമ്പനി ശൃംഖലയും വ്യാപ്തിയും
രാജ്യത്തുടനീളമുള്ള ശാഖകൾ വഴിയും ദുബായിലെ പ്രതിനിധി ഓഫീസ് വഴിയുമാണ് എൽഐസി ഹൗസിംഗ് ഫിനാൻസ് തങ്ങളുടെ വിവിധ ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നത്. ഇതിനുപുറമെ, അനുബന്ധ സ്ഥാപനമായ എൽഐസി എച്ച്എഫ്എൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ശാഖകൾ വഴിയും സേവനങ്ങളെത്തിക്കുന്നു. 1989 ൽ എൽഐസി പ്രൊമോട്ട് ചെയ്ത ഈ കമ്പനി 1994 ൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടു, ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് കമ്പനി ഇതുവരെ ഭവന വായ്പകൾ നൽകിയിട്ടുണ്ട്.